കേരളത്തിലെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറയിട്ടത് സ്വന്തം ജീവനും ജീവിതവും ഉപേക്ഷിച്ച് പാർട്ടിക്ക് വേണ്ടി രാപ്പകൽ പോരാടിയ മനുഷ്യരാണ്. എവിടെയും രേഖപ്പെടുത്താതെ പോയ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങൾ അടയാളപ്പെടുത്തി വയ്ക്കുകയാണ് ‘comrade stories’ എന്ന പരമ്പരയിലൂടെ. മധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ അധ്വാനിച്ച പുന്നക്കാക്കുളങ്ങര മാധവനുണ്ണിത്താന്റെ ജീവിതം ഇവിടെ വായിക്കാം
അനു ശിവൻ
മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലെ നിർണായകമായ പേരുകളിലൊന്നാണ് പുന്നക്കാക്കുളങ്ങര മാധവനുണ്ണിത്താൻ. ജനങ്ങൾ അദ്ദേഹത്തെ ‘ഏമാൻ’ എന്ന് വിളിച്ചു. മധ്യതിരുവിതാംകൂറിലെ ഇടപ്രഭു പരമ്പരയിൽ ജനിച്ച അദ്ദേഹം ആ വർഗ്ഗത്തിന്റെ സഹജസ്വഭാവങ്ങൾക്ക് എതിരായിട്ടാണ് ജീവിച്ചത്. മറ്റൊരു സുഗതൻ സാർ എന്ന വിശേഷണം നേടും വണ്ണം നിസ്വാർത്ഥമായും ത്യാഗനിർഭരമായും. നമ്മുടെ നാടിന്റെ രാഷ്ട്രീയചരിത്രം; അതിന്റെ ഏറ്റവും ചൈതന്യവത്തും, രോമാഞ്ചമുണർത്തുന്നതുമായ കാലത്താണ് അദ്ദേഹം ജീവിച്ചത്. ഇത്തരം മനുഷ്യരുടെ ത്യാഗനിർഭരമായ ജീവിതമാണ് ആ കാല രാഷ്ട്രീയത്തെ വിപ്ലവാത്മകമാക്കിയത്.
വിദ്യാർത്ഥിയായിരിക്കെ തന്നെ അദ്ദേഹം രാഷ്ട്രീയപ്രചോദിതനായിരുന്നു. ടി രാഘവയ്യ തിരുവിതാംകൂർ ദിവാൻ ആയിരിക്കുമ്പോൾ 1923ൽ നടന്ന വിദ്യാർത്ഥി സമരത്തിൽ സഹപാഠികളെ സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹം സമര ജീവിതം ആരംഭിച്ചു. നൂൽനൂൽപ്പ്, ഖദർ ധാരണം, അയിത്ത നിഷേധം, മദ്യവർജ്ജനം തുടങ്ങിയ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായ ശേഷം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ പൂർണ്ണമായി മുഴുകി.
കേരള സമരചരിത്രത്തിലെ സമുജ്ജ്വല അധ്യായങ്ങളിലൊന്നായ വൈക്കം സത്യാഗ്രഹത്തിൽ ധർമ്മ ഭടനായി പിന്നീട്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കം മുതൽ തിരുവനന്തപുരം വരെ നടന്ന കാൽനട ജാഥയിൽ വോളണ്ടിയറായി പങ്കെടുക്കുകയും ചെയ്തു.
മാവേലിക്കര താലൂക്കിലെ എൻഎസ്എസിന്റെ നേതൃത്വമായിരുന്നു ഒരു കാലത്ത് അദ്ദേഹം. മധ്യതിരുവിതാംകൂറിന്റെ തെക്കേയറ്റം മുതൽ മുതൽ വടക്കേ അറ്റം വരെയുള്ള ഗ്രാമപ്രദേശങ്ങളിൽ യാത്ര ചെയ്ത് ബഹുജന ബന്ധം വളർത്തുകയും കരയോഗങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
രണ്ടാംലോകമഹായുദ്ധകാലത്ത് അദ്ദേഹം പട്ടാളക്കാരനായി. നാലു വർഷക്കാലം സിംഗപ്പൂർ, മലയാ, ജപ്പാൻ എന്നിവിടങ്ങളിൽ ജോലി ചെയ്തു. തിരികെയെത്തി അദ്ദേഹം തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്റെ ഭാഗമായി സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തു. കെ കേശവൻ പോറ്റി, കാമ്പിശ്ശേരി കരുണാകരൻ, പന്തളം പി ആർ മാധവൻ പിള്ള, കെകെ ചെല്ലപ്പൻ പിള്ള, തോപ്പിൽ ഭാസി, ചാമവിള കേശവപിള്ള എന്നിവരോടൊപ്പം മധ്യതിരുവിതാംകൂറിലെ കോൺഗ്രസിന്റെ പ്രധാന നേതാവായി.
