ന്യൂഡൽഹി: ത്രിവർണ പതാക വാങ്ങുന്നതിന്റെ പേരിലുള്ള കൊള്ള അവസാനിപ്പിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. റയിൽവേ അതിലെ ജീവനക്കാരും തൊഴിലാളികളുമായ 10.5 ലക്ഷത്തോളം പേരോട് ദേശീയ പതാക വാങ്ങുന്നതിനായി 38 രൂപ വേതനത്തിൽ നിന്ന് കുറവ് വരുത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.
ഒരു സ്വകാര്യകമ്പനിയാണ് ത്രിവർണ പതാക വിതരണം ചെയ്യുന്നത്. തപാൽ ഓഫീസുകൾ, സാമൂഹ്യ പൊതുസംഘടനകൾ എന്നിവയിലൂടെ യഥാക്രമം 25, 20 രൂപയ്ക്കും മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പത്തു രൂപയ്ക്കും പതാകകൾ ലഭ്യമാണ്. ഈ വസ്തുത പരിഗണിക്കുമ്പോൾ പ്രധാനമന്ത്രിയും റയിൽവേ മന്ത്രിയും ത്രിവർണ പതാക വില്പനയുടെ പേരിൽ കുംഭകോണം നടത്തുകയാണെന്നും ഹീനമായ കുറ്റകൃത്യമാണിതെന്നും സെക്രട്ടേറിയറ്റ് അംഗം അതുൽ കുമാർ അഞ്ജാൻ കുറ്റപ്പെടുത്തി.
ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വദേശിയെ കുറിച്ച് പറയുകയും ഇന്ത്യൻ ഉല്പന്നങ്ങൾ വാങ്ങണമെന്ന് നിർദ്ദേശിക്കുകയും മറുവശത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് വിദേശത്തുനിന്ന് ത്രിവർണ പതാക ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.