കേരളത്തിലെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറയിട്ടത് സ്വന്തം ജീവനും ജീവിതവും ഉപേക്ഷിച്ച് പാർട്ടിക്ക് വേണ്ടി രാപ്പകൽ പോരാടിയ മനുഷ്യരാണ്. എവിടെയും രേഖപ്പെടുത്താതെ പോയ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങൾ അടയാളപ്പെടുത്തി വയ്ക്കുകയാണ് ‘comrade stories’ എന്ന പരമ്പരയിലൂടെ. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ അധ്വാനിച്ച സഖാവ് വി പ്രഭാകരന്റെ ജീവിതം ഇവിടെ വായിക്കാം.
അൽജിഹാൻ
കാലത്തിനു മുമ്പേ നടന്ന കമ്മ്യൂണിസ്റ്റ് എന്ന് ചുരുക്കം വ്യക്തികളെ പറ്റി മാത്രമേ പറയാൻ കഴിയൂ, അതിലൊരാളാണ് നിലമേൽക്കാരുടെ പ്രിയപ്പെട്ട വി പ്രഭാകരൻ. പാർട്ടിക്കാരും നാട്ടുകാരും അദ്ദേഹത്തെ ആദരത്തോടെ ആശാനെന്നു വിളിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് വേണ്ടി മാറ്റിവെച്ച അദ്ദേഹത്തിന്റെ ജീവിതം, എക്കാലത്തും ആവേശത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
എപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസായ വി വി രാഘവൻ സ്മാരത്തിൽ ഒരു കസേരയിൽ വായിച്ചു തീർക്കുവാൻ ഇനി ഏറെ ഉള്ളതുപോലെ മേശപ്പുറത്തു നിരത്തിയിട്ടിരിക്കുന്ന പത്രങ്ങൾ ഓരോന്നായി വായിച്ചുകൊണ്ടിരിക്കുന്ന ആശാനെ എന്നും കാണാമായിരുന്നു.
അത്യാവശ്യക്കാർ കാര്യങ്ങൾ പറയാനായി ഓഫീസിൽ എത്തുമ്പോൾ വായനയിൽ മുഴുകി ഇരിക്കുന്ന ആശാൻ പത്രം താഴ്ത്തി തൻ്റെ കേൾവി കുറവ് മാറ്റി ശ്രദ്ധയോടെ പ്രശ്നങ്ങൾ കേൾക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ സശ്രദ്ധം കേൾക്കാൻ കഴിയുന്നത് തന്നെ ഒരു കമ്മ്യൂണിസ്റ്റ് മാതൃകയാണ്. കാര്യങ്ങൾ കേട്ടശേഷം പരിഹാരം കണ്ടെത്തുവാൻ ഉത്തരവാദിത്വപ്പെട്ട സഖാക്കളെ ചുമതലപ്പെടുത്താന്നും ആശാൻ ശ്രദ്ധിച്ചിരുന്നു. ആശാൻ ഏറെ സ്നേഹിച്ചിരുന്നത് വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളി സഖാക്കളെ തന്നെയാണ്. തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിന് ആരംഭം കുറിച്ച ബോംബെ മഹാനഗരത്തിൽ നിന്നും പകർന്നു കിട്ടിയ അനുഭവങ്ങളുടെകൂടി ഭാഗമായിരിക്കാം അത്.
