കേരളത്തിലെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറയിട്ടത് സ്വന്തം ജീവനും ജീവിതവും ഉപേക്ഷിച്ച് പാർട്ടിക്ക് വേണ്ടി രാപ്പകൽ പോരാടിയ മനുഷ്യരാണ്. എവിടെയും രേഖപ്പെടുത്താതെ പോയ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങൾ അടയാളപ്പെടുത്തി വയ്ക്കുകയാണ് ‘comrade stories’ എന്ന പരമ്പരയിലൂടെ. തിരുകൊച്ചിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ അധ്വാനിച്ച രാമവർമ്മത്തമ്പാന്റെ ജീവിതം ഇവിടെ വായിക്കാം.
കെ വി സുമ
1942 ആഗസ്റ്റ് 9, മുംബെയിലെ ഗവാലിയ ടാങ്ക് മൈതാനം. തടിച്ചുകൂടീയ ജനാവലിയെ വലയം ചെയ്ത് ബ്രിട്ടീഷ് പൊലീസ്… ജാഗ്രതയുടെ ബയണറ്റ് മുനകൾ.. സമരാവേശത്തിന്റെ അണമുറിയാപ്പട. ഗാന്ധിജിക്കും കോൺഗ്രസിനും ജയ് വിളിച്ചവർ ഒഴുകുകയാണ്.ക്വിറ്റിന്ത്യാ സമരത്തിന്റെ പ്രഖ്യാപനം നടക്കേണ്ടതിവിടെയാണ്. എന്നാൽ തലേന്ന് തന്നെ അറസ്റ്റിലായ ഗാന്ധിജിക്കോ നെഹ്റുവിനോ മറ്റ് നേതാക്കൾക്കോ അന്നവിടെ പങ്കെടുക്കാൻ കഴിഞ്ഞില്ല. സമര പ്രഖ്യാപനത്തിന് വന്ന നാല്പതിനായിരത്തോളം ആളുകൾ അക്ഷമരായി കാത്തുനില്ക്കേ പൊടുന്നനെ പോലീസ് വലയം ഭേദിച്ച് ഒരു യുവതി മുന്നോട്ട് വന്നു.ദേശീയ പതാക വാനിലുയർന്നു.’ ബ്രിട്ടൻ ഇന്ത്യ വിടുക ‘ എന്ന മുദ്രാവാക്യം ദിഗന്തം ഭേദിക്കുമാറ് അവിടെ മുഴങ്ങി.ചരിത്രപ്രധാനമായ ഒരു ഉത്ഘാടനം അവിടെ നടന്നു. ഒരു നിമിഷം സ്തംഭിച്ചു നിന്ന പോലീസുകാർ പെട്ടെന്ന് കർമ്മനിരതരായി. ലാത്തിയുടെ കൊടുങ്കാറ്റ്… കണ്ണീർവാതക പ്രയോഗം…തോക്കുകളുടെ ഗർജ്ജനം… അലർച്ചകൾ… നിലവിളികൾ… ജനങ്ങൾ ചിതറിയോടി… മിനുറ്റുകൾക്കകം അവിടെ യുദ്ധക്കളമായി മാറി. ചിതറിയോടിയവരിൽ ഇങ്ങ് കേരളത്തിലെ വൈക്കത്തെ ഒരു പത്തൊൻപതുകാരനുമുണ്ടായിരുന്നു.അരുണാ ആസിഫലി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചതിന് നേർസാക്ഷ്യം വഹിച്ച ആ ചെറുപ്പക്കാരനാണ് കണ്ണാടി കോവിലകത്തെ ‘രാമവർമ്മത്തമ്പാൻ’
തൃപ്പൂണിത്തുറ കണ്ണാടി കോവിലകത്തെ കൊച്ചമ്മു തമ്പാട്ടിയുടേയും തൃശ്ശൂർകാരൻ നാരായണയ്യരുടേയും രണ്ടു മക്കളിൽ ഇളയവനായി 1923-ൽ തൃപ്പൂണിത്തുറയിലെ ഒരു രാജകുടുംബത്തിലായിരുന്നു രാമവർമ്മയുടെ ജനനം.അദ്ദേഹത്തിന്റെ അമ്മ കൊച്ചമ്മു തമ്പാട്ടിയെ തൃപ്പൂണിത്തുറയിലെ കണ്ണാടി കോവിലകത്ത് നിന്നും അവരുടെ അമ്മാവൻമാർ ദത്തെടുത്തതാണ്. അങ്ങിനെയാണ് വൈക്കത്തും ‘കണ്ണാടി കോവിലകം’എന്ന വീട്ടു പേർ വന്നത്. തമ്പാൻ ജനിച്ച് അധികനാൾ കഴിയും മുന്നേ കുടുംബം ആറാട്ടുളങ്ങരയിലേക്ക് താമസം മാറ്റി.
