കൊല്ലം: വിജയവാഡയിൽ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തിൽ ഉയർത്തുന്നതിനായുള്ള രക്തപതാക കൊല്ലത്തു നിന്നും പ്രയാണം ആരംഭിച്ചു. 24-ാം പാർട്ടി കോൺഗ്രസിന്റെ പ്രതീകമായി 24 യുവജനനേതാക്കളാണ് പതാക ഇരുചക്രവാഹനങ്ങളില്‍ വിജയവാഡയിലേക്ക് കൊണ്ടുപോകുന്നത്. പതാക കൈമാറല്‍ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഐവൈഎഫ്, എഐഎസ്എഫ് നേതാക്കളായ സുഖ്ജിന്ദര്‍ മഹേശരി, ടി ടി ജിസ്മോൻ, എൻ അരുൺ, പി കബീർ, രാഹുൽ രാജ്, സയിദ് വലിയുല്ല ഖാദ്രി, റഹുമാന്‍ ഉസ്മാനിയ, പ്രേംകുമാര്‍, രാകേഷ്, ദിനേശ് ശ്രീരംഗ രാജന്‍, തമിള്‍ പെരുമാള്‍, മണികണ്ഠന്‍, രാജേന്ദ്രന്‍, ഹരിഹരന്‍, വരദരാജ്, വിരാജ് ദേവാംഗ്, യേശു പ്രകാശ്, സഞ്ജു എന്നിവർ പങ്കെടുത്തു .
ഒക്ടോബര്‍ 14 മുതല്‍ 18 വരെ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തുന്നതിനുള്ള പതാക സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശരി എന്നിവര്‍ക്ക് കൈമാറി. ചരിത്രമുറങ്ങുന്ന കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ ആയിരങ്ങളെ സാക്ഷിയാക്കി മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിലാണ് പതാക കൈമാറിയത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയായത് കൊല്ലം നഗരമായതിനാലാണ് ഇവിടെ നിന്ന് പതാക കൊണ്ടുപോകുന്നത്.
കൊല്ലത്തു നിന്നും ഇന്ന് രാവിലെ ആരംഭിച്ച ജാഥ ഓച്ചിറ വഴി സ്വീകരണങ്ങളേറ്റു വാങ്ങി രക്തസാക്ഷികളുടെ ഓർമകൾ ഉറങ്ങുന്ന ആലപ്പുഴ ജില്ലയിലെ വലിയ ചുടുകാട്ടിലെത്തിച്ചേരും. പിന്നീട് ആലപ്പുഴയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ അരൂരിലൂടെ വൈറ്റിലയിൽ എത്തും.നാളെ രാവിലെ ആലുവയില്‍ നിന്ന് ജാഥ പുനരാരംഭിക്കും. 11 മണിയോടെ തൃശൂരിലെത്തും. അവിടെ നിന്നും വാണിയം പാറ വഴി വൈകിട്ട് നാലിന് പാലക്കാട് എത്തും. 5.30ന് കോയമ്പത്തൂരില്‍ എത്തും.