Friday, November 22, 2024
spot_imgspot_img
HomeOpinionരാമരാഷ്ട്രീയത്തിന്റെ പട്ടാഭിഷേകം

രാമരാഷ്ട്രീയത്തിന്റെ പട്ടാഭിഷേകം

“അയോധ്യ ” അയുദ്ധമായത്, സംഘർഷമില്ലാത്ത ഭൂമി എന്നൊക്കെയാണ് അർത്ഥം എന്നാൽ ആധുനിക അയോദ്ധ്യയ്ക്ക് പറയാനുള്ളത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തലവര തന്നെ മാറ്റിയ ഒരു മഹാസംഘർഷത്തിന്റെ കഥയാണ്. ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു പുരാതനപട്ടണമാണ് സരയു നദിക്കരയിലെ അയോധ്യ. സാകേതം എന്നും ഈ പട്ടണം അറിയപ്പെടുന്നു മഹാജനപദങ്ങളിലൊന്നായ കോസല രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അയോധ്യ. സമ്പൂർണ്ണ സമാധാനത്തിന്റെയും ആനന്ദത്തിന്റെയും സ്വഭാവ സവിശേഷതകളോടെ ധർമ്മത്തിന്റെ ആൾരൂപമായ പുരാണ കഥാപാത്രമായ മര്യാദ പുരുഷോത്തമൻ ശ്രീരാമന്റെ ജന്മഭൂമിയായാണ് അയോധ്യ കരുതപ്പെടുന്നത്. ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തെ അടയാളപ്പെടുത്തുന്ന ദിനമായിരിക്കും 2024 ജനുവരി 22. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അയോധ്യയിൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട അതേ മണ്ണിൽ പ്രാണപ്രതിഷ്ഠ ചടങ്ങിൽ രാമക്ഷേത്രം ഉയരുകയാണ്.

മതവിശ്വാസത്തിൽ രാഷ്ട്രീയമായ ഇടപെടലുകൾക്ക് ഒരു സമൂഹത്തിനെ എത്രത്തോളം മുറിപ്പെടുത്താം എന്നതിന്റെ ഉത്തമ്മ മാതൃകയാണ് ബാബറി മസ്ജിദ് സംഭവം. രാഷ്ട്ര വിഭജനത്തിന് ശേഷം രാജ്യത്തെ ജനങ്ങളെ ഇത്രയധികം വർഗീയമായി ധ്രുവീകരിച്ച മറ്റൊരു സംഭവം ഇന്ത്യാ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നായി മിത്തുകൾ മാറിയെന്നത് നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ് രാമനും രാമ ബിംബവും വടക്കേ ഇന്ത്യയുടെ വിശ്വാസ ആചാരങ്ങളിൽ പ്രധാനമാണെങ്കിലും രാജ്യത്തുടനീളം രാമനെ ദേശീയ ബിംബമായി അവതരിപ്പിക്കുന്നതിൽ ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നത്. 80 കളുടെ അവസാനത്തോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകൾ ഇന്ത്യൻ മണ്ണിൽ ആഴ്ന്നിറങ്ങാൻ രാമൻ എന്ന ദേശീയ പുരുഷ സങ്കല്പം വളരെയേറെ സഹായിച്ചു എന്നതിൽ തർക്കമില്ല.

2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയമായി ഏകീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുമ്പോൾ അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് തീർത്തും രാഷ്ട്രീയ പരിപാടിയാക്കി മാറ്റുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്ക് ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽ മേൽവിലാസം നേടിയെടുക്കാൻ സംഘപരിപാർ സംഘടനകളുടെ നിർമ്മിതിയായിരുന്നു ഹിന്ദുത്വ രാമൻ എന്ന പുതിയ സങ്കല്പം. വീരനും ക്രൗര്യ സ്വഭാവ പരിവേഷവുമുള്ള ഒരു ദേശീയ പുരുഷനെ നിർമ്മിക്കുകയും രാഷ്ട്രീയം, സിനിമ, വാണിജ്യം, മാധ്യമം എന്നീ സങ്കേതങ്ങൾ ഉപയോഗിച്ച് ജനങ്ങളിലേക്ക് എത്തിക്കാനും അവർക്ക് സാധിച്ചു.