Also Read:- ഗാന്ധിജിയെ കാണാൻ പോയി ജയിലിലായി, സർ സിപിയെ വിരട്ടിയ വിപ്ലവ വീര്യം, ‘കണ്ണാടി കോവിലകത്തെ കമ്മ്യൂണിസ്റ്റ്’ https://youngindianews.in/comrade-stories-part-3-about-ramavaramma-thamban/
1945 ആഗസ്റ്റ് 15 ന് ബോബൈയിൽ എത്തിയ വി പ്രഭാകരൻ തയ്യൽ തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു .അവിടെ എഐടിയുസിയിൽ അംഗമായി പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ ഭാഗമായുള്ള പ്രവർത്തനത്തിന്റെ ആദ്യത്തെ അനുഭവങ്ങൾ രൂപപ്പെടുന്നത് ബോബൈ നഗരത്തിൽ നിന്നുമാണ്. 1946ൽ ബോബൈയിൽ നിന്നും പാർട്ടി മെമ്പർഷിപ്പ് ലഭിച്ചു. മൂന്ന് വർഷത്തെ ബോംബെ വാസത്തിൽ നിന്നും കിട്ടിയ അനുഭവങ്ങളുമായി 1948 ൽ നിലമേൽ എന്ന നാട്ടിൻ പുറത്തേക്ക് തിരികെയെത്തി. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി.
സിപിഐ നേതാവ് കെ ആർ ചന്ദ്രമോഹന്റെ പിതാവ് കെ ആർ രാഘവൻ പിള്ളയുടെവീട്ടിൽ വച്ച് ആശാൻ പാർട്ടി മെമ്പർഷിപ്പ് ഏറ്റുവാങ്ങി. വർഗ്ഗ ബഹുജന സംഘടന പ്രവർത്തനത്തിലേക്ക് അങ്ങനെ ആശാൻ എന്ന ഉത്തമനായ കമ്മ്യൂണിസ്റ്റ് കൂടുതൽ വ്യാപൃതനായി.
Also Read:- ചോരമണക്കുന്ന ഇന്നലെകൾ; ജന്മിത്വത്തിന്റെ കഴുത്തറുത്ത വെളിയം, ഒരു ദേശം കമ്മ്യൂണിസ്റ്റ് ഗ്രാമമായ കഥ https://youngindianews.in/comrade-stories-part-3-communist-history-of-veliyam/
ബീഡി തൊഴിലാളികളേയും ,തയ്യൽ തൊഴിലാളികളിലൂടേയും ഇടയിൽ ബഹുജന പ്രവർത്തനം വ്യാപിപ്പിച്ചു. നാട്ടിലെ ചെറുപ്പക്കാർക്ക് ജോലിയും ചെറിയ വരുമാനവും നൽകുന്നതിനായി ജീവിത മാർഗ്ഗമെന്ന നിലയിൽ 1948 ൽ ഒരു സോഡാ ഫാക്ടറി നിലമേൽ ആരംഭിച്ചു. തട്ടത്തുമല ,പള്ളിക്കൽ, ആയൂർ തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ആയിരുന്നു പ്രധാനമായും സോഡ വ്യാപാരം നടത്തിയിരുന്നത്. അന്നത്തെ പാർട്ടി മെമ്പർഷിപ്പ് ഗ്രൂപ്പ് എന്നും സെൽ എന്നും ഒക്കെയാണ് അറിയപ്പെട്ടിരുന്നത്. ഈ സമയം കർഷക തൊഴിലാളി മേഖലയിലേക്ക് പ്രവർത്തനം വ്യാപിച്ചു. നിലമേൽ ഉണ്ണിത്താനെ പോലുള്ള ഭൂ ഉടമകളുടെ പാടങ്ങളിൽ പണി എടുത്തിരുന്ന തൊഴിലാളികൾക്കിടയിലെ തൊഴിൽ പ്രശ്നങ്ങളിൽ ഒക്കെ പരിഹാര ഹസ്തവുമായി ആശാൻ ഉണ്ടായിരുന്നു. നിലമേൽ ഉണ്ണിത്താന്റെ ഭൂമിയിൽ ധാരാളം കുടികിടപ്പുകാർ ഉണ്ടായിരുന്നു. അവരുടെ അവകാശങ്ങൾ സംരക്ഷിച്ചതും ആശാൻ തന്നെയായിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒട്ടനവധി കുടുംബങ്ങൾക്ക് ഏക്കർകണക്കിന് ഭൂമി പതിച്ച് നൽകാൻ ഇടപെടൽ നടത്തി. അന്ന് കൂലിയായി കർഷക തൊഴിലാളികൾക്ക് ലഭിച്ചിരുന്നത് നെല്ല് ആയിരുന്നു. ഈ തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ ഒപ്പം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആശാൻ സജീവമായി പ്രവർത്തിച്ചു.
