” കോണി ചിഹ്നത്തിന് തോൽവിയില്ല,
തോൽക്കാൻ ഉദിച്ചൊരു ചിഹ്നമല്ല
നാടായ നാടെല്ലാം കോണി തന്നെ
നാട്ടാരെ നെഞ്ചിലാ ചിഹ്നം തന്നെ
ഏതെല്ലാം ചിഹ്നങ്ങൾ വന്നിട്ടെന്താ
അവയൊന്നും കോണിക്ക് പകരമല്ല “
പാട്ടിലൂടെയുള്ള ലീഗുകാരന്റെ അവകാശ വാദത്തിന് ഒട്ടും അതിശയോക്തിയുണ്ടായിരുന്നില്ല അന്ന്. കാരണം മലപ്പുറം ജില്ലയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം അത്രക്ക് അതി വൈകാരികം തന്നെയായിരുന്നു. (ഇന്ന് ഇടത് പക്ഷ രാഷ്ട്രീയം മലപ്പുറത്തിന്റെ മണ്ണിൽ ആധിപത്യം സ്ഥാപിക്കുകയും തൽഫലമായി പല മണ്ഡലങ്ങളും കടുത്ത മത്സരത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.)
ഇടത് മുന്നണിക്ക് തീർത്തും ബാലി കേറാ മലയായിരുന്ന കാലയളവിൽ ജില്ലയിൽ പ്രാദേശിക തലം തൊട്ട് പാർലമെന്റ് വരെ ലീഗ് മയമായിരുന്നു. പച്ച ചുറ്റി ഒരു കമ്പ് കുത്തിവെച്ചാൽ മലപ്പുറത്ത് ജയിക്കുമെന്നാണ് ലീഗുകാർ പറയാറുണ്ടായിരുന്നത്. നോമിനേഷൻ നൽകി വീട്ടിലിരുന്നാൽ പോലും ലീഗ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്ന കാലം പൊന്നാനിയിൽ രണ്ട് തവണയാണ് ഒഴുക്കിന്നെതിരെ നീന്തിയത് സഖാവ് പി പി സുനീർ.
അതും അഖിലേന്ത്യ പ്രസിഡന്റുമാർക്കെതിരെ.1999 ൽ ‘പൊന്നാനി വാല’യെന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന ജി എം ബനാത്ത് വാലയും 2004 ൽ ഇ അഹമ്മദുമായിരുന്നു എതിരാളികൾ. 2019 ൽ രാഹുൽ ഗാന്ധിയുടെ രംഗ പ്രവേശനത്തോടെ ദേശീയ ശ്രദ്ധ ആകർഷിച്ച വയനാട് മണ്ഡലത്തിൽ സിപിഐ രംഗത്തിറക്കിയതും ഈ ജനകീയ നേതാവിനെ തന്നെ, രാഹുലാകട്ടെ അന്ന് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റും. മത്സരമെല്ലാം അഖിലേന്ത്യ അധ്യക്ഷൻമാരോടെന്ന റെക്കോർഡും അങ്ങനെ സഖാവ് സുനീറിന് സ്വന്തം!
99 ലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിൽ എതിർ സ്ഥാനാർത്ഥിയെ കുറിച്ചു നടത്തിയ പരാമർശത്തെ ചൂണ്ടിക്കാട്ടി പികെവി നൽകിയ ഉപദേശം ശിരസാ വഹിച്ച് എതിർ സ്ഥാനാർത്ഥികൾക്കെതിരിൽ ഇനി മേൽ വ്യക്തി പരമായ ഒരാരോപണവും ഉന്നയിക്കില്ലെന്ന പ്രഖ്യാപനം, 2004 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘പാർലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകുന്നതിന്റെ മുൻപ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു വരൂ ‘എന്ന എതിർ സ്ഥാനാർത്ഥിയുടെ ഫലിതത്തോട് 2005 ൽ മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ‘താങ്കൾ പറഞ്ഞത് പോലെ ഞാൻ ജയിച്ചു ‘ എന്ന് പ്രതിവദിച്ച നിഷ്കളങ്കതയും സഖാവിന് സ്വന്തം!
പൊന്നാനി മാറാഞ്ചേരി കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന്, വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ച് ജില്ല അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി, മുന്നണി കൺവീനർ, സംസ്ഥാന എക്‌സിക്യൂട്ടിവ്, ദേശീയ കൗൺസിൽ അംഗം, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എന്ന നിലകളിൽ പാർട്ടിയെയും മുന്നണിയെയും നെഞ്ചോട് ചേർത്ത സഖാവിനെ ഒടുവിൽ തേടിയെത്തിയത് അർഹിക്കുന്ന അംഗീകാരം!