1987- ലാണ് രാമാനന്ദ സാഗറിന്റെ രാമായണം സീരിയലൈസ് ചെയ്തുതുടങ്ങിയത്. ദൂരദർശനിലൂടെ രാജ്യത്തെങ്ങും രാമൻ സ്വീകരണ മുറികളിൽ പ്രത്യക്ഷപ്പെട്ടു അരുൺ ഗോവൽ അവതരിപ്പിച്ച ശ്രീരാമ കഥാപാത്രം വീര ദേശീയ പദം നേടി. പിൽക്കാലത്ത് തെരഞ്ഞെടുപ്പ് ഗോദയിലേക്കും ശ്രീരാമൻ അവതരിക്കുന്ന കാഴ്ചയാണ് കണ്ടത്. രാമായണം സീരിയൽ പ്രക്ഷേപണ വേളയിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ നിലച്ചു പോയിരുന്നു എന്നാണു ബിബിസി ഡോക്യൂമെന്ററിയിൽ പരാമർശിച്ചിട്ടുള്ളത്. രാമായണത്തെ തുടർന്ന് ബി ആർ ചോപ്രയുടെ മഹാഭാരതം സീരിയലും സ്വീകരണ മുറികളിലെ സനാതന ഹിന്ദുത്വത്തിന്റെ പാഠശാലകളായി മാറി. കപിലിനെയും ഗവാസ്ക്കറിനെയും ആരാധനാ പാത്രങ്ങളായി കരുതിയിരുന്ന ഇന്ത്യൻ ബാല്യം ബാറ്റും ബോളും താഴെ വച്ച് ശ്രീരാമലക്ഷ്മണന്മാരായി അമ്പും വില്ലും കയ്യിലെടുത്തു.

രാമ-രാവണ യുദ്ധത്തെ അപരമത വിദ്വേഷത്തിനായി ഉപയോഗിക്കാൻ സംഘപരിവാർ ശക്തികളുടെ ഗൂഡനീക്കവും ഉണ്ടായതോടുകൂടി അക്ഷരാർത്ഥത്തിൽ രാമരാവണ യുദ്ധം ഹിന്ദു മുസ്‌ലിം സംഘർഷത്തിലേക്ക് വഴിതെളിച്ചു. ധർമ്മത്തിനും നീതിയ്ക്കും വേണ്ടിയായിരുന്നു ശ്രീരാമൻ വില്ല് കുലച്ചതെങ്കിൽ ഹിന്ദു വോട്ട് എന്ന പുതിയ യഥാർത്ഥ്യത്തെ ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ ഉറപ്പിക്കാനാണ് ഹിന്ദുത്വ രാമൻ വില്ലെടുക്കുന്നത്. ഇന്ത്യൻ മനസുകളെ മുറിപ്പെടുത്തിയ സംഘർഷങ്ങളുടെ ഭൂതകാലം ആരംഭിക്കുന്നത്. 1528ൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ നിർദ്ദേശപ്രകാരം മിർ ബാഖി അയോധ്യയിൽ ബാബറി മസ്ജിദ് നിർമ്മിച്ചു. 1885 അയോധ്യയിലെ റാംചബൂത്ര സ്ഥിതി ചെയ്ത സ്ഥലത്ത് ക്ഷേത്രനിർമാണത്തിന് അനുമതി തേടി രഘുബർദാസ് ഫൈസാബാദ് കോടതിയിൽ എത്തുന്നതോടെയാണ് നൂറ്റാണ്ടുകൾ നീണ്ട വ്യവഹാരങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഫൈസാബാദ് കോടതി അത് തള്ളുകയാണ് ചെയ്തത്.

പിന്നീട് നീണ്ട വ്യവഹാരങ്ങൾക്കും സംഘർഷങ്ങൾക്കും ശേഷം 1949ഡിസംബർ 22ന് കലാപസാധ്യത ചൂണ്ടിക്കാട്ടി ഹിന്ദു മഹാസഭ അംഗങ്ങൾ പള്ളിക്കുള്ളിൽ സ്ഥാപിച്ച രാമന്റെ വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റ് കെ കെ നായർ വിസമ്മതിച്ചു. നായർ ഒടുവിൽ ജനസംഘത്തിൽ ചേരുകയും എംപിയാകുകയും ചെയ്തത് പിൽക്കാല ചരിത്രം. 1984 ൽ രാമജന്മഭൂമി’ പ്രസ്ഥാനം സജീവമാകുമ്പോൾ ഭാരതീയ ജനതാ പാർട്ടിയുടെ എൽ കെ അദ്വാനി അതിന്റെ യഥാർത്ഥ നേതാവായി. വിശ്വഹിന്ദു പരിഷത്ത് ബിഹാറിലെ സീതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് ശ്രീറാം-ജാനകി രഥയാത്ര നയിച്ചു. ബാബറി മസ്ജിദ് തർക്കത്തിൽ പലപ്പോഴും കോൺഗ്രസും മൃദു ഹിന്ദുത്വ സമീപനം കൈകൊണ്ടു എന്ന് പറയാതെ വയ്യ 1989ൽ രാജീവ്‌ ഗാന്ധി രാമജന്മഭൂമിയിൽ ശിലാസ്ഥാപനം നടത്താൻ വി എച്ച് പി യ്ക്ക് അനുമതി നൽകി അതേ അയോധ്യയിൽ വെച്ച് തന്നെയാണ് കോൺഗ്രസിന്റെ പൊതു തെരഞ്ഞെടുപ്പ് പ്രചരണം രാജീവ്‌ ഗാന്ധി ഉദ്ഘാടനം ചെയ്തതും.