Also Read:- ചോരമണക്കുന്ന ഇന്നലെകൾ; ജന്മിത്വത്തിന്റെ കഴുത്തറുത്ത വെളിയം, ഒരു ദേശം കമ്മ്യൂണിസ്റ്റ് ഗ്രാമമായ കഥ https://youngindianews.in/comrade-stories-part-3-communist-history-of-veliyam/
അദ്ദേഹത്തിന്റെ അച്ഛൻ നാരായണയ്യർക്ക് ബോംബെയിൽ ഹോട്ടൽ ആയിരുന്നു. വൈക്കത്ത് എസ്.എസ്.എൽ.സി.പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം 17 ആം വയസിൽ ബോംബെക്ക് വണ്ടി കയറി. താമസിയാതെ കേന്ദ്ര സർക്കാർ സ്ഥാപനമായ ഡയറക്ടറേറ്റ് ഓഫ് ടെക്സ്റ്റൈൽസിൽ ജോലി കിട്ടി. അച്ഛന്റേയും മറ്റും പാരമ്പര്യം പിൻതുടർന്ന് കോൺഗ്രസുമായി ചേർന്ന് സജീവ പ്രവർത്തനം തുടങ്ങി. അങ്ങനെയിരിക്കെയാണ് ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയതും ഗാന്ധിജി അറസ്റ്റിലാവുന്നതും. ആഗാഘാൻ ജയിലിൽ കഴിയുന്ന അദ്ദേഹത്തെ ഒന്നു കാണണമെന്ന ആഗ്രഹത്തിൽ സുഹൃത്തുക്കളേയും കൂട്ടി ചെന്ന തമ്പാനേയും മറ്റും പോലീസ് തലേന്ന് തന്നെ ‘ ‘ഡിഫൻസ് ഓഫ് ഇന്ത്യ’ നിയമപ്രകാരം അറസ്റ്റു ചെയ്ത് 43 ദിവസക്കാലം ജയിലിലടച്ചു.
Also Read:-പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിക്കുമ്പോള്‍ കാഴ്ച നഷ്ടപ്പെട്ടു; കൊട്ടാരത്തിന്റെ മതില്‍ക്കെട്ടില്‍ രാജവാഴ്ചയ്ക്ക് എതിരെ ചുമരെഴുതിയ പോരാളി: സഖാവ് എം കെ ഭരതന്‍ https://youngindianews.in/comrade-stories-part-2-m-k-bharathan/
ജയിലനുഭവങ്ങളുടെ സമ്പാദ്യവുമായി വൈകാതെ നാട്ടിലേക്ക് തിരിച്ചു. വീണ്ടും സമൂഹത്തിലേക്കിറങ്ങി. അടിച്ചമർത്തപ്പെട്ട, ക്രൂരമായി മർദ്ദനമനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിനു വേണ്ടി കോൺഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എടുത്തു ചാടാൻ നിർബന്ധിതനായി.
1943ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം വൈക്കത്ത് പിറവി കൊള്ളുന്നത്. സഖാക്കൾ സി.കെ.വിശ്വനാഥൻ ,പി .എസ്.ശ്രീനിവാസൻ, പി.എസ്.ബാവ, പത്മേക്ഷണൻ,, പി.കൃഷ്ണപിള്ള എൻ.മാധവൻ തുടങ്ങിയവരായിരുന്നു ആദ്യ കാല കമ്മ്യൂണിസ്റ്റ്കാർ.
സ:പി.കൃഷ്ണപിള്ളയുടെ സാന്നിധ്യം സഖാക്കളെ കൂടുതൽ ആവേശത്തിലാഴ്ത്തി. അദ്ദേഹവുമായി തമ്പാന് അടുത്ത ബന്ധമായിരുന്നു. അതു കൊണ്ട് തന്നെ പലപ്പോഴും ‘സഖാവ് ‘ കണ്ണാടിക്കോവിലകത്ത് തമ്പാനൊപ്പം ചിലവഴിച്ചിരുന്നു. അക്കാലത്ത് പാർട്ടി സംഘടിപ്പിച്ച പല സമരങ്ങളിലും തമ്പാൻ സജീവമായി പങ്കെടുത്തു. പലപ്പോഴും ജയിൽവാസം അനുഭവിക്കുകയും ക്രൂരമായ മർദ്ദനം ഏല്ക്കേണ്ടി വരികയും ചെയ്തു. അതിൽ സർ.സി.പി.ക്കെതിരായ സമരത്തിൽ രണ്ടര വർഷക്കാലം തിരുവനന്തപുരത്ത് ജയിലിൽ കഴിയേണ്ടിവന്നതാണ് പ്രധാന സംഭവം.
1948ലെ കല്ക്കട്ടാ തീസിസിനു ശേഷം ഭരണാധികാരികൾ കമ്മ്യൂണിസ്റ്റ് വേട്ട ശക്തമാക്കിയിരുന്നു. ഇക്കാലയളവിൽ 1949 ആഗസ്റ്റ് 15-ന് സർക്കാരിനെതിരെ കരിങ്കൊടി കാട്ടിയതിന് അദ്ദേഹം കടുത്ത മർദ്ദനത്തിനു വിധേയനാവുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തു.1950-ൽ ജയിലിൽ നിന്നിറങ്ങിയ ശേഷം അദ്ധേഹം പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ശ്രീ. ഇ.മാധവന്റെ മകളും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയുമായ സി.കെ.തുളസിയെ വിവാഹം ചെയ്തു. സഖാക്കൾ സി.എം.തങ്കപ്പൻ ,സി.എം.ബേബി, സി.എം.ജോയി, സി.കെ.ഓമന, സി.കെ. ലില്ലി, സി.കെ. സാലി, എന്നിവരുടെ സഹോദരിയായിരുന്നു സി.കെ.തുളസി. ഗീത, രേണുക, ഉഷ,അജിത് വർമ്മ,അനിൽ വർമ്മ, അകാലത്തിൽ പൊലിഞ്ഞ പ്രമുഖ ക്രിക്കറ്റ് താരം വികാസ് വർമ്മ എന്നിവരാണ് മക്കൾ. രാജ്യസഭാംഗം സഖാവ് ബിനോയ് വിശ്വം അദ്ദേഹത്തിന്റെ ഭാര്യാ സഹോദരി സഖാവ് സി.കെ. ഓമനയുടെ പുത്രനാണ്.
23 വർഷക്കാലം എൽ.ഐ.സി. ഡവലപ്പ്മെൻറ് ഓഫീസറായി സേവനമനുഷ്ഠിച്ചു.1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി.ഐ ക്കൊപ്പം നിലകൊണ്ടു. മരണം വരെ ഉത്തമ കമ്യൂണിസ്റ്റായി തുടർന്നു. കമ്യൂണിസ്റ്റ് പാർട്ടി വൈക്കം മണ്ഡലം സെക്രട്ടറിയായും,കിസാൻ സഭ, കേരകർഷക സംഘം, എന്നിവ രൂപീകരിക്കുന്നതിനും വെച്ചൂർ മോഡേൺ റൈസ് മിൽ യാഥാർത്ഥ്യമാക്കുന്നതിനും അദ്ദേഹം മുന്നിൽ നിന്നു. വംശനാശം സംഭവിച്ചുകൊണ്ടിരുന്ന വെച്ചൂർ പശുവിന്റെ വംശം നിലനിർത്തുന്നതിനായി സ: പി.എസ് ശ്രീനിവാസൻ മന്ത്രിയായിരിക്കുന്ന സമയത്ത് വെച്ചൂർ സ്വാമി എന്നറിയപ്പെടുന്ന ശ്രീ.കെ .എസ് നാരായണയ്യർ സ:പി.നാരായണൻ എക്സ്.എം.എൽ.എ. എന്നിവർക്കൊപ്പം മണ്ണുത്തി കാർഷിക സർവ്വകലാശാലയുമായി യോജിച്ചുള്ള പ്രവർത്തനം വിജയം കണ്ടു.
2000 സെപ്റ്റംബർ 18-ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പുതു തലമുറയ്ക്ക് മാതൃകയാക്കാവുന്ന സഖാവ് എൻ.കെ.രാമവർമ്മ തമ്പാന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ…..
(ഈ പരമ്പരയിൽ നിങ്ങളുടെ നാട്ടിലെ സഖാക്കളുടെ ജീവിതം ചേർക്കാൻ 8129672130, 9400839966 എന്നീ നമ്പറുകളിലേക്കോ youngindiaweb@gmail.com ഇ മെയിൽ വിലാസത്തിലേക്കോ ലേഖനങ്ങൾ അയയ്ക്കുക)