മാവേലിക്കര, അടൂർ, കുന്നത്തൂർ താലൂക്കുകളിലെ പൊതുയോഗങ്ങളിലെ സ്ഥിരം പ്രാസംഗികനായിരുന്നു പുന്നക്കാക്കുളങ്ങര മാധവനുണ്ണിത്താൻ. ശക്തവും മൂർച്ചയേറിയതുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. (സിംഹഗർജ്ജനം പോലെ എന്നാണ് മുൻ പത്തനാപുരം എംഎൽഎ ഇ കെ പിള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിനെ വിശേഷിപ്പിച്ചത്).
കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്
സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരമേറ്റു. അധികാര ലബ്ധിയോടെ കോൺഗ്രസിനുണ്ടായ മാറ്റങ്ങളെ തുടർന്ന് മധ്യതിരുവിതാംകൂറിലെ കോൺഗ്രസ് നേതൃത്വനിരയിൽ ഉണ്ടായിരുന്നവർ അപ്പാടെ കമ്മ്യൂണിസ്റ്റുകാരായി. എണ്ണമറ്റ കർഷക സമരങ്ങളും, വിദ്യാർത്ഥി സമരങ്ങളും നാടിനെ പ്രകമ്പനം കൊള്ളിച്ചു. സമരങ്ങൾക്ക് നേരെ ഗവൺമെന്റ് നിഷ്ഠൂര മർദ്ദനം അഴിച്ചുവിട്ടു. അന്നത്തെ കൊടിയ മർദ്ദനത്തിന്റെ തീഷ്ണമായ വൃഥ അനുഭവിക്കാത്ത കമ്മ്യൂണിസ്റ്റുകാരില്ല. മാധവനുണ്ണിത്താൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
പുന്നയ്ക്കാകുളങ്ങര മാധവനുണ്ണിത്താൻ, പി കെ പി പോറ്റി, ചാമവിള കേശവപിള്ള, പി കെ ബാലകൃഷ്ണപിള്ള, ചെല്ലപ്പൻപിള്ള, നാരായണപിള്ള, കെ കെ കരുണാകരൻ തുടങ്ങിയ സഖാക്കളുടെ നേതൃത്വത്തിൽ നൂറനാടും പരിസരപ്രദേശങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായി മാറി.സംഭവബഹുലമായ ആ കാലത്താണ് 1952 ലെ തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഐ-കെഎസ്പി സഖ്യത്തിൽ കെഎസ്പിക്ക് നൽകിയിരുന്ന സീറ്റാണ് ഭരണിക്കാവ്. എന്നാൽ ചില തർക്കങ്ങളെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ഭരണിക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചു.
ജയിൽചാടി, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട്, ഒളിവിൽ കഴിയുന്ന സ:എം എൻ ഗോവിന്ദൻ നായരെയാണ് പാർട്ടി സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. സ്ഥാനാർഥി മാത്രമല്ല മിക്കവാറും നേതാക്കളും പ്രവർത്തകരുമെല്ലാം ഒളിവിലും ജയിലിലുമായിരുന്നു. പുന്നക്കാക്കുളങ്ങര മാധവനുണ്ണിത്താൻ എംഎന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആയി തീരുമാനിക്കപ്പെട്ടു. തോപ്പിൽ ഭാസിയാണ് ഇലക്ഷൻ പാർട്ടി ചുമതലക്കാരൻ. അദ്ദേഹവും ഒളിവിലാണ്.
