മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. കാങ്പോക്പിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കുകി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് സ്ത്രീ കൊല്ലപ്പെട്ടത്. 46കാരിയായ നെജാഖോള്‍ ലുങ്ദിം ആണ് മരിച്ചത്. കാങ്‌പോക്‌പിയിലെ തങ്ബൂഹിലാണ് സംഭവം.
പ്രദേശത്തെ നിരവധി വീടുകൾ അക്രമികൾ തീയിട്ടു. പ്രദേശവാസികൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തതായാണ് വിവരം. ഇരുവിഭാഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിനിടെ പ്രദേശത്ത് ബോംബേറ് ഉണ്ടായതായും പ്രദേശവാസികൾ പറയുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തിങ്കളാഴ്ച രാത്രി സിആർപിഎഫ് സംഘത്തിനുനേരെയും ആക്രമണം ഉണ്ടായിരുന്നു. സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം തടയുന്നതിൽ ബിജെപി സർക്കാർ പൂർണമായും പരാജയപ്പെട്ടതായി പ്രതിപക്ഷം കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ മെയ്തി വിഭാഗത്തിൽപ്പെട്ടവർ തട്ടിക്കൊണ്ടുപോയി കൊന്നതാണെന്ന് കുകി സംഘടനകൾ ആരോപിച്ചു. കുകികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വനിതാ സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ 50 പേർക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാർ രാജ്ഭവന്റെ കവാടത്തിനു നേരെ കല്ലെറിഞ്ഞതിനാൽ രാജ്ഭവനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സുരക്ഷാ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മണിപ്പൂർ സ്റ്റുഡൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധമാണ് സംഘർത്തിന് ഇടയാക്കിയത്.