വിജയവാഡ: സിപിഐയുടെ 24-ാം പാർട്ടി കോൺഗ്രസിന് ഇന്ന് വിജയവാഡയിൽ തുടക്കമാകും. പോരാട്ടത്തിന്റെയും ചരിത്രസംഭവങ്ങളുടെയും സ്മരണകൾ ഇരമ്പുന്ന വിജയവാഡയുടെ മണ്