എംഎന് പകരം യോഗത്തിൽ പങ്കെടുക്കലും ജനങ്ങളെ കാണലും വോട്ട് അഭ്യർത്ഥിക്കലുമെല്ലാം പുന്നയ്ക്കാകുളങ്ങരയുടെ നേതൃത്വത്തിൽ നടന്നു. സ്ഥാനാർത്ഥിയുടെ പകരക്കാരനായി ഭരണിക്കാവ് മണ്ഡലത്തിലെ വോട്ടർമാരും അദ്ദേഹത്തെ കണക്കാക്കി. സംഭവബഹുലമായ അന്നത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് 1990ൽ പുറത്തിറങ്ങിയ എംഎൻ സ്മരണികയിൽ സ: പുന്നക്കാക്കുളങ്ങര എഴുതുന്നു.
”ഞങ്ങൾ ആരും പ്രതീക്ഷിക്കാത്ത ഒരു സ്ഥാനാർത്ഥിയെ പാർട്ടി തന്നു. നാഗർകോവിൽ ക്ഷയരോഗാശുപത്രിയിൽ വച്ച് ജയിൽ ചാടി ഒളിവിൽ കഴിയുന്ന, ചെറുപ്പക്കാരുടെ ഹരവും ആവേശവുമായിരുന്ന എം എൻ ഗോവിന്ദൻ നായർ. ഇതിൽപരം ഒരു സന്തോഷം തോന്നാനില്ല. ഊണു മറന്നു, ഉറക്കം മറന്നു, സാമ്പത്തിക ക്ലേശങ്ങൾ മറന്നു. ഏക മനസ്സ്. ഒരൊറ്റ ലക്ഷ്യം. എമ്മെന്റെ വിജയം.
കുഴഞ്ഞു. വോട്ടേഴ്‌സ് ലിസ്റ്റിൽ എമ്മെന്റെ പേരില്ല. സ്ഥാനാർത്ഥിയാകണമെന്ന മോഹം ഇല്ലാത്തതുകൊണ്ട് എമ്മെന്നും, മരിച്ചോ ജീവിച്ചിരിക്കുന്നോ എന്ന് നിശ്ചയം ഇല്ലാത്തതുകൊണ്ട് വീട്ടുകാരും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ കൊടുത്തിരുന്നില്ല. അഥവാ പേര് കൊടുത്തിരുന്നെങ്കിൽ തന്നെ അതിനു നിയുക്തരായവർ എമ്മെന്റെ പേര് ചേർക്കുമായിരുന്നില്ല.
അക്കാലത്തെപ്പറ്റി ഇന്ന് പറഞ്ഞാൽ പലർക്കും മനസിലാകില്ല. അവസാനം ഇലക്ഷൻ കമ്മീഷണറുടെ മുൻപിൽ പ്രത്യേക അപേക്ഷയും ഫീസും നൽകി ലിസ്റ്റിൽ പേരുൾക്കൊള്ളിച്ചു. സ്വതന്ത്ര സ്ഥാനാര്ഥിയായിട്ടാണ് മത്സരിക്കുന്നത്. ചിഹ്നം ആന. ഇലക്ഷൻ ഏജന്റായി എന്നെ നിശ്ചയിച്ചു.
പത്രിക സമർപ്പിച്ചു.ഇതിനിടെ ഒരു കിംവദന്തി നാട്ടിൽ പ്രചരിച്ചു. പത്രിക തള്ളും. എംഎൻ ഗോവിന്ദൻ നായർ എന്ന് പറയുന്ന ആൾ ജീവിച്ചിരിപ്പില്ല. ‘തൊണ്ടി’ പുറത്തു കാണിക്കാനും വയ്യ. അപ്പോൾ പൊലീസ് തപ്പും.
എന്തായാലും ഒരു വലിയ സംഘം പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ പത്രിക സൂക്ഷ്മപരിശോധന നടക്കുന്ന കായംകുളം ലേബർ ഓഫീസിൽ ഞാനെത്തി. എമ്മെന്നെ അടുത്ത ഒരു വീട്ടിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. പത്രിക തള്ളും എന്ന ഒരു ഘട്ടം എത്തുകയാണെങ്കിൽ എമ്മെനെ ഹാജരാക്കാനും പിടികൊടുക്കാതെ എങ്ങനെയെങ്കിലും രക്ഷപെടുത്താനുമായിരുന്നു തീരുമാനം. ഞങ്ങൾ കുറെപേര് ചത്താലും വേണ്ടില്ല, എമ്മെനെ രക്ഷപെടുത്തണം.
പി എൻ കൃഷ്ണപിള്ളയായിരുന്നു റിട്ടേണിങ് ഓഫീസർ. സൂക്ഷ്മ പരിശോധന തുടങ്ങി. എതിർകക്ഷിയിലെ സ്ഥാനാർത്ഥികളും, ഏജന്റുമാരും ഏക സ്വരത്തിൽ പറഞ്ഞു. ‘പത്രികയിലെ ഒപ്പു എമ്മെന്റെയല്ല. അങ്ങനെയൊരാൾ ജീവിച്ചിരിപ്പില്ല. റിട്ടേണിങ് ഓഫീസറുടെ പ്രഖ്യാപനമുണ്ടായി.
‘എമ്മെന്റെ ഒപ്പ് എനിക്കറിയാം. ഇത് അദ്ദേഹത്തിന്റെ ഒപ്പ് തന്നെയാണ്. പത്രിക അംഗീകരിച്ചിരിക്കുന്നു.’അദ്ദേഹം എമ്മെന്റെ പത്രിക അംഗീകരിച്ചുകൊടുക്കാൻ നേരത്തെ തന്നെ ദൃഢനിശ്ചയമെടുത്തു വന്നിരിക്കുകയായിരുന്നു. അദ്ദേഹം ഇറങ്ങാൻ നേരം എന്നെ വിളിച്ചു പറഞ്ഞു.’ജയിപ്പിച്ചുകൊണ്ട് വരണം. പൊലീസിന്റെ പിടിയിൽ പെടാതെ നോക്കണം.’
തിരഞ്ഞെടുപ്പ് പ്രചാരണം ഒരു യക്ഷിക്കഥ പോലെ മാത്രമേ എനിക്ക് ഇന്നോർക്കാൻ കഴിയൂ. എങ്ങനെ അതെല്ലാം നടന്നു പോയി എന്ന് ഇന്നോർക്കാൻ കൂടി കഴിയുന്നില്ല. കാറില്ല, പണമില്ല, നോട്ടീസില്ല, ബോർഡില്ല. സ്ഥാനാർത്ഥിയെ മഷിയിട്ടുനോക്കിയാലും ഒരു നോക്ക് കാണാനില്ല. വെളുത്തിരിക്കുന്നോ, കറുത്തിരിക്കുന്നോ എന്ന് വോട്ടർമാർക്കറിയാനും വയ്യ.
പക്ഷെ, വോട്ടർമാരെല്ലാം പ്രവർത്തകരായി. സമ്മർദ്ദമില്ലാതെ, പ്രലോഭനമില്ലാതെ മണ്ഡലത്തിലുടനീളം ആയിരക്കണക്കിന് പ്രവർത്തകർ സ്വന്തം കൈയ്യിൽ നിന്ന് കാശ് മുടക്കി കൊടി തയ്പ്പിച്ചു, ബാനർ കെട്ടി, നോട്ടീസടിപ്പിച്ചു. സ്ഥാനാർത്ഥിയും കുറെ പ്രചാരണങ്ങൾ നടത്തി. രാത്രിയുടെ മറവിൽ പൊലീസും ഗുണ്ടകളും കാണാതെ കയ്യാല ചാടിയും,വേലിചാടിയും, പാടത്തിന്റെ കൊച്ചുവരമ്പിൽ കൂടി മാത്രം നടന്ന് അക്കരെയെത്തിയും, പട്ടിണി കിടന്നും ജനങ്ങളെ കണ്ടു.തിരഞ്ഞെടുപ്പ് ഫലം വന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ എമ്മെൻ ജയിച്ചു.’എമ്മെന്റെ വിജയം ഏമാന്റേതുകൂടി ആയിരുന്നു.
