Thursday, November 21, 2024
spot_imgspot_img
HomeOpinionചോരമണക്കുന്ന ഇന്നലെകൾ; ജന്മിത്വത്തിന്റെ കഴുത്തറുത്ത വെളിയം, ഒരു ദേശം കമ്മ്യൂണിസ്റ്റ് ഗ്രാമമായ കഥ

ചോരമണക്കുന്ന ഇന്നലെകൾ; ജന്മിത്വത്തിന്റെ കഴുത്തറുത്ത വെളിയം, ഒരു ദേശം കമ്മ്യൂണിസ്റ്റ് ഗ്രാമമായ കഥ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ ജീവനും ജീവിതവും നൽകി കാവലായി നിന്ന സാധാരണക്കാരിൽ സാധാരണക്കാരായ സഖാക്കളുടെ ഓർമ്മകൾ കുറിക്കുന്ന പരമ്പരയാണ് comrade stories. പരമ്പരയുടെ ഈ അധ്യായത്തിൽ തെക്കൻ കേരളത്തിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച കൊല്ലം ജില്ലയിലെ വെളിയം മേഖലയിലെ കമ്മ്യൂണിസ്റ്റ് പോരാളികളെ ഓർത്തെടുക്കുകയാണ്.

ഷിജു കുമാർ കെഎസ്

1940കളുടെ രണ്ടാം പകുതിയിൽ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും സാമൂഹ്യനീതിയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളും യുവാക്കളിൽ ഉണർവും ആവേശവും സൃഷ്ടിച്ചു.നവോത്ഥാന പ്രസ്ഥാനങ്ങളും, ആശാന്റെയും ചങ്ങമ്പുഴയുടെയും സാഹിത്യ സൃഷ്ടികളും നാട്ടിലാകെ മാറ്റത്തിന്റെ അലകൾ വിതറി. ക്ഷേത്രപ്രവേശന വിളംബരം കൂടുതൽ അവേശം പകർന്നു. അടിച്ചമർത്തപ്പെട്ടവനു മോചനം സാധ്യമാകുമെന്ന ചിന്ത പടർന്നു കയറി.

Also Read:- പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിക്കുമ്പോള്‍ കാഴ്ച നഷ്ടപ്പെട്ടു; കൊട്ടാരത്തിന്റെ മതില്‍ക്കെട്ടില്‍ രാജവാഴ്ചയ്ക്ക് എതിരെ ചുമരെഴുതിയ പോരാളി: സഖാവ് എം കെ ഭരതന്‍ https://youngindianews.in/comrade-stories-part-2-m-k-bharathan/

ജന്മിത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും ഭീകരരുപവും, ഫ്യൂഡൽ സാമൂഹിക പശ്ചാത്തലവുമായിരുന്നു കൊട്ടാരക്കര താലൂക്കിലാകെ നിലവിലുണ്ടായിരുന്നത്. ദരിദ്ര കൃഷിക്കാരും കർഷക തൊഴിലാളികളുമായിരുന്നു ജനസംഖ്യയിൽ ഭൂരിഭാഗവും. വെളിയം കോട്ടാത്തല പ്രദേശങ്ങളിൽ കൈത്തറി നെയ്ത്തു തൊഴിലായി സ്വീകരിച്ചിരുന്ന ഒരു ജനവിഭാഗം ഉണ്ടായിരുന്നു. കായില സംസ്‌കൃത സ്‌കൂളും, മൈലോട് ഇംഗ്ലീഷ് മിഡിയം സ്‌കൂളും, ഓടനാവട്ടം മലയാളം സ്‌കൂളും, കൊട്ടാരക്കര ഗവ.ഹൈസ്‌കൂളും പിന്നോക്ക അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യം ചെയ്തിരുന്നു. കാർഷികരംഗം പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നു. വെളിയം മേഖലയിലെ ഭൂമിയിൽ സിംഹഭാഗവും മലബാർ ബ്രാഹ്മണരുടെ വകയായിരുന്നു. താങ്ങാനാകാത്ത നികുതിയോടൊപ്പം ജന്മിമാരുടെ ക്രൂരതകളും കൃഷിക്കാരെ ദുരിതത്തിലാക്കി.

തൊഴിലാളികൾ ഭൂരിഭാഗവും വർഷത്തിൽ കൂടുതൽ ദിവസങ്ങളിലും പട്ടിണിയിലായിരിക്കും. ഇത്തരം സാഹചര്യത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ തൊഴിലാളികളിൽ സ്വാതന്ത്ര്യ മോഹവും മാറ്റത്തിനു വേണ്ടിയുള്ള ദാഹവും വളർന്നു. സ്വാതന്ത്ര്യ സമരത്തിന്റെ വാർത്തകളും, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്താകമാനം വന്ന മാറ്റങ്ങളും യുവാക്കളിൽ കൂടുതൽ ആവേശം ജനിപ്പിച്ചു. വെളിയം പ്രദേശത്ത് പിന്നോക്ക സമുദായത്തിൽപ്പെട്ട യുവാക്കൾക്ക് മേൽ മീശ വയ്ക്കാനും തോർത്ത് തലയിൽ കെട്ടാനും അന്നത്തെ സാമൂഹ്യനീതി അനുവദിച്ചിരുന്നില്ല. കൃഷിക്കാർ ഓണത്തിനു കാഴ്ചവസ്തുക്കളുമായി പ്രമാണിമാരായ ജന്മിമാരെ പോയി കാണണം. നിസ്സാര കാര്യങ്ങൾക്ക് ജന്മിമാരുടെ ഗുണ്ടകൾ ആരെയും മർദിച്ച് അവശാരാക്കും. സ്ത്രീകളുടെ മാനത്തിന് യാതൊരു വിലയും ജന്മിമാർ കൽപ്പിച്ചിരുന്നില്ല.

