തിരുവനന്തപുരം: തിരുത്തൽ ശക്തിയായി സിപിഐ തുടരുമെന്ന് കാനം രാജേന്ദ്രൻ. എൽഡിഎഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ വ്യതിയാനമുണ്ടായപ്പോൾ സിപിഐ അത് തിരുത്തി. അതെല്ലാം എൽഡിഎഫിനെ ശക്തിപ്പെടുത്താനാണ്. തിരുത്തൽ ശക്തിയായി സിപിഐ തുടരുമെന്നും മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും വീതിച്ചെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സുഖദുഃഖങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങൾ വരുമ്പോൾ കൈനീട്ടുകയും കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലായെന്ന് പറഞ്ഞ് കൈകഴുകുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്തു നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
കേരളത്തിൽ സിപിഐ വളരുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ കാനം പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പാർട്ടിയുടെ ശേഷി വർധിച്ചെന്നും പൊതുസമൂഹത്തിൽ പാർട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും വർധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. പാർട്ടി പ്രവർത്തകർ രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണം. രാഷ്ട്രീയ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാകണം. അതെല്ലാം എൽഡിഎഫിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. എൽഡിഎഫ് സിപിഐയുടെ ആശയമാണ്. ഭട്ടിൻഡാ പാർട്ടി കോൺഗ്രസിലാണ് എൽഡിഎഫ് എന്ന ആശയം ഉരുത്തിരിഞ്ഞത്. എൽഡിഎഫിനെ ദുർബലപ്പെടുത്തുന്ന നടപടിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബിജെപി അതിർവരമ്പ് നേർത്ത് വരികയാണ്. മതനിരപേക്ഷ ആശയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.