എൻഡിഎയ്ക്കെതിരേയുള്ള വിശാല പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ’ കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങിയ പ്രസ്ഥാനമാണ് സിപിഐ. എന്നാൽ ഇന്ത്യ സഖ്യത്തിന്റെ നിലവിലെ പ്രവർത്തനങ്ങളോട് അതൃപ്തി പരസ്യമാക്കി സിപിഐ അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തെ കോൺഗ്രസ് അവരുടെ തൽപര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണ്. ഇടത് പാർട്ടികൾക്ക് അർഹിക്കുന്ന പരിഗണന സഖ്യത്തിൽ ലഭിക്കുന്നുണ്ടോ? ഇല്ലെന്നതാണ് വാസ്തവം. പ്രതിപക്ഷപാർട്ടികൾ ഒരുമിച്ചു നിൽക്കാതെ ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്നും പറിച്ചുകളായൻ കഴിയില്ലെന്ന് കോൺഗ്രസിനു നന്നായി അറിയാം. പക്ഷെ അധികാരം കോൺഗ്രസ് സ്വന്തം അധീനതയിൽ പിടിച്ചുനിർത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യ മുന്നണിയിൽ നടപ്പിലാക്കുന്നത്. സിപിഐ അടക്കമുള്ള പാർട്ടികളെ അർഹിക്കുന്ന പരിഗണന നൽകാതെ തഴഞ്ഞ് നിർത്തുകയെന്നതാണ് കോൺഗ്രസിന്റെ ആവശ്യം.
ബിജെപിയെ പരാജയപ്പെടുത്താൻ ഓരോ സംസ്ഥാനത്തെയും ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞാൽ അവർക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഇടത് പാർട്ടികളുടെ വിലയിരുത്തലിന്റെ അനന്തര ഫലമായിരുന്നു ‘ഇന്ത്യ’ സഖ്യം. വിവിധ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകൾ പരിശോധിച്ചുകൊണ്ടാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചത്. പൊതുപ്രശ്നങ്ങളിൽ ബിജെപിക്കെതിരെ യോജിച്ചു പ്രവർത്തിക്കുകയെന്ന നിലപാട് സിപിഐ അടക്കം ഇടത് പാർട്ടികൾ കൈകൊള്ളുകയും ചെയ്തു.
ഇന്ത്യ മുന്നണിയുടെ നയരൂപീകരണങ്ങളിൽ ഇടതുപാർട്ടികൾ വഹിച്ച പങ്ക് സുപ്രധാനാമാണ്. സഖ്യത്തെ ഒരു മതേതര, ജനാധിപത്യ കൂട്ടായ്മയായി നിലനിർത്തുന്നതിൽ സിപിഐയും സിപിഐഎമ്മും സ്വീകരിച്ച നിലപാടുകൾ നിർണായകമായിരുന്നു. അരികുവത്കരിക്കപ്പെട്ടവർക്കും മത ന്യൂനപക്ഷങ്ങൾക്കും വേണ്ടി നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇന്ത്യാ സഖ്യത്തിലെ ശിവസേന അടക്കമുള്ള ഹിന്ദുത്വ പാർട്ടികളെ ബോധ്യപ്പെടുത്താൻ ഇടതു പാർട്ടികൾക്ക് കഴിഞ്ഞതുകൊണ്ടു മാത്രമാണ് മുന്നണിയിൽ, കോമൺ മിനിമം പരിപാടി യാഥാർഥ്യമായതുതന്നെ.
കോൺഗ്രസ് അടക്കമുള്ള കക്ഷികൾ, മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചാണ് നിലകൊണ്ടിരുന്നതെന്നും എടുത്തുപറയേണ്ടതാണ്. കർഷക പോരാട്ടങ്ങളും വിദ്യാർഥി പ്രക്ഷോഭങ്ങളും ഏറ്റെടുക്കാൻ മടിച്ചുനിന്ന കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും സമരങ്ങൾക്കൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചതും ഇടതുപാർട്ടികളുടെ നിലപാടുകളായിരുന്നു.
ശേഷം നടന്നത്, അക്ഷരാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളോട് ചെയ്ത കൊടും ചതിയായിരുന്നു. സിപിഐയ്ക്ക് സ്വാധീനമുള്ള ബിഹാറിലും തെലങ്കാനയിലും ആന്ധ്രയിലും വേണ്ടത്ര പരിഗണന നൽകിയില്ല. ഝാർഖണ്ഡിലും ഝത്തീസ്ഗഡിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കരുത് എന്ന നിശ്ചയത്തിന്റെ പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ അവഗണന കണ്ടില്ലെന്ന് നടിച്ചു.
ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ഇത് ആവർത്തിച്ചു. ഝാർഖണ്ഡും ഝത്തീസ്ഗഡും സിപിഐയ്ക്ക് കൃത്യമായ വോട്ടുബാങ്കുള്ള സംസ്ഥാനങ്ങളായിരുന്നിട്ടും ഇവിടങ്ങളിൽ കോൺഗ്രസ് ഏകപക്ഷീയ നിലപാടുകൾ സ്വീകരിച്ചു. ഹരിയാനയിൽ സഖ്യമുണ്ടാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അവസാന നിമിഷം വരെ ശ്രമിച്ചിട്ടും കോൺഗ്രസ് അടുത്തില്ല. മഹാരാഷ്ട്രയിൽ സിപിഐഎമ്മിന്റെ ശക്തി കുറച്ചുകണ്ടു. ഒടുവിൽ ഫലം വന്നപ്പോൾ, ഝാർഖണ്ഡിലൊഴിച്ച് ബാക്കിയിടങ്ങളിൽ സമ്പൂർണ പരാജയം.
മറ്റുള്ളവരുടെ കൂടെനിന്ന് വിജയിച്ച ശേഷം, അവര തള്ളിക്കളയുന്ന ശീലം കോൺഗ്രസ് ഇനിയും മാറ്റാൻ തയാറായിട്ടില്ല. അതുതന്നെയാണ്, കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിലും കാണുന്നത്. ഏകപക്ഷീയമായ തരത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്ന കോൺഗ്രസ്, മുന്നണിയിൽ കൂടിയാലോചനകൾ നടത്തുന്നില്ല. സംഭാൽ, വയനാട് അടക്കമുള്ള വിവിധ ഗുരുതര വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കേണ്ട സമയത്ത്, അദാനിയിലേക്ക് മാത്രം ശ്രദ്ധ തിരിച്ച് വിലപ്പെട്ട അവസരം നഷ്ടപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്തത്. എസ്പിയും തൃണമൂൽ കോൺഗ്രസും അടക്കം അതൃപ്തി തുറന്നുപറഞ്ഞിട്ടും കോൺഗ്രസ് നിലപാട് മാറ്റാൻ തയാറായിട്ടില്ല. മനുഷ്യരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ കണ്ടില്ലെന്ന് നടിച്ച് പ്രചാരണം നടത്തിയതാണ് 2019-ലെ കോൺഗ്രസിന്റെ വൻ തകർച്ചയ്ക്ക് കാരണം. ഈ നിലപാടിൽ നിന്ന് കോൺഗ്രസിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് എസ്പിയും കമ്മ്യൂണിസ്റ്റ് പാർട്ടികളുമാണ്. എന്നാൽ, ജയിച്ച് പ്രതിപക്ഷ നേതാവായതിന് ശേഷം തനിക്ക് തോന്നുംപോലുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും ഈ പോക്ക് പ്രതിപക്ഷത്തിന് നല്ലതല്ല തന്നെ.