രാമക്ഷേത്രത്തിന് പിന്തുണ ശേഖരിക്കുന്നതിനായി ബിജെപി പ്രസിഡന്റ് എൽകെ അദ്വാനി സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള രഥയാത്ര ആരംഭിച്ചു. 6000 മൈൽ സഞ്ചരിച്ച് എട്ട് സംസ്ഥാനങ്ങൾ കടന്ന് അയോധ്യയിലെത്താനായിരുന്നു പദ്ധത്തിയിട്ടത് എന്നാൽ  1990 നവംബറിൽ ലാലു പ്രസാദ് യാദവിന്റെ സർക്കാർ ബീഹാറിലെ സമസ്തിപൂരിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വടക്കേ ഇന്ത്യയിലാകെ പലയിടത്തും അക്രമം നടന്നു. രാമ ക്ഷേത്ര നിർമ്മാണം ഒരു രാഷ്ട്രീയ അജണ്ടയായി മാറി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ ഈ രഥയാത്ര കൊണ്ട് ബിജെപിക്ക് സാധ്യമായി. വി പി സിങ് സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതിനെ തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ 121 അംഗങ്ങളുമായി ബിജെപി രണ്ടാമത്തെ വലിയ കക്ഷിയായി ഉയർന്നു. ഉത്തർപ്രദേശിൽ ബിജെപിയുടെ കല്യാൺ സിംഗ് ആയിരുന്നു മുഖ്യമന്ത്രി.‌

അങ്ങനെ രാഷ്ട്രീയ അന്തരീക്ഷം അനുകൂലമായ സാഹചര്യത്തിൽ 1992 നവംബർ പകുതിയോടെ കർസേവകർ അയോധ്യ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. സുരക്ഷയ്ക്കായി വിനിയോഗിച്ചിരുന്ന 20000 ത്തിലധികം അർദ്ധ സൈനികർ 1992 ഡിസംബർ 6 ന് പള്ളിയിലേക്കെത്തിയില്ല. എൽ കെ അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയ ഒന്നര ലക്ഷത്തിധികം വരുന്ന ജനക്കൂട്ടം ബാബറി മസ്ജിദ് തകർക്കുകയായിരുന്നു. പള്ളിയുടെ ഓരോ മിനാരങ്ങളും തകർക്കപ്പെട്ടപ്പോൾ ക്ഷതമേറ്റത് അതുവരെ നാം ആർജിച്ച എല്ലാ ജനാധിപത്യ മതേതര മൂല്യങ്ങൾക്കുമായിരുന്നു. തുടർന്ന് നടന്ന ബോംബെ കലാപത്തിൽ ഉൾപ്പടെ ആയിരകണക്കിനാളുകളാക്കാണ് ജീവഹാനിയുണ്ടായത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ 30 വർഷങ്ങൾക്ക് ശേഷം ആ ഭൂമിയിൽ രാമ ക്ഷേത്രം ഉയരുമ്പോൾ കോൺഗ്രസിനെ പോലുള്ള മതേതര ജനാധിപത്യ ശക്തികൾ പോലും എന്ത് നിലപാട് എടുക്കണം എന്ന് അറിയാതെ പതറുന്ന ഈ കാലത്ത് ഇന്ത്യൻ ജനാധിപത്യത്തെ ഉത്കണ്ഠയോട്കൂടിയല്ലാതെ കാണാൻ കഴിയില്ല.

