കേരളത്തിലെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറയിട്ടത് സ്വന്തം ജീവനും ജീവിതവും ഉപേക്ഷിച്ച് പാർട്ടിക്ക് വേണ്ടി രാപ്പകൽ പോരാടിയ മനുഷ്യരാണ്. എവിടെയും രേഖപ്പെടുത്താതെ പോയ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങൾ അടയാളപ്പെടുത്തി വയ്ക്കുകയാണ് ‘comrade stories’ എന്ന പരമ്പരയിലൂടെ. തിരുകൊച്ചിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ അധ്വാനിച്ച സഖാവ് എം കെ ഭരതന്റെ ജീവിതം ഇവിടെ വായിക്കാം.
സതീഷ് ഭരതൻ
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ തിരുവാങ്കുളം പഞ്ചായത്തിലെ ഇരുമ്പനം ദേശത്ത് കമ്മ്യൂണിസ്റ്റ് പതാക പാറിപ്പിച്ച ഒരു സഖാവുണ്ടായിരുന്നു പേര് എം കെ ഭരതൻ. സാക്ഷാൽ എസ് എ ഡാങ്കെയോടൊപ്പം ബോംബെയിലെ പോസ്റ്റൽ നാവിക തൊഴിലാളി സമരങ്ങളിൽ പങ്കെടുത്ത് ഡാങ്കെയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം സ്വന്തം നാട്ടിൽ തിരിച്ചെത്തി കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കിയ സഖാവ് കണ്ണേമ്പിള്ളി അച്യുത മേനോൻ കണ്ടെത്തിയ പ്രവർത്തക ഗ്രൂപ്പിലെ ഏറ്റവും ബുദ്ധിമാനും കർമ്മകുശലനുമായ സന്തത സഹചാരി ആയിരുന്നു സഖാവ് എം കെ ഭരതൻ.
1925ൽ ജനനം. തൃപ്പൂണിത്തുറ സംസ്‌കൃത പാഠശാലയിൽ (ഇന്ന് കോളേജാണ് ) പഠിച്ചു. മഹാകവി ജി ശങ്കരക്കുറുപ്പ്, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സഖാവ് പി കെ വാസുദേവൻ എന്നിവരോടുണ്ടായിരുന്ന അടുത്ത സൗഹൃദവും കൂടാതെ സഖാവ് പി ഗോവിന്ദപ്പിള്ളയോടുണ്ടായിരുന്ന ആജീവനാന്ത ബന്ധവും പാർട്ടി ജീവിതത്തെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. സഖാക്കൾ കൊടിയൻ മാഷിന്റെയും എരൂർ വാസുദേവിന്റെയും പ്രിയപ്പെട്ട സഖാവ് ഉപജീവനോപാധിയായ് തെരഞ്ഞെടുത്തത് കെട്ടിട നിർമ്മാണ പ്രവർത്തനം ആയിരുന്നു. ജോലിക്കിടെ ഒരുദിവസം കണ്ണിൽ കുമ്മായം വീണു. 1956-57 ൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുന്ന സമയമാണ്.
കമ്മ്യൂണിസ്റ്റു പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സഖാവും സജീവ സാന്നിധ്യമായി. കണ്ണിൽ മരുന്നൊഴിക്കുവാൻ പോലും മറന്ന് സഖാവ് പാർട്ടി യോഗങ്ങളിൽ പ്രസംഗിക്കാനായി ഓടിനടന്നു. തിരുവാങ്കുളം കവലയിൽ പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
1966ൽ വിശാഖപട്ടണം റിഫൈനറിയുടെ പ്രോജക്ടിൽ ലഭിച്ച ജോലി വാഗ്ദാനം പാർട്ടി പ്രവർത്തനത്തിന് വിഘാതമാകുമെന്ന് കണ്ടതിനാൽ നിരസിച്ച ചരിത്രവും സഖാവിനുണ്ട്. ഇതിനിടയിൽ കണയന്നൂർ താലൂക്ക് എടയ്ക്കാട്ടുവയൽ ഇരുമ്പനം എന്നീ മേഖലകളിൽ കമ്മ്യൂണിസ്റ്റു പാർട്ടി കെട്ടിപ്പടുക്കുന്നതിനു വേണ്ടി സഖാവ് കണ്ടേമ്പിള്ളി അച്യുത മേനോന്റെ നേതൃത്വത്തിൽ അക്ഷീണമായ നിരന്തര പ്രവർത്തനത്തിൽ ഏർപ്പെട്ടു. കാട്ടുപാതകളിലൂടെ നഗ്‌നപാദനായ് നടന്നു കൊണ്ടായിരുന്നു യാത്രകൾ. ഇരുമ്പനം പ്രദേശങ്ങളിൽ നില നിന്നിരുന്ന ജന്മികുടിയാൻ സംഘർഷങ്ങളിൽ പാർട്ടിയുടെ ഇടപെടലുകൾ ശക്തമായിരുന്ന കാലത്ത് ധീരമായ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും മർദ്ദിതരായ ജനവിഭാഗത്തോടെപ്പം ചേർന്ന് അനീതികൾക്കെതിരെ അടരാടുകയും ചെയ്തു.
Read also; ‘ഞങ്ങൾ കുറേപേര് ചത്താലും വേണ്ടില്ല, എമ്മെനെ രക്ഷപ്പെടുത്തണം’: എം എന് കാവൽ നിന്ന ‘ഏമാൻ’https://youngindianews.in/comrade-stories-part-1-punnakkakulangara-madavan-unnithan/
ബാല്യകാല സുഹൃത്തും സഖാവുമായിരുന്ന കൃഷ്ണനോടൊപ്പം ചേർന്ന് ഹിൽ പാലസിന്റെ വെള്ളപൂശിയ മതിലിൽ അത്തച്ചമയത്തിന്റെ തലേന്ന് രാത്രി ‘ രാജ വാഴ്ച അവസാനിപ്പിക്കുക’ എന്ന് ചുവന്ന മഷിയിൽ എഴുതിയ ധീര സഖാവായിരുന്നു എം കെ ഭരതൻ. 1964ൽ പാർട്ടി പിളരാനിടയായതിൽ അതീവ ദു:ഖിതനായ സഖാവ് എംകെ ഭരതൻ സിപിഐയോടൊപ്പം അടിയുറച്ചു നിൽക്കുകയും 2012ൽ മരണം വരെ പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുകയും ചെയ്തു.
വിളർപ്പിനെ തുടർന്ന് രാജ്യവ്യാപകമായ് പാർട്ടി ഓഫീസുകൾ പിടിച്ചെടുക്കുന്ന സംഘർഷത്തിനിടയിൽ എറണാകുളം കാനൻഷെഡ് റോഡിലെ ഓഫീസിനു നേരേ സിപിഐ(എം) പ്രവർത്തകർ നടത്തിയ സംഘർഷത്തിനിടയിൽ സഖാവ് എരൂർ വാസുദേവിന്റെ ഡയറി നഷ്ടമാവുകയും പ്രസ്തുത ഡയറി കൈവശപ്പെടുത്തിയ സഖാവ് ടി കെ രാമകൃഷ്ണൻ കാലങ്ങൾക്കുശേഷം മന്ത്രിയായിരിക്കെ ‘കല്ലിലെ തീപ്പൊരികൾ ‘ എന്ന രചനയ്ക്കാവശ്യമായ വിവരണങ്ങൾ അതിൽ നിന്നും അടർത്തിമാറ്റിയ വസ്തുത നേരിട്ട് അറിയാവുന്ന സഖാവായിരുന്നു എം കെ ഭരതൻ. മന്ത്രിയായിരിക്കെ കോലഞ്ചേരിയിൽ വച്ച് നടന്ന ഒരു പൊതുയോഗത്തിൽ പങ്കെടുത്തപ്പോൾ ഇക്കാര്യം അദ്ദേഹത്തോട് തന്നെ നേരിൽ പറയുന്ന സമയം ‘മിണ്ടിപോകരുത് കൊല്ലം ഞാൻ ‘ എന്ന് അദ്ദേഹം സ്‌നേഹത്തോടെ പറയുന്നത് ഈ ലേഖകൻ സാക്ഷിയാണ്.
ഭാര്യയും സഖാവുമായ എംവി വിലാസിനിയെ വിവാഹ ശേഷം തുടർ പഠനം നടത്തി ടീച്ചറാക്കുകയും അതോടൊപ്പം സമരവേദികളിലും പ്രകടനങ്ങളിലും പങ്കെടുപ്പിക്കുകയും ചെയ്തു. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം വിളിച്ച് ചെങ്കൊടിയുമായ് സ്ത്രീ ജനങ്ങളെ നയിച്ചു നടത്തിയ ജാഥ പുത്തൻകുരിശിൽ നിന്നും പെരുമ്പാവൂർ വരെ എത്തിച്ചതിൽ മുൻനിരയിൽ നിന്ന സഖാവാണ് എവി വിലാസിനി. രണ്ടു സഖാക്കൾക്കും അഞ്ചു മക്കൾ. ലേഖകനായ ഞാൻ നാലാമനായ ഒരേയൊരാൺ സന്തതി.
സഖാവ് എം കെ ഭരതൻ സംസ്‌കൃതം, തത്വശാസ്ത്രം, ഭാരതീയ ദർശനങ്ങൾ, മാർക്‌സിസം, ലോകചരിത്രം, ഇന്ത്യൻ ചരിത്രം കേരളത്തിലേതടക്കം ലോക കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാലഗണനാ ക്രമത്തിലുള്ള ചരിത്രം എന്നിവയിൽ തെളിവാർന്ന അറിവ് നേടുകയും അത് പുതുക്കിയെടുക്കുകയും ചെയ്ത് 87 വയസ്സു വരെ ജീവിച്ചു. ജീവിതത്തിൽ എങ്ങും എവിടെയും ഒരിക്കലും സ്വകാര്യ സ്വത്ത് കയ്യാളിയിരുന്നില്ല. ഒരിയ്ക്കൽ പോലും സ്വത്ത് നികുതി അടയ്ക്കുവാൻ യോഗ്യതയില്ലാതെ ജീവിച്ച വ്യക്തിയായിരുന്നു.
സഖാവ് എം കെ ഭരതൻ, എന്റെ അച്ഛൻ എന്നതിനേക്കാൾ കൊഴിഞ്ഞുപോയ കാലത്തെ നൊമ്പരപ്പെട്ടവരുടെ ആശാ കേന്ദ്രമായിരുന്നു എന്ന ഓർമ്മകൾ എന്നെ അഭിമാനപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റു സ്വാഭിമാനം എന്നിൽ പകർന്നു തന്ന ജീനുകളിലൂടെ ഞാനും ഈ മഹത്തായ മാനവികതയിൽ കണ്ണി ചേരുന്നു.
മൺമറഞ്ഞ ധീര സഖാക്കളുടെ ഓർമ്മയ്ക്ക് മുന്നിൽഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കട്ടെ…
ലാൽ സലാം