എഐഎസ്എഫ് ദേശവ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ അതിനകത്തെ സ്ഥാപനങ്ങളെ ഉപയോഗിച്ചുതന്നെ അസ്ഥിരപ്പെടുത്തുകയും പ്രവേശന പരീക്ഷകളുടെയടക്കം വിശ്വാസ്യത തകര്‍ത്തു കൊണ്ട്
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഫെഡറല്‍ സ്വഭാവം അട്ടിമറിക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ടാണ് എഐഎസ്എഫ് സമര രംഗത്തിറങ്ങിയിരിക്കുന്നത്.
രാജ്യത്തെ പൊതു പ്രവേശന പരീക്ഷകളുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് തയാറാകാതെ കുറ്റകരമായ മൗനവും നിസംഗതയും പുലര്‍ത്തുകയാണ് കേന്ദ്ര ഭരണകൂടം. നേരത്തെയുണ്ടായിരുന്ന സംസ്ഥാനതലത്തിലുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കി സുതാര്യവും സമയ ബന്ധിതവുമായ പരീക്ഷ നടത്തിപ്പെന്ന അവകാശ വാദം ഉന്നയിച്ചു കൊണ്ട് ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരുകള്‍ കുറ്റമറ്റ രീതിയിലായിരുന്നു മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച വിവാദവും ഉള്‍പ്പെടെ ഗുരുതര വീഴ്ചകളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷയില്‍ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാനും വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനും കേന്ദ്ര സര്‍ക്കാരിനോ പരീക്ഷാ നടത്തുന്ന ഏജന്‍സിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.
മെഡിക്കല്‍ കോഴ്സുകള്‍ക്കായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ്-യു ജി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിച്ചതും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സംശയാസ്പദമായ വിധത്തില്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പ്രസ്തുത പരീക്ഷയുടെ സുതാര്യതയില്‍ സുപ്രീം കോടതി തന്നെ ആശങ്ക അറിയിച്ചതിനിടെയാണ് ചോദ്യ പേപ്പര്‍ ചോര്‍ചയുടെയും ക്രമക്കേടിന്റെയും അടിസ്ഥാനത്തില്‍ എന്‍ ടി എ ജൂണ്‍ 18 ന് നടത്തിയ യു ജി സി – നെറ്റ് പരീക്ഷ റദ്ദാക്കിയ വാര്‍ത്തയും പുറത്തുവന്നത്.
2024 ലെ ‘നീറ്റ്’ പരീക്ഷ രാജ്യത്തെ 4750 പരീക്ഷ കേന്ദ്രങ്ങളിലായി ഇരുപത്തി നാല് ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികളാണ് എഴുതിയിരുന്നത്. 2020 ല്‍ രണ്ട് പേര്‍ക്കും 2021 ല്‍ മൂന്ന് പേര്‍ക്കും 2023 ല്‍ രണ്ട് പേര്‍ക്കുമാണ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കുകളും ലഭിച്ചത്. നാല് പേര്‍ ഒന്നാം റാങ്ക് നേടിയ 2022 ല്‍ 715 മാത്രമായിരുന്നു അവരുടെ സ്‌കോര്‍. എന്നാല്‍ ഇത്തവണ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിക്കുകയും അതില്‍ തന്നെ ഹരിയാനയിലെ ഒരു പരീക്ഷ കേന്ദ്രത്തിലെ ആറ് മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു.
നീറ്റ് യു ജി പരീക്ഷയുടെ പ്രോസ്‌പെക്ടസ് മാനദണ്ഡം അനുസരിച്ച് പരിശോധിക്കുമ്പോള്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ സ്‌കോറും യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ലഭിക്കേണ്ട സ്‌കോറുമായി പൊരുത്തപ്പെടുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. എംബിബിഎസ്-ബിഡിഎസ് ബിരുദതല പ്രവേശന പരീക്ഷയിലെ ആകെ മാര്‍ക്ക് 720 ആണ്. ശരിയായ ഉത്തരത്തിന് 4 മാര്‍ക്ക് ലഭിക്കുമ്പോള്‍ തെറ്റായ ഉത്തരങ്ങള്‍ക്ക് ഓരോ ചോദ്യത്തിനും 1 മാര്‍ക്ക് കുറയ്ക്കുകയുംചെയ്യുക എന്നതാണ് നിലവിലെ രീതി. ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ അതോടൊപ്പം അടയാളപ്പെടുത്താതെ അവശേഷിക്കും ചെയ്യും.