കോൺഗ്രസിലെ ഉത്തരേന്ത്യൻ വിഭാഗം സംഘപരിവാർ ഒരുക്കിയ ഹിന്ദുത്വരാമനെ പുൽകാൻ തയ്യാറാകുന്നു എന്നാൽ സമീപകാല മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ഈ സമീപനത്തിനേറ്റ കനത്തതിരിച്ചടിയായിരുന്നു. കഴിഞ്ഞ 9 വർഷങ്ങളായി മിത്തുകളുടെയും ഹിന്ദുത്വ സങ്കൽപ്പങ്ങളുടെയും പ്രളയം തന്നെയാണ്. പൗരാണികവും ബ്രാമണികവുമായ ബോധത്തിലേക്ക് മാറ്റുന്ന സ്ഥല പുനർനാമകരണം മിത്തുകൾക്ക് ജീവൻ നൽകുന്നു. വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകൾ ഉന്മൂലനം ചെയ്യുക പുതിയ ഭൂതകാലം തേടിപ്പിടിക്കുക എന്നതിനൊക്കെയാണ് ഹിന്ദുത്വവാദികൾ പ്രാമുഖ്യം നൽകുന്നത്. സ്ഥലനാമങ്ങൾ സമയവും പ്രദേശങ്ങളും തമ്മിലുള്ള ചരിത്ര ഭൂമിശാസ്ത്ര ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് എന്നാൽ മുസ്ലിം നാമധാരികളായ ഭരണാധികാരികളുടെ പേരിൽ അറിയപ്പെടുന്ന പല ഇന്ത്യൻ നഗരങ്ങളെയും ഹൈന്ദവ സംസ്കാരത്തിന് ഉതകുന്ന രീതിയിൽ പുനനാമകരണം നടത്തിക്കൊണ്ടിരിക്കുന്ന തിരക്കിലാണ് നമ്മുടെ ഭരണകൂടം.

അലഹബാദ് പ്രയാഗ്രാജു ആയതും ഫൈസാബാദ് അയോധ്യ ആയതും വ്യക്തമായ ഹിന്ദുത്വ രാഷ്ട്രീയയുടെ ഭാഗമായി കൊണ്ടുതന്നെയാണ് 1575 അക്ബറാണ് പ്രയാഗ് നഗരത്തിന്റെ പേര് ഇലാഹബാദ് അഥവാ ദൈവത്തിന്റെ നഗരം എന്നാക്കി മാറ്റിയതെന്ന് പുതിയ ഭൂതകാലം സൃഷ്ടിച്ചെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അലഹബാദ് പ്രയാഗ് രാജ് എന്നായി മാറിയത്. ഫൈസാബാദ് അയോധ്യ നഗരങ്ങൾ ചേർന്നതായിരുന്നു ഫൈസാബാദ് ജില്ല. ഫൈസബാധിന് കീഴിലെ മുൻസിപ്പൽ കോർപ്പറേഷന്റെ പേര് അയോധ്യ നഗർ നിഗമെന്നായിരുന്നു എന്നാൽ രാജ്യത്ത് ബിജെപി എന്ന പാർട്ടിക്ക് ഊർജ്ജം നൽകിയതും രാഷ്ട്രീയ അടിത്തറപാകിയതുമായ രാമജന്മഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശം രാമന്റെ അയോധ്യയായി തന്നെ അറിയപ്പെടണമെന്ന് അവർ വാദിക്കുന്നു.

അലിഗഡ്നെ ഹരിഗഡ്,ഫിറോസ ബാധിനെ ചന്ദ്രനഗർ എന്നും പുനർനാമകരണം നടത്താനുള്ള നിയമ പോരാട്ടങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. മുഗൾ സാരായി റെയിൽവേ സ്റ്റേഷൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷൻ ആയി മാറി. മധ്യ മഹാരാഷ്ട്രയിലെ പ്രധാന വ്യവസായനഗരമായ ഔറംഗ ബാധിന് പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ പേരാണ് നൽകിയത് എന്നാൽ ചത്രപതി ശിവജി മഹാരാജിന്റെയും അദ്ദേഹത്തിന്റെ മകൻ സാംബാജി മഹാരാജിന്റെയും പിൻഗാമികളാണ് യഥാർത്ഥ മഹാരാഷ്ട്രക്കാരെന്ന വാദമാണ് ബിജെപി ഉന്നയിച്ചത്. ഔറംഗാബാദിന് സാംബാജി നഗർ എന്ന പുതിയ പേര് ചാർത്തുകയും ചെയ്തു. കൂടാതെ മറ്റൊരു നഗരമായ ഉസ്മാനബാധിന്റെ പേര് ധാരാ ശിവ് എന്നാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. കൂടാതെ ഗ്യാൻവാപി,മഥുര അടക്കമുള്ള സ്ഥലങ്ങളിൽ സമാനരീതിയിൽ മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് ക്ഷേത്രം നിർമ്മിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് എന്നത് ഭീതിജനകമാണ്. മതവും രാഷ്ട്രവും ഒന്നാണെന്നുള്ള തെറ്റായ സന്ദേശമാണ് പ്രാണ പ്രതിഷ്ഠയിലൂടെ മോദിയും സംഘപരിവാറും പുതിയ രാമനിലൂടെ രാജ്യത്തിനു നൽകുന്നത്. അയോദ്ധ്യയിൽ ജനുവരി 22 ന് നടക്കുന്നത് രാമരാഷ്‌ടീയത്തിന്റെ പട്ടാഭിഷേകം തന്നെയാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares