ഗീത നസീർ
സ്ത്രീകൾ മാത്രം നയിക്കുന്ന ജാഥ അല്ലെങ്കിൽ സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന യോഗങ്ങൾ എന്നതൊക്കെ ഫെമിനിസ്റ്റ് ആശയമായി പൂർണ അർത്ഥത്തിൽ കാണാൻ കഴിയില്ല. എന്നാൽ പുരുഷാധിപത്യം നിലനിൽക്കുന്ന ലോകത്ത് ഇത്തരം കൂട്ടായ്മകളും സ്ത്രീമുന്നേറ്റങ്ങളും നിർണ്ണായകമാണ്. തുല്യത കൈവരിക്കാനുള്ള ഫെമിനിസ്റ്റ് പോരാട്ടങ്ങളിൽ ഇതൊരു ധീരമായ ചുവടുവെയ്പ്പ് തന്നെയാണ്. മാർച്ച് 8 സാർവ്വദേശീയ വനിതാദിനമായതും അതുകൊണ്ടൊക്കെയാണ്. ഇന്നും ലോകമെമ്പാടും സ്ത്രീകൾ തുറക്കുന്ന പോരാട്ട പോർമുഖങ്ങൾ നോക്കിയാൽ ഫെമിനിസത്തിന്റെ സാംഗിത്യവും സങ്കീർണ്ണതയും മനസ്സിലാകും, ഒപ്പം പുരുഷാധിപത്യത്തിന്റെ ആഴവും പരപ്പും.
അത്തരമൊരു ചരിത്രസംഭവത്തിനാണ് കേരളത്തിലെ എഐവൈ എഫ് 1988 ൽ തിരികൊളുത്തിയത്. തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യമുയർത്തി ഏ ഐ വൈ എഫ് നടത്തിയ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിൽ അന്ന് നടത്തിയ വനിതാ മാർച്ച് വൈ എഫിന്റെ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. ഇന്ന് 65 ആം പിറന്നാൾ ആഘോഷിക്കുന്ന സംഘടനയ്ക്ക് അഭിമാനം നൽകിയ ആ മാർച്ചിനെ ഓർക്കാതിരിക്കാനാകില്ല. ഏറ്റവും സുപ്രധാനമായ ലിംഗതുല്യത അടയാളപ്പെടുത്തിയ മാർച്ചിൽ 51 യുവതികൾ 33 ദിവസം കാസർകോട് മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തി. ആ യാത്രയുടെ അലകും പിടിയും സംവിധാനവും യുവതികളുടെ കൈയിലായിരുന്നു.
തൊഴിൽ യുവാക്കളുടെ മാത്രമല്ല യുവതികളുടെ കൂടി ആവശ്യമാണെന്ന് പ്രഖ്യാപിച്ച എഐവൈഎഫ് രാജ്യത്തിന് നൽകിയ സന്ദേശം ചെറുതല്ല. തങ്ങളുടെ സംഘടനയിലെ സ്ത്രീനേതൃത്വ പാടവം ലോകത്തിന് മുൻപിൽ അഭിമാനപുരസരം തുറന്ന് കാണിക്കുകകൂടിയായിരുന്നു. തൃശ്ശൂരിൽ നടന്ന കഴിഞ്ഞ മഹിളാസംഘം സംസ്ഥാന സമ്മേളനവേദിയിൽ ആ മാർച്ചിലെ ഏതാണ്ട് മുഴുവൻ പേരെയും ആദരിക്കുന്ന ചടങ്ങ് നടന്നത് ഉൾപ്പുളകത്തോടെയാണ് സാക്ഷിയായത്. സ്ത്രീപുരുഷ തുല്യത എന്നത് മാർക്സിസത്തിന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ പരമപ്രധാനമായതുകൊണ്ടാണ് ഫ്രഡറിക് ഏൻഗൽസ് കുടുംബം സ്വകാര്യസ്വത്തു ഭരണകൂടം എന്ന തന്റെ വിഖ്യാതമായ പുസ്തകത്തിൽ ഫെമിനിസ്റ്റ് ആശയങ്ങൾക്ക് അടിവരയിട്ടത്.
ഒരു യുവജന സംഘടന ആ ആശയത്തിന് കരുത്തു പകരുന്ന നിലപാടുകൾ ക്യാമ്പയ്‌നുകളിൽ ഉൾപ്പെടുത്തുമ്പോൾ അത് ചരിത്രമാകും. ചരിത്രപരമായ കടമ നിർവഹിക്കലാകും. ആനി രാജ , ആർ ലതാദേവി പി വസന്തം തുടങ്ങി 51 വനിതാനേതാക്കളെ എ ഐ വൈ എഫ് സംഭാവന ചെയ്യുന്നതും ആ പ്രവർത്തിയിലൂടെയാണ്. ഇന്നും അത്തരം മാർച്ചുകളുടെ പ്രസക്തി നിലനിൽക്കുന്നു എന്ന് മാത്രമല്ല പൂർവാധികം ശക്തിയോടെ നടത്തേണ്ടതുണ്ടെന്നതിനും രണ്ടഭിപ്രായമില്ല. കാലവും സമൂഹവും വളരെ വേഗം യാഥാസ്ഥിതികമായിക്കൊണ്ടിരിക്കുന്ന ഈ കെട്ട ഫാസിസ്റ്റ് കാലത്ത് ബോധപൂർവം തന്നെ സ്ത്രീമുന്നേറ്റങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. എഐവൈഎഫ് വീണ്ടും വീണ്ടും മാതൃകയാകട്ടെ.
സംഘടനയ്ക്ക് ഒരു മുൻ എഐഎസ്എഫുകാരിയുടെ ജന്മദിന ആശംസകൾ.