രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. പോസ്റ്റല്‍ ബാലറ്റാകും ആദ്യം എണ്ണിത്തുടങ്ങുക. പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യവും, ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിയും നല്‍കിയ പരാതികളില്‍ കമ്മീഷന്‍ പ്രതികരിച്ചേക്കും.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ സുതാര്യതയും അട്ടിമറിയില്ലെന്നും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. സുരക്ഷിതമായും ക്രമക്കേട് നടക്കാതെയും വോട്ടെണ്ണല്‍ സാധ്യമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും കമ്മിഷന്‍ ഉറപ്പ് വരുത്തണമെന്ന് സഖ്യം ആവശ്യപ്പെട്ടു. പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണുന്ന പതിവ് നടപടിക്രമം 2019ല്‍ കമ്മിഷന്‍ പാലിച്ചില്ല. ഇത്തവണ ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ തയ്യാറാകണം. വോട്ടണ്ണല്‍ പൂര്‍ണമായി വീഡിയോ ചിത്രീകരിക്കണം.
ഇവിഎമ്മുകളിലെ തകരാര്‍ പരിഹരിച്ച് സുതാര്യമായി വേണം വോട്ടെണ്ണല്‍ നടപടികള്‍ നടത്തേണ്ടത്. കണ്‍ട്രോള്‍ യൂണിറ്റുകളും ഇവിഎമ്മും കൊണ്ടുപോകുന്നത് തുടക്കം മുതല്‍ സിസിടിവി നിരീക്ഷണത്തിലായിരിക്കുകയും തീയതികളും സമയവും കൃത്യമായി രേഖപ്പെടുത്തുകയും ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും വേണം. വിവിപാറ്റ്, ഫോം 17 അനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും കമ്മിഷന്‍ ഉറപ്പ് വരുത്തണമെന്നും നേതാക്കള്‍ പറഞ്ഞു. വോട്ടെടുപ്പ് ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയ എല്ലാ രേഖകളും പരസ്പരം ഒത്തുനോക്കുന്നതിന് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എസ്‌പി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറുഖ് അബ്ദുള്ള, ജെഎംഎം വൈസ് പ്രസിഡന്റ് കല്‍പന സൊരേന്‍, വികാസ് ഷില്‍ ഇന്‍സാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സാഹ്നി, സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ, ടി ആര്‍ ബാലു (ഡിഎംകെ), തേജസ്വി യാദവ് (ആര്‍ജെഡി), അനില്‍ ദേശായി (ശിവസേന) എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച നടത്തിയത്.