ചത്തീസ്ഗഢിൽ ഇനി മതം മാറ്റങ്ങൾക്ക് 10 വർഷം വരെ തടവ്. ചത്തീസ്ഗഢിലെ ബിജെപി സർക്കാർ മതം മാറ്റങ്ങൾക്ക് ജാമ്യമില്ലാക്കുറ്റമായി.വ്യവസ്ഥകൾക്ക് അനുസൃതമല്ലാതെയുള്ള മതം മാറ്റങ്ങൾക്ക് 10 വർഷം വരെ തടവ് നൽകുന്ന നിയമത്തിന്റെ കരട് ഉടൻ തന്നെ നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സർക്കാർ.സംസ്ഥാനത്ത് ക്രിസ്ത്യൻ മിഷണറിമാർക്ക് കീഴിൽ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുമെന്നും ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനിർമാണത്തിന് ഛത്തീസ്ഗഢ് ഒരുങ്ങുന്നത്.
പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ തുടങ്ങിയവരെ മതം മാറ്റുന്നവർക്ക് 2 മുതൽ 10 വർഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാൽ പരമാവധി 1 മുതൽ 10 വർഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
മതം മാറുന്നവർ 60 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകേണ്ടതുണ്ട്. വ്യക്തിവിവരങ്ങൽ കാണിച്ച് ജില്ല മജിസ്‌ട്രേറ്റിന് നൽകുന്ന അപേക്ഷയിൽ പൊലീസ് പരിശോധന നടത്തും. മതം മാറ്റ ചടങ്ങ് നടത്തുന്നവർ ചടങ്ങിന് ഒരു മാസം മുമ്പ് അപേക്ഷ നൽകണം. മതം മാറുന്ന വ്യക്തി മതം മാറിയതിന് ശേഷം 60 ദിവസങ്ങൾക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ജില്ല മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകുകയും വേണമെന്നും പുതിയ നിയമം പറയുന്നു.