പാലമേൽ പഞ്ചായത്തിലെ പ്രഥമ പ്രസിഡന്റ് ആകേണ്ടിയിരുന്നത് പുന്നയ്കാക്കുളങ്ങര മാധവനുണ്ണിത്താൻ ആയിരുന്നു.1953 ൽ നടന്ന പ്രഥമ തിരഞ്ഞെടുപ്പിൽ ഉളവുക്കാട് വാർഡിൽ സ്ഥാനാർത്ഥി ഏമാനെന്നു കമ്മ്യൂണിസ്‌റ്റ് പാർട്ടി തീരുമാനിച്ചു. നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു. ഡമ്മി സ്ഥാനാർത്ഥിയായി കെ ഗോവിന്ദപ്പിള്ളയും പത്രിക സമർപ്പിച്ചു.
എന്നാൽ ഒരു ദിവസം അദ്ദേഹം നാമനിർദ്ദേശ പത്രിക ആരോടും കൂടിയാലോചിക്കാതെ പിൻവലിച്ചു. അങ്ങനെ കെ ഗോവിന്ദപ്പിള്ള സ്ഥാനാർത്ഥിയായി. വിജയിച്ചു. പാലമേൽ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് പുന്നയ്കാക്കുളങ്ങരയായിരുന്നു. അദ്ദേഹം അധികാരം മോഹിച്ചിരുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഇത്.
ഒരു ശിവരാത്രി പിറ്റേന്ന് പടനിലം ക്ഷേത്രഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ക്ഷേത്രസന്നിധാനത്ത് കൂടിയിരുന്ന പൊതുപ്രവർത്തകർ ഏമാനെ ഭരണസമിതി പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. പികെപി പോറ്റി ഉൾപ്പടെ കമ്മ്യൂണിസ്റ്റുപാർട്ടിയിൽപെട്ട പലരും ഭരണസമിതിയിൽ അംഗങ്ങളായി. നൂറനാട് പാലമേൽ പഞ്ചായത്തുകളിലോ തൊട്ടടുത്ത ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലോ അന്ന് ഹൈസ്‌കൂൾ ഉണ്ടായിരുന്നില്ല. പടനിലം ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ഒരു ഹൈസ്‌കൂൾ സ്ഥാപിക്കണമെന്നു മാധവനുണ്ണിത്താൻ നിദ്ദേശിച്ചു. ക്ഷേത്രഭരണസമിതിക്ക് ഒരു രൂപയും ആസ്തിയില്ല. ആകെയുള്ളത് പുന്നക്കകുളങ്ങര ഏമാന്റെ വ്യക്തിത്വം മാത്രം.
സ്‌കൂൾ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചു. അറിയപ്പെട്ട ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്നതുകൊണ്ട് അധികാരികൾ ഒട്ടേറെ തടസങ്ങൾ ഉന്നയിച്ചു. സ്‌കൂൾ സ്ഥാപിക്കുന്നതിന് മൂന്നേക്കർ സ്ഥലം വേണം. കെട്ടിടങ്ങൾ പണിയാനും മറ്റും പണം വേണം. അനുവദിച്ചാൽ തന്നെ സ്‌കൂൾ എങ്ങനെ സ്ഥാപിക്കുമെന്ന ആശങ്ക സഹപ്രവർത്തകർക്കുണ്ടായി. ഗവൺമെന്റിനോട് മല്ലടിച്ച് സ്‌കൂളിനുള്ള അനുവാദം വാങ്ങി. പടനിലം ക്ഷേത്രത്തിനോട് ചേർന്ന് മൂന്നേക്കർ സ്ഥലം സൗജന്യമായി എഴുതി വാങ്ങി. വീടുവീടാന്തിരം കയറിയിറങ്ങി കെട്ടിടം പണിക്കു പണം സംഭരിച്ചു.
പണിക്കാരോടൊപ്പം ചേർന്ന് കല്ലുകളും മണ്ണും ചുമ്മി കെട്ടിടം പണിതു. പടനിലത്തു ഹൈസ്‌കൂൾ ഉയർന്നു.
