കേരളത്തിലെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറയിട്ടത് സ്വന്തം ജീവനും ജീവിതവും ഉപേക്ഷിച്ച് പാർട്ടിക്ക് വേണ്ടി രാപ്പകൽ പോരാടിയ മനുഷ്യരാണ്. എവിടെയും രേഖപ്പെടുത്താതെ പോയ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങൾ അടയാളപ്പെടുത്തി വയ്ക്കുകയാണ് ‘comrade stories’ എന്ന പരമ്പരയിലൂടെ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ ജവങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ച ഒരു നാടിന്റെ പ്രിയപ്പെട്ടവനായി മാറിയ ദാസൻ ചേട്ടന്റെ ജീവിതം ഇവിടെ വായിക്കാം.
ആദർശ് സുദർമ്മൻ
ഇത് ഞങ്ങളുടെ പ്രിയ സഖാവ് ദാസൻ ചേട്ടനെ കുറിച്ചുള്ള എഴുത്താണ്. ആയിരത്തിൽ ഒരുവൻ എന്ന് പറഞ്ഞാൽ അത് ഒരു കുറവാണ്. ലക്ഷത്തിൽ പോലും ഇങ്ങനെ ഒരു മനുഷ്യൻ അപൂർവ്വമാണ്… ഒരു പൊതുപ്രവർത്തകൻ എന്നാൽ, അക്ഷരാർത്ഥത്തിൽ അതിന്റെ പൂർണ്ണതയിൽ ഉള്ള മനുഷ്യനാണ് സഖാവ് ദാസൻ ചേട്ടൻ. സിപിഐ പ്രവർത്തകൻ എന്ന നിലയിലും സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലും തികച്ചും വ്യത്യസ്തമായ മുഖം.
കയ്യിൽ ഒരു പേപ്പറും പേനയും എപ്പോഴും ഉണ്ടാകും.തന്റെ മുന്നിൽ കാണുന്ന മുഴുവൻ അനീതികളും നഖശിഖാന്തം എതിർക്കുവാനും അതിന് മാറ്റം കൊണ്ടുവരുന്നത് വരെ അതിന് വേണ്ടി പോരാടാനും സഖാവിന് ഒരു മടിയുമില്ല. അതിന് സ്വന്തം കീശയിൽ നിന്നും എത്ര പണം വേണേലും മുടക്കാനും ഒരു മടിയുമില്ല. നാട്ടിലെ ആർക്കും എന്ത് വിഷയം ഉണ്ടെങ്കിലും അവർ ആദ്യം ഓടി എത്തുന്നത് ദാസൻ ചേട്ടന്റെ അടുത്താണ്. അതിന് ശേഷമേ ജനപ്രതിനിധികൾ പോലും ഉള്ളൂ…
Also Read:- ചോരമണക്കുന്ന ഇന്നലെകൾ; ജന്മിത്വത്തിന്റെ കഴുത്തറുത്ത വെളിയം, ഒരു ദേശം കമ്മ്യൂണിസ്റ്റ് ഗ്രാമമായ കഥ https://youngindianews.in/comrade-stories-part-3-communist-history-of-veliyam/
വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് അതിന് ആർക്കൊക്കെ പരാതി അയക്കണം, ആരെയൊക്കെ കാണണമെന്ന് കൃത്യമായി ബോധ്യപ്പെടുത്തുകയും. ആ വിഷയം സ്വയമേ ഏറ്റെടുത്തു അതിനെ കൃത്യമായി ഫോളോആപ്പ് ചെയ്യുന്നതും സഖാവ് ആയിരിക്കും. അതിന്റെ പേരിൽ ഒരു കാലിച്ചായ പോലും കുടിക്കാൻ സഖാവ് നിൽക്കാറില്ല.
