രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യത്തെ 15 മിനുട്ടിനുള്ളിൽ ആദ്യ സൂചനകൾ ലഭ്യമാകും. പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണി തുടങ്ങുക. പത്തര ലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഒൻപത് മണിയോടെ ആദ്യ ഫലസൂചനകൾ ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേർ വോട്ട് ചെയ്തുവെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞത്. വോട്ടെണ്ണലിന് മുന്നോടിയായി ഇന്നലെ ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസി ടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.