കൊല്ലം ജില്ലയിലെ ആദ്യത്തെ തോട്ടം തൊഴിലാളി യൂണിയന്റെ നേതാക്കളിൽ ഒരാളും പ്രഭാകരൻ ആശാൻ ആയിരുന്നു. കൊട്ടാരക്കര താലൂക്കിലെ തോട്ടം തൊഴിലാളി യൂണിയന്റെ ദീർഘകാലത്തെ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ തൊഴിലാളി സംഘാടനത്തിലും അദ്ദേഹം വ്യക്തതമായ പങ്ക് വഹിച്ചിട്ടുണ്ട്.
Also Read:-പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിക്കുമ്പോള്‍ കാഴ്ച നഷ്ടപ്പെട്ടു; കൊട്ടാരത്തിന്റെ മതില്‍ക്കെട്ടില്‍ രാജവാഴ്ചയ്ക്ക് എതിരെ ചുമരെഴുതിയ പോരാളി: സഖാവ് എം കെ ഭരതന്‍https://youngindianews.in/comrade-stories-part-2-m-k-bharathan/
1948 ൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ കൊട്ടാരക്കര താലൂക്കിൽ വളർന്നതിൽ മുഖ്യപങ്ക് പ്രഭാകരൻ ആശാനുണ്ടായിരുന്നു. പ്രത്യേകിച്ച് അന്നത്തെ വലിയ ഭൂ ഉടമകൾ അധികവും കോൺഗ്രസ്സുകാർ ആയിരുന്നു. ഇവരുടെ ഭൂമിയിൽ പണി എടുത്തിരുന്ന തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിരുന്നു. അവിടെ ശക്തമായ ഇടപെടലും പരിഹാരവുമായി ആശാൻ എത്തിയിരുന്നു. ഇത് പാർട്ടിക്കുകൂടുതൽ കരുത്തും മുതൽകൂട്ടുമായി മാറി. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് ബാർബർ ഷോപ്പിൽ മുടി വെട്ടാൻ അനുവദിച്ചിരുന്നില്ല, ചായക്കടയിൽ ചായ നൽകിയിരുന്നില്ല. ചായ കൊടുത്താൽ തന്നെ പ്രത്യേക സ്ഥലത്ത് പ്രത്യേകമായി കഴുകി വയ്ക്കണമായിരുന്നു. ബാർബർഷാപ്പിൽ എല്ലാവരേയും പോലെ പട്ടികജാതി വിഭാഗക്കാർക്കും മുടി വെട്ടിക്കാൻ അവസരം ഒരുക്കാൻ ആശാൻ ശക്തമായി ഇടപ്പെട്ടു. അങ്ങനെ ബാർബർ ഷോപ്പിന്റെ വാതിൽ ഹരിജനങ്ങൾക്കായി തുറന്നു നൽകി. അങ്ങനെ സാമൂഹ്യമായ പരിഷ്കരണത്തിനും ആശാൻ നേതൃത്വം നൽകി.
നിലമേൽ സർവ്വീസ് സഹകരണ ബാങ്കിന്റെ രൂപീകരണത്തിൽ നിസ്തൂലമായ പങ്ക് വഹിച്ച ആശാൻ ബാങ്ക് ഭരണസമിതി അംഗവും ആയിരുന്നു. നിലമേൽ ലോക്കൽ കമ്മിറ്റി ഓഫീസായ വി വി രാഘവൻ സ്മാരകത്തിന് 1948 ൽ 17 സെന്റ് സ്ഥലം കണ്ടെത്തുന്നതിനും ആശാന്റ പരിശ്രമം ഉണ്ടായിരുന്നു.