1959 വിമോചന സമരകാലത്ത് പടനിലം ഹൈസ്‌കൂൾ നടത്തുന്ന കാര്യത്തിൽ വലിയ ഭീഷണി നേരിടേണ്ടി വന്നു. വിമോചന സമരക്കാർ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനമാകെ സ്തംഭിപ്പിച്ചു. പക്ഷെ പടനിലം ഹൈസ്‌കൂൾ മാത്രം അവിരാമം പ്രവർത്തനം തുടർന്നു. സ്‌കൂൾ സംരക്ഷിക്കുന്നതിന് മാനേജരായ ഏമാന്റെ നേതൃത്വത്തിൽ നൂറുകണക്കിന് സന്നദ്ധഭടന്മാർ എല്ലാ സന്നാഹങ്ങളോടും കൂടി പടനിലത്തു ദിവസങ്ങളോളം കാവൽ കിടന്നു.അക്കാലത്താനുവദിക്കപ്പെട്ടിട്ടുള്ള പല സ്‌കൂളുകളും മാനേജർമാരുടെ സ്വകാര്യ സ്വത്തായി തീർന്നിട്ടുണ്ട്. പടനിലം സ്‌കൂൾ അദ്ദേഹം വേണമെന്ന് വെച്ചിരുന്നെങ്കിൽ സ്വന്തമാക്കാമായിരുന്നു.
1963 ൽ മാധനുണ്ണിത്താൻ പാലമേൽ പഞ്ചായത്തു പ്രസിഡന്റായി. 1979 വരെ നീണ്ട 16 വർഷം ആ സ്ഥാനമലങ്കരിച്ചു. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ ദൗർഭാഗ്യകരമായ പിളർപ്പ് മറ്റു നിരവധി സഖാക്കളെയെന്നപോലെ അദ്ദേഹത്തെയും അഗാധമായി വേദനിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം അവസാന നാളുകൾവരെ സ്വപ്നംകണ്ടിരുന്നു.
മരിക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ; കെപിആർ ഗോപാലന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബോൾഷെവിക് പാർട്ടിയിൽ അംഗമായിരുന്നു. പാലമേലെ കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തെ കാരണവർ സ്ഥാനത്തു കരുതി.
വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് എൺപത്തിഅഞ്ചാം വയസ്സിൽ അന്തരിക്കുന്നതുവരെ, പൊതു ജീവിതം മാത്രമുണ്ടായിരുന്ന പുന്നക്കാക്കുളങ്ങര മാധവനുണ്ണിത്താന് സ്വന്തമായി ഒന്നുമില്ലായിരുന്നു. പുരുഷാർത്ഥത്തിൽ പ്രധാനമായ വൈവാഹികജീവിതം പോലും.
യജമാനനായി ജനിച്ച അദ്ദേഹം നമ്മുടെ നാടിന്റെ ഭാഗധേയം മാറ്റുന്നതിനുവേണ്ടി ജീവിച്ച് നിസ്വനായി മരിച്ചു. 1992 മെയ് 1 ന്.
മരിച്ച് 28 വർഷങ്ങൾ കഴിഞ്ഞിട്ടും ഏമാന്റെ സമർപ്പിത ജീവിതത്തിന്റെ അടയാളങ്ങൾ പടനിലം ഹൈസ്‌കൂൾ, പാലമേൽ പഞ്ചായത്ത് ആസ്ഥാനം, പാലമേൽ പബ്ലിക് ലൈബ്രറി, നിരവധി പൊതു വഴികൾ, ആദിക്കാട്ടുകുളങ്ങര മാർക്കറ്റ്, പണയിൽ ഇഎസ്‌ഐ ആശുപത്രി, പാലമേൽ സർവ്വീസ് സഹകരണ സംഘം, പാലമേൽ ഹൌസിംഗ് സൊസൈറ്റി, ഉളവുക്കാട് ഗവ.ആശുപത്രി, എരുമക്കുഴി ഹോമിയോ ആശുപത്രി, നൂറനാട് മൃഗാശുപത്രി തുടങ്ങി അദ്ദേഹം മുൻകൈ എടുത്ത് സ്ഥാപിച്ച നൂറനാടിന്റെ സാമൂഹിക ജീവിതത്തിൽ പുരോഗതികളെത്തിച്ച സ്ഥാപനങ്ങളിലൂടെ അനശ്വരമായി തുടരുന്നു.