തിരുവനന്തപുരം: ബിബിസിയുടെ മോദി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ ചുമതലകളോടൊപ്പം കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനവും അനിൽ രാജിവച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അനിൽ തന്റെ രാജിക്കാര്യം അറിയിച്ചത്. പാർട്ടി പദവികളെല്ലാം ഒഴിയുന്നതായും ട്വീറ്റിൽ പറഞ്ഞു. ബിബിസിയുടെ മോദി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി വാദത്തിനു അനുകൂല നിലപാടായിരുന്നു കോൺഗ്രസിന്റെ ദേശീയ നേതവായ ആന്റണിയുടെ മകൻ സ്വീകരിച്ചത്. ഇത് കോൺഗ്രസ് പാർട്ടിക്ക് അകത്തും പുറത്തും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് അനിലിന്റെ രാജി.
അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരിൽനിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. ഒരു ട്വീറ്റിന്റെ പേരിൽ പലരും വിളിച്ച് എതിർപ്പ് പറഞ്ഞു. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. ഇത്രയും വെറുപ്പിനിടയിൽ തുടരാനാകില്ലെന്നും അനിൽ ട്വീറ്റിൽ പറഞ്ഞു.