മാര്‍ക്കുമായി ബന്ധപ്പെട്ട മാനദണ്ഡ പ്രകാരം ഗണിതശാസ്ത്രപരമായി 719, 718 എന്നിങ്ങനെയുള്ള മാര്‍ക്കുകള്‍ ലഭിക്കില്ലെന്നിരിക്കെ അത്തരം കേസുകള്‍ ഒന്നിലധികം വിദ്യാര്‍ത്ഥികളുടെ ഫലങ്ങളില്‍ കാണപ്പെടുകയും ചെയ്യുന്നു.
അതിനിടെയാണ് ബിഹാറില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ നിന്നും കത്തിച്ച ചോദ്യപേപ്പറുകള്‍, ഒഎംആര്‍ ഷീറ്റുകള്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു. ബിഹാറിനു പുറമേ ഗുജറാത്ത്, യുപി, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലും ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നതായുള്ള വാര്‍ത്തകളും ഏറ്റവും ഒടുവില്‍ പുറത്തു വരുന്നു.
രാജ്യത്താകമാനമുള്ള സര്‍വകലാശാലകളിലും കോളജുകളിലും ‘അസിസ്റ്റന്റ് പ്രൊഫസര്‍’, ‘ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ആന്‍ഡ് അസിസ്റ്റന്റ് പ്രൊഫസര്‍’ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള യോഗ്യത നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ യോഗ്യതാ പരീക്ഷയാണ് യുജിസി നെറ്റ് പരീക്ഷ.
എന്‍ ടി എ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2024 ജൂണിലെ യുജിസി നെറ്റ് പരീക്ഷക്ക് 6,35,587 സ്ത്രീകളും 4,85,579 പുരുഷന്മാരും 59 ഭിന്ന ലിംഗക്കാരും ഉള്‍പ്പെടെ 11,21,225 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജ്യത്തെ 317 നഗരങ്ങളിലായി 1,205 പരീക്ഷാ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയുടെ ചോദ്യ പേപ്പര്‍ 48 മണിക്കൂര്‍ മുമ്പ് ചോര്‍ന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും വില്പന നടത്തിയെന്നുമാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. പരീക്ഷയുടെ സുതാര്യതയില്‍ വീഴ്ച സംഭവിച്ചതായി നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റില്‍ നിന്ന് യു.ജി.സിക്ക് ലഭ്യമായ വിവരത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം കൈകൊള്ളുന്നത്.
എന്‍ ടി എ യുടെ ചെയര്‍മാന്‍ ആയി കേന്ദ്രം ഇത്തവണ നിയോഗിച്ചത് മദ്ധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ പരീക്ഷാ തട്ടിപ്പിന്റെ കാലഘട്ടത്തില്‍ അവിടത്തെ പിഎസ്-സി ചെയര്‍മാന്‍ ആയിരുന്ന പ്രദീപ്കുമാര്‍ ജോഷിയെയാണെന്ന് ഓര്‍ക്കണം. ഭരണ ഘടന സ്ഥാപനങ്ങളില്‍ തങ്ങളുടെ ഇഷ്ടക്കാരെ പ്രതിഷ്ഠിച്ച് കോര്‍പ്പറേറ്റ്- ഹിന്ദുരാഷ്ട്ര പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്ന സംഘപരിവാരത്തിന്റെ കുത്സിത നീക്കമാണിവിടെ മറ നീക്കി പുറത്തു വരുന്നത്. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അടിസ്ഥാന തത്വങ്ങളെ നിരാകരിച്ചു കൊണ്ടുള്ള എന്‍ ടി എ യുടെ നീക്കങ്ങള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥി സമൂഹം ഒന്നടങ്കം പ്രതിഷേധത്തിന് നിര്‍ബന്ധിതരാവുകയാണ്.