രാജ്യം ഇന്ന് ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഭരണഘടനാ മൂല്യങ്ങളായ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകർക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നത്.
വിഭാഗീയവും ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതുമായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ ദേശീയതയെ തകർക്കാൻ മുൻപ് ബ്രീട്ടീഷുകാർ കണ്ടെത്തിയ വിഭജിച്ച് ഭരിക്കൽ നയം പിന്തുടരുകയാണ് കേന്ദ്രം.
1906 ഒക്ടോബറിൽ മുസ്ലീം നേതാക്കളുടെ സിംല നിവേദക സംഘത്തിന് വർഗീയാടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രാതിനിധ്യം അനുവദിക്കാമെന്ന് ഉറപ്പു നൽകിയും അതിന് സമാന്തരമായി ഹിന്ദു സഭക്ക് രൂപം നൽകിയതും വിഭജന രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചു കൊണ്ടുള്ള സാമ്രാജ്യത്വ അജണ്ടയായിരുന്നു. സമാന രീതിയിലുള്ള ഇന്ത്യയുടെ ഭരണഘടനയുടെ മതനിരപേക്ഷ – ജനാധിപത്യ അടിത്തറയെ തകർക്കുന്നതിനുള്ള കുല്സിത ശ്രമങ്ങൾക്കെതിരെ നിതാന്ത ജാഗ്രതയോട് കൂടിയുള്ള പ്രതിരോധം നാം ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്’, ‘സെക്യുലർ’ പ്രയോഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ നൽകിയ ഹർജി തള്ളിയ വാർത്ത പുറത്തു വന്നിട്ടുണ്ട്. 1999 ൽ അടൽ ബിഹാരി വാജ്‌പേയി പ്രധാന മന്ത്രിയായിരിക്കെ ഇന്ത്യന്‍ ഭരണഘടയിലെ ‘സോഷ്യലിസ്റ്റ്’ , ‘സെക്യുലര്‍’ എന്നീ വാക്കുകള്‍ നീക്കം ചെയ്യുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയമിച്ചിരുന്നുവെങ്കിലും അന്ന് ഭരണഘടനാ ഭേദഗതി നടന്നിരുന്നില്ല.
അതിപ്രാചീനമായ ഇന്ത്യന്‍ നിയമഗ്രന്ഥമായ മനുസ്മൃതിക്ക് നമ്മുടെ ഭരണഘടന പണ്ഡിതന്മാര്‍ക്കു മുന്നില്‍ ഒരു വിലയുമില്ലെന്ന് പരിതപിച്ചത് ഭരണഘടന അംഗീകരിച്ചതിനു നാലാംനാൾ നവംബർ 30 ന് പ്രസിദ്ധീകരിച്ച ആര്‍എസ്എസ് മുഖപത്രം ‘ഓര്‍ഗനൈസര്‍’ ആയിരുന്നു. ഭരണ ഘടനയും രാജ്യത്തിന്റെ ബഹുസ്വരതയും സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലഘട്ടത്തിൽ ജനാധിപത്യത്തിലും മത നിരപേക്ഷതയിലുമൂന്നിയുള്ള പ്രചാരണങ്ങളും പോരാട്ടങ്ങളുമാണ് നാം ഏറ്റെടുക്കേണ്ടത്.