1954ൽ നടന്ന ട്രാൻസ്പോർട്ട് സമരത്തിൽ പങ്കെടുത്തതോടെ ആശാൻ ജനഹൃദയങ്ങളിലേക്ക് കടന്നു വന്നു. ക്രൂരമായ മർദ്ദനവും ജയിൽ വാസവും ഏൽക്കേണ്ടി വന്നു. വെളിയം ഭാർഗ്ഗവൻ, ഇ ചന്ദ്രശേഖരൻ നായർ, സി എൻ രാഘവൻ തുടങ്ങിയ നേതാക്കളോടപ്പം പ്രഭാകരൻ ആശാൻ സമരത്തിൽ സജീവമായി. അങ്ങനെ കൊല്ലം ജില്ലയിലെ പ്രധാന നേതാവായി വി പ്രഭാകരൻ മാറി.
1950 ൽ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി മുന്നോട്ട് പോകുമ്പോൾ അന്നത്തെ പൊലീസ് ആശാനെ പ്രതിയാക്കി കള്ളകേസ്സെടുത്തു. അന്ന് ആശാനുവേണ്ടി കേസ് കോടതിയിൽ വാദിച്ചത്. മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും ആയിരുന്ന ഇ ചന്ദ്രശേഖരൻ നായരുടെ പിതാവ് ഈശ്വര പിള്ള വക്കീൽ ആയിരുന്നു. 92 രാഷ്ട്രീയ സമര കേസ്സുകൾ 93 വയസ്സിനിടയിൽ നേരിടേണ്ടി വന്നു .കൊട്ടാരക്കര, പുനലൂർ, കൊല്ലം തുടങ്ങിയ കോടതികളിലാണ് കേസ്സുകൾ അധികവും ഉണ്ടായിരുന്നത്.
1957 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചടയമംഗലം മണ്ഡലത്തിൽ മത്സരിക്കുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി വെളിയം ഭാർഗ്ഗവൻ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വിജയത്തിനായി പൂർണ്ണ സമയ പ്രവർത്തകനായി നിലമേൽ പ്രഭാകരൻ ഉണ്ടായിരുന്നു.1957 ലും 60 ലും വെളിയത്തിന്റെ തെരഞ്ഞെടുപ്പിലെ വിജയശില്പികളിൽ പ്രധാനി ആശാൻ ആയിരുന്നു എന്നു പറയാം.1964ലെ പാർട്ടി ഭിന്നിപ്പിനു ശേഷം ആശാൻ സി പി ഐ ക്കൊപ്പം നിലയുറച്ചു. ആക്കാലത്തെ പ്രതിബദ്ധങ്ങളേയും പ്രശ്നങ്ങളേയും സധൈര്യം നേരിട്ട ഉറച്ച കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം.
പാർട്ടി ഭിന്നിപ്പിന്റെ കാലത്ത് തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് എം എൻ സ്മാരകം പിടിച്ചെടുക്കാൻ എത്തിയവർക്കു മുന്നിൽ ഉറച്ച വിപ്ലവകാരിയുടെ ധൈര്യത്തോടെ പ്രതിരോധത്തിന്റെ കവചം തീർത്തത് ആശാൻ നേതൃത്വം നൽകിയ 18 അംഗ വോളന്റിയർമാർ ആയിരുന്നു. ഇവിടെ ധൈര്യശാലിയും കരുത്തനുമായ ഒരു കമ്മ്യൂണിസ്റ്റിനെ കേരളം കണ്ടു.
1965 ൽ കമ്പനിമല എസ്റ്റേറ്റിലെ തൊഴിലാളികൾക്കെതിരെ കോഴഞ്ചേരി മുതലാളിമാർ വലിയ തൊഴിൽ ചൂഷണം അടിച്ചേൽപ്പിച്ചിരുന്നു. ഇതിനെതിരെ തോട്ടം തൊഴിലാളികൾ സത്യാഗ്രഹ സമരം ആരംഭിച്ചു. ഈ സമയം കമ്പനി മുതലാളി പുനലൂർ നിന്നും വേറെ കരിങ്കാലി പണിക്കാരെക്കൊണ്ടുവന്ന് പണിയെടുപ്പിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച പ്രഭാകരൻ ആശാനു നേരെ മുതലാളി നിറയൊഴിച്ചു. വെടിയേറ്റ ആശാൻ അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവിടെയും നാം കണ്ടത് കരുത്ത് കൊണ്ട് കർമ്മനിരതനായ ഒരു കമ്മ്യൂണിസ്റ്റിനെയാണ്.
പാർട്ടി വലിയ പ്രതിസന്ധിയെ നേരിട്ടപ്പോൾ കണ്ണൂരിലെ മാടായി ,നീലേശ്വരം ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി നിർദ്ദേശപ്രകാരം ആശാൻ ബൂത്ത് ഏജന്റായി പ്രവർത്തിച്ചു. സംസ്കാരിക കൈമാറ്റത്തിന്റെ കേദാരമായ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കാനുള്ള പരിശ്രമങ്ങളിലേക്ക് ആശാൻ നീങ്ങി. അങ്ങനെ 1964ൽ കൊല്ലം ജില്ലയിലെ പ്രധാന കലാലയമായ നിലമേൽ എൻ എസ് എസ് കോളേജിന്റെ രൂപീകരണത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചു.
നിലമേൽ വേലായുധൻ ഉണ്ണിത്താൻ നൽകിയ 10 ഏക്കർ സ്ഥലവും, പിന്നെ 25 ഏക്കർ സ്ഥലവും ആശാന്റെ ഇടപെടലിലൂടെ ഏറ്റെടുത്തു. കോളേജ് നിർമ്മാണ കമ്മിറ്റിയുടെ കൺവീനറും വി. പ്രഭാകരനാശാൻ ആയിരുന്നു. കോളേജ് നിർമ്മാണത്തിന് വേണ്ടി ഏറ്റെടുത്ത കുടികിടപ്പുകാരുടെ ഭൂമിക്ക് പകരമായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വീടുകൾ നിർമ്മിക്കുകയും ചെയ്തു. നാടിന് ആവശ്യമുള്ള വിദ്യാഭ്യാസവും അതോടപ്പം പാവങ്ങളുടെ പുനരധിവാസവും ആശാൻ അങ്ങനെ അഭിപ്രായ സമന്വയത്തിലൂടെ യാഥാർത്ഥ്യമാക്കി.
പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ ഉൾപ്പെടെ നിലമേലിലെ സർക്കാർ. വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിൽ ആശാന്റെ പങ്ക് നിർണ്ണായകമായിരൂന്നു, നിലമേൽ “സൗഹാർദ്ദ സമിതി ” ഗ്രന്ഥശാലയുടെ തുടക്കവും ആശാന്റെ ശ്രമഫലമായിരുന്നു. പിന്നീട് അംഗീകൃത ഗ്രന്ഥശാലയായി മാറി ഇന്നും ഈ ഗ്രന്ഥശാല സജീവമായി പ്രവർത്തിക്കുന്നു.
1967 ൽ ചിതറ പഞ്ചായത്തിൽ മങ്കോട് ഒരു പ്രാഥമിക വിദ്യാലയവും ആശാന്റെ നേതൃത്വത്തിൽ തുടങ്ങി. കടയ്ക്കൽ കുറ്റിക്കാട് കമ്മ്യൂണിസ്റ്റ് പാർട്ടി ഹയർ സെക്കന്ററി സ്‌കൂളിന്റെ ട്രസ്റ്റ് മെമ്പറായി ആശാൻ മരണം വരെ പ്രവർത്തിച്ചു. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു .പിന്നീട് മണ്ഡലം കമ്മിറ്റിയായി മാറിയപ്പോൾ 1980 ൽ ചടയമംഗലം മണ്ഡലം സെക്രട്ടറിയായും ഏറെ കാലം പ്രവർത്തക്കുകയും ചെയ്തു.
1977 ലും 80 ലും ഇ. ചന്ദ്രശേഖരൻ നായർ ചടയമംഗലത്ത് മത്സസരിച്ചപ്പോഴും ആശാന്റെ പ്രവർത്തന മികവ് നാം കണ്ടു. പിന്നീട് 1982 ൽ കെ ആർ ചന്ദ്രമോഹന്റെ തെരഞ്ഞെടുപ്പ് വിജയത്തിലും നല്ല പങ്ക് വഹിച്ചു. പാർലമെന്ററി രംഗത്തേക്ക് കടന്നു വരാൻ ആശാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഒരിക്കൽ മാത്രം 1963ൽ അന്നത്തെ ചടയമംഗലം പഞ്ചായത്തിലെ നിലമേൽ വാർഡിൽ മത്സരിച്ചു. പിന്നെ ആശാൻ തെരഞ്ഞെടുപ്പ് മത്സരത്തിന് തയ്യാറായിട്ടില്ല. മറ്റുള്ളവർക്ക് അവസരം നൽകാൻ ആശാൻ ശ്രമിച്ചിരുന്നു. ഏകദേശം 15 ഓളം പാർട്ടി കോൺഗ്രസ്സുകളിൽ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. പാർട്ടി തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ കാർക്കശ്യമുള്ള ഒരു കമ്മ്യൂണിസ്റ്റാണ് എന്നും ആശാൻ… അതോടപ്പം നീതി നിഷേധിക്കുന്ന പാവങ്ങൾക്ക് ആശാൻ കളങ്കമില്ലാത്ത മനുഷ്യ സ്നേഹിയും….
വെള്ളാംപാറയിലെ സ്വന്തം വീട്ടിൽ നിന്ന് ഒരു കാലൻ കുടയുമായി നിലമേൽ പാർട്ടി ഓഫീസിനെ ലക്ഷ്യമാക്കിയുള്ള ആശാൻ്റെ പതിവായുള്ള നടത്തം 2020 ആഗസ്റ്റ് നാലിന് അവസാനിച്ചു.
നടന്നു വരുന്നതിനിടയിൽ ആരെയും പേരുചൊല്ലി വിളിക്കാനുള്ള പരിചയവും സ്വാതന്ത്ര്യവും കിട്ടിയിരുന്ന, ആശാനെന്ന മൂന്നക്ഷരത്തിൽ ഒരു നാട് ഏറ്റെടുത്ത മനുഷ്യസ്നേഹിയായ ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതയാത്ര നമുക്ക് നൽകുന്നത് ഒട്ടേറെ പാഠങ്ങളാണ്. അധികാരത്തിനപ്പുറം ആദർശ ശുദ്ധിയുടെ ആശയദൃഢതയും മാതൃക പിന്തുടരുന്ന ഒരു രാഷ്ട്രീയ ദിശാബോധമാണ്.
പ്രഭാകരൻ ആശാൻ മരിക്കുന്നില്ല, ഓർമ്മകളിൽ ജീവിക്കുന്നു…
(ഈ പരമ്പരയിൽ നിങ്ങളുടെ നാട്ടിലെ സഖാക്കളുടെ ജീവിതം ചേർക്കാൻ 8129672130, 9400839966 എന്നീ നമ്പറുകളിലേക്കോ youngindiaweb@gmail.com ഇ മെയിൽ വിലാസത്തിലേക്കോ ലേഖനങ്ങൾ അയയ്ക്കുക)