രാഹുൽ ഗാന്ധിയെ വീണ്ടും വയനാട്ടിൽ മത്സരിപ്പിക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് നയിക്കുവാൻ സംസ്ഥാന നേതൃത്വത്തിൽ മതേതര നിലപാടുള്ള ഒരു നേതാവ് ഇല്ലാത്തത് കൊണ്ടാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പറഞ്ഞു. എഐവൈഎഫ് വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടിയിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ഇടതു കേരളത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അരുൺ.
കേരളത്തിലെ കോൺഗ്രസിന് മതേതര മുഖം നഷ്ടമായിട്ട് കാലങ്ങളായി. ബിജെപി, ആർഎസ്എസ് ട്രെയിനിങ് കിട്ടിയ നേതാക്കളാണ് അവരിൽ ഏറിയ പങ്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ പലതവണ ആർഎസ്എസ് അനുഭവം വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.
ബിജെപിയേക്കാൾ തീവ്രമായി വർഗീയത പ്രചരിപ്പിക്കാൻ ആണ് ഇപ്പോൾ കോൺഗ്രസ്സ് ശ്രമിക്കുന്നത്. കേരളത്തിൽ ബിജെപിക്ക് വളർച്ച ഉണ്ടാകില്ലെന്ന് മനസിലാക്കിയ ആർഎസ്എസ് കോൺഗ്രസിലൂടെ തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ്.
കേരളത്തിലെ മതേതര സമൂഹത്തെ വാർത്തെടുത്തത് ഇവിടുത്തെ ഇടതുപക്ഷവും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുമാണ്.ഇടതുപക്ഷം ഉള്ളത് കൊണ്ട് മാത്രമാണ് സംഘ പരിവാറിനും മറ്റു തീവ്രവാദ സംഘടനകൾക്കും കേരളത്തിൽ വേരുറപ്പിക്കാൻ പറ്റാതെ പോയത്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ബിജെപി കോൺഗ്രസിനെ വിലക്കെടുത്തിരിക്കുകയാണ് എന്നും എൻ അരുൺ പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു വിഷയാവതരണം നടത്തി.ജില്ലാ പ്രസിഡൻ്റ് സുമേഷ് എം സി അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ല സെക്രട്ടറി നിഖിൽ പദ്മനാഭൻ, അജേഷ് കെ ബി, സൗമ്യ തുടങ്ങിയവർ സംസാരിച്ചു.