ഒരു ചെറിയ ഉദാഹരണം പറയാം. ഒരിക്കൽ ഞാൻ വെള്ളൂർ കൃഷി ഓഫീസിൽ തെങ്ങിന്റെ തൈ വന്നതറിഞ്ഞു സുഹൃത്തിന്റെ കൂടെ അത് മേടിക്കാൻ പോയതായിരുന്നു. ചെന്നപ്പോൾ ഓഫീസിന്റെ മുന്നിൽ വൻ വെള്ളക്കെട്ട്. അകത്തേക്ക് കയറുവാൻ പോലും സാധിക്കാത്ത അസ്ഥ. ഞാനുൾപ്പെടെയുള്ള ആളുകൾ, ഭരണകർത്താക്കളെ പഴിച്ച് സ്ഥിരം ക്‌ളീഷേ കമന്റ് പറഞ്ഞുകൊണ്ട് വെള്ളക്കെട്ട് ചാടി അകത്തേക്ക് കേറിപോയി. എന്നാൽ തൈ മേടിച്ചുകൊണ്ടു പുറത്തേക്ക് വന്നപ്പോൾ ദാസൻ ചേട്ടനെ കണ്ടു. ഞാൻ ചോദിച്ചു, ‘എന്താ തൈ മേടിക്കാൻ വന്നതാണോ’. എന്നാൽ സഖാവിന്റെ ഉത്തരം, ‘ഈ വെള്ളെക്കെട്ടു കണ്ടില്ലേ ആളുകൾക്ക് നടക്കാൻ പോലും പറ്റുന്നില്ല. ഞാൻ വെള്ളകെട്ടിനു പരിഹാരം കാണുന്നതിനു ആവശ്യമായി പരാതി കൊടുക്കാൻ പോയതാണ്…’
ശരിക്കും എനിക്ക് അപ്പോൾ ജാള്യത കൊണ്ട് തല കുനിക്കാനാണ് തോന്നിയത്. ഇതുപോലെ മറ്റൊരു അനുഭവം കൂടി പറയട്ടെ. ഒരിക്കൽ വൈക്കത്തു സിപിഐയുടെ ഒരു സമ്മേളനത്തിടെ എംഎൽഎ സികെ ആശയെ കാണാൻ വേണ്ടി ദാസൻ ചേട്ടൻ നിൽക്കുന്നത് കണ്ടു. കാര്യം തിരക്കിയപ്പോൾ തന്റെ നാട്ടുകാരി പോലും അല്ലാത്ത ഉല്ലല സ്വദേശിയായ ഒരു ക്യാൻസർ രോഗിക്ക് ആവശ്യമായ സർക്കാർ സഹായം മേടിച്ചെടുക്കാൻ വേണ്ടിയായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ ശ്രമം. പിന്നീട് കണ്ടപ്പോൾ ആ കാര്യം റെഡിയായെന്ന് സഖാവ് ആഹ്ലാദത്തോടെ പറഞ്ഞു. ഒരു പരിചയം പോലുമില്ലാത്ത ആളുകൾക്ക് വേണ്ടി ആയാൽ പോലും ദാസൻ ചേട്ടൻ ഒരു ആശ്വാസം തന്നെ ആണ്… ഇതാണ് ഞങ്ങളുടെ ദാസൻ ചേട്ടൻ…
Also Read:-പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിക്കുമ്പോള്‍ കാഴ്ച നഷ്ടപ്പെട്ടു; കൊട്ടാരത്തിന്റെ മതില്‍ക്കെട്ടില്‍ രാജവാഴ്ചയ്ക്ക് എതിരെ ചുമരെഴുതിയ പോരാളി: സഖാവ് എം കെ ഭരതന്‍ https://youngindianews.in/comrade-stories-part-2-m-k-bharathan/
വലിയ വിദ്യാഭ്യാസം ഒന്നുമില്ല സഖാവിന്. എന്നാലോ, പരാതികൾ അയക്കുന്നതിന് ഈ മെയിൽ സേവനം കൃത്യമായി ഉപയോഗിക്കാൻ സഖാവ് പഠിച്ചു. . ഒരുപക്ഷേ കേരളത്തിൽ തന്നെ ഉദ്യോഗസ്ഥ മന്ത്രി തലങ്ങളിൽ ഏറ്റവും അധികം പരാതി അയക്കുന്ന വ്യക്തിയും ദാസൻ ചേട്ടൻ തന്നെ ആയിരിക്കും എന്നാണ് തോന്നുന്നത്! കൊറോണ കാലഘട്ടത്തിൽ സാധനങ്ങൾക്ക് അനിയന്ത്രിതമായി വിലക്കയറ്റം വരുത്തുന്നു എന്ന പരാതിയും ദാസൻ ചേട്ടന്റെ വക അധികാരികളുടെ പക്കൽ കൃത്യമായി എത്തിക്കഴിഞ്ഞു.
ഓരോ നിമിഷവും സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളിൽ കൃത്യമായി ഇടപെടൽ എന്താണ്,അത് എങ്ങനെ വേണം എന്ന കാര്യങ്ങൾ പൊതുപ്രവർത്തകർ ദാസൻ ചേട്ടനിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ എനിക്ക് അറിയുന്നതും അതിന്റെ ആയിരമിരട്ടി എനിക്ക് അറിയാൻ കഴിയാത്തതുമായ കാര്യങ്ങളാണ്.. ഈ മനുഷ്യൻ, ‘യഥാർത്ഥ പോരാളി’ നടത്തുന്നത്…
സഖാവ് തന്റെ യാത്രകൾ പലതും കാൽനടയായാണ് പോകുന്നതും. നാടിനുവേണ്ടിയുള്ള നടപ്പാണ്…ഇവിടെയാണ് ദാസൻ ചേട്ടനെ പോലുള്ളവർ തികച്ചും വ്യത്യസ്തമായ മുഖമായി മാറുന്നത്. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഇന്നും ആ പോരാട്ടം തുടരുന്നു, സഖാവ് ദാസൻ.
(ഈ പരമ്പരയിൽ നിങ്ങളുടെ നാട്ടിലെ സഖാക്കളുടെ ജീവിതം ചേർക്കാൻ 8129672130, 9400839966 എന്നീ നമ്പറുകളിലേക്കോ youngindiaweb@gmail.com ഇ മെയിൽ വിലാസത്തിലേക്കോ ലേഖനങ്ങൾ അയയ്ക്കുക)