വെളിയം ദാമോദരനും മൂനപ്പമൺ ശ്രീധരനും

ഇത്തരം അനീതികളെ എതിർക്കാനുള്ള ആവേശമാണ് സ്വാതന്ത്ര്യ പ്രാപ്തിക്കു മുൻപു തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് രൂപം നൽകാൻ ചെറുപ്പക്കാരെ പ്രേരിപ്പിച്ചത്. കൊട്ടാരക്കര ഗവ.സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന വെളിയം ദാമോദരനാണ് ആദ്യം രംഗത്തുവന്നത്. ശ്രീവല്ലഭ മേനോൻ എന്ന സഖാവാണ് കൊട്ടാരക്കര താലൂക്കിൽ പാർട്ടി ഉണ്ടാക്കാൻ ശ്രമം നടത്തിയത്. കൊട്ടാരക്കര ഹൈസ്‌കൂളിൽ വിദ്യാർത്ഥികളായിരുന്ന ചടയമംഗലം കൃഷ്ണപിള്ളയും പട്ടാഴി കേശവൻ നായരും ദാമോദരനോടൊപ്പം ഉണ്ടായിരുന്നു. കോട്ടാത്തല സൂരേന്ദ്രനുമായി വെളിയം ദാമോദരൻ ബന്ധപ്പെട്ടതിനു ശേഷമാണ് വെളിയത്തും കോട്ടാത്തലയിലും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് രൂപം വന്നത്. നെയ്ത്തു തൊഴിലാളികളിൽ സംഘടനാ ബോധം ഉണ്ടാക്കുന്നതിൽ സഖാവ് എം കുമാരന് വലിയ പങ്കുണ്ടായിരുന്നു. നെയ്ത്തുകാരിൽ നിന്നും ആദ്യം കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വന്നവരിൽ പ്രധാനി ധീരനായ മുനപ്പമൺ ശ്രീധരനായിരുന്നു. കൂടാതെ നെടുമ്പണ കാർത്തികേയൻ, വടക്കുംകര വിദ്യാധരൻ, കിഴങ്ങുവിള രാഘവൻ, ചരുവിള കേശവൻ, തയ്യിലഴികം കരുണാകരൻ, കൊറിയ സുകുമാരൻ, കരുവ ശ്രീധരൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി സായുധ വിപ്ലവത്തിന്റെ മാർഗ്ഗം സ്വീകരിച്ചപ്പോൾ (കൽക്കട്ട തീസിസ് ) വെളിയം പ്രദേശത്തെ തൊഴിലാളികളും ആവേശഭരിതരായി. പ്രത്യാശയുടെ നാമ്പുകൾ കിളിർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കൂടുതൽ ആളുകൾ എത്തി. മാർക്‌സിസവും ലെനിനിസവും എന്തെന്നു മനസ്സിലാക്കിയല്ല ഇവർ പാർട്ടിയിലേക്ക് വന്നത്. നിലവിലുണ്ടായിരുന്ന അസമത്വവും, ഉച്ചനീചത്വങ്ങളും ഇല്ലാതാകുമെന്നും ജന്മിമാരുടെ ക്രൂരതകൾ അവസാനിക്കുമെന്നും നാട്ടിൽ വലിയ മാറ്റം ഉണ്ടാകുമെന്നുമുള്ള ധാരണ അവർക്കുണ്ടായി. സാമൂഹ്യനീതി അവർ വല്ലാതെ ആഗ്രഹിച്ചു.

വെളിയം ഭാർഗ്ഗവനും ഉണ്ണിയാശാനും

മാറ്റത്തിനു വേണ്ടിയുള്ള ആഗ്രഹം ഏതു സാഹസത്തിനും അവരെ തയ്യാറാക്കി. പാർട്ടി നിരോധിച്ചിരുന്ന സമയത്ത് സ്ത്രീകൾ ഉൾപ്പെടെ കർഷക തൊഴിലാളികളും, നെയ്ത്ത് തൊഴിലാളികളും സഖാവ് വെളിയം ദാമോദരന്റെ നേതൃത്വത്തിൽ വെളിയത്ത് നിരോധനം ലംഘിച്ച് പ്രകടനം നടത്തുകയുണ്ടായി. പൊലീസിന്റെ ഭാഗത്തു നിന്നും ഭീകരമായ ആക്രമണങ്ങൾ ഇതിനു ശേഷം ആരംഭിച്ചു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നു. പൊലീസിനെ കൂടാതെ പട്ടാളവും രംഗത്തുവന്നു. ഇവരോടൊപ്പം ജന്മിമാരുടെ ഗുണ്ടകളും ചേർന്ന് പാർട്ടി പ്രവർത്തകരെ വേട്ടയാടാൻ തുടങ്ങി. പലരുടെയും വിടുകളിൽ കയറി സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ മർദ്ദിച്ചു. വീടുകൾക്ക് നാശനഷ്ടമുണ്ടാക്കി. മൂനപ്പമൺ ശ്രീധരനെ പിടിക്കാൻ പൊലീസ് പിന്തുടർന്നെങ്കിലും പിടിക്കാൻ ധൈര്യപ്പെട്ടില്ല. കിഴങ്ങുവിള രാഘവന്റെ പിറകെ നാലു മൈലുകൾ പിന്തുടർന്ന് ഓടിയെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. പൊലീസിന്റെ പിടിയിലായാൽ ജീവനോടെ തിരിച്ചു വരാൻ കഴിയുമെന്ന് ആരും പ്രതിക്ഷിച്ചിരുന്നില്ല. ക്രൂരമായ പൊലീസ് മർദ്ദനത്തിന്റെ ഫലമായാണ് നെയ്ത്തു തൊഴിലാളിയായിരുന്ന അയ്യനാംപൊയ്കയിൽ ഗോപാലപിള്ളയും ബീഡി തൊഴിലാളിയായ കണ്ണോട്ടു കുശലനും മരിച്ചത്.

എന്നാൽ പാർട്ടിക്ക് ശക്തമായ അടിത്തറ ലഭ്യമായത് ഇക്കാലത്താണ്. കർഷകരും കർഷക തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും സംഘടിതരായി. ഈ പോരാട്ടങ്ങളുടെ കനൽവഴികളിലേക്കാണ് വെളിയം ഭാർഗ്ഗവൻ ഉൾപ്പെടെയുള്ളവർ പാർട്ടിയിലേക്ക് വരുന്നത്. പാർട്ടിയുടെ മേലുള്ള നിരോധനം പിൻവലിച്ചതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജന സംഘടനകളും അജയ്യ ശക്തിയായി വളർന്നു. നൂലും കൂലിയും പദ്ധതിക്കു വേണ്ടി സ. കെഎസ് ആനന്ദന്റ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിൽ വെളിയത്തെ നെയ്ത്തു തൊഴിലാളികൾ വലിയ പങ്കുവഹിച്ചു. ജന്മിമാരും ഗുണ്ടകളും നടത്തിയിരുന്ന എല്ലാ അതിക്രമങ്ങളും പാർട്ടിയുടെ നേതൃത്വത്തിൽ അടിച്ചമർത്തി. പുത്തിയറ ഗ്രേസിംഗ് ബ്ലോക്ക് സമരത്തിന്റെ ഫലമായി 300 ഏക്കർ സ്ഥലം കൈവശക്കാർക്ക് ലഭ്യമായി.

വെളിയം രാജൻ

പാർട്ടിയുടെ പോരാട്ട ഫലമായി ദേവസ്വം വക വസ്തുക്കൾ കൃഷിക്കാർക്ക് ലഭിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി പൂയപ്പള്ളി കശുവണ്ടി ഫാക്ടറിയിൽ സ. തമ്പിയുടെയും ,ഇടയിലഴികത്തു രാമചന്ദ്രന്റെയും നേതൃത്വത്തിൽ നടന്ന സമരം ഐതിഹാസികമായിരുന്നു. മൈലോട് ബാലകൃഷ്ണനും തൊഴിലാളികളെ സംഘടിപ്പിക്കാൻ മുമ്പിൽ നിന്നു. കൊട്ടാരക്കര ഹൈസ്‌കൂളിൽ ഫോർത്ത് ഫോമിൽ പഠിക്കുമ്പോഴാണ് പ്രൊഫ. വെളിയം രാജൻ പാർട്ടിയിൽ ചേരുന്നത്. ആശാന്റഴികത്ത് സദാന്ദനൻ, ഗംഗാധര ശാസ്ത്രികൾ എന്നിവർ ആദ്യ പാർട്ടി ഗ്രൂപ്പുകളിലെ അംഗങ്ങളായിരുന്നു. ഉണ്ണിയാശാൻ എന്ന കരീപ്ര നാരായണനുണ്ണി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സഖാവാണ്.

പ്രൊഫ.വെളിയം രാജനെ ഇൻ്റർവ്യു ചെയ്ത് തയ്യാറാക്കിയത്.

(ഈ പരമ്പരയിൽ നിങ്ങളുടെ നാട്ടിലെ സഖാക്കളുടെ ജീവിതം ചേർക്കാൻ 8129672130, 9400839966 എന്നീ നമ്പറുകളിലേക്കോ youngindiaweb@gmail.com ഇ മെയിൽ വിലാസത്തിലേക്കോ ലേഖനങ്ങൾ അയയ്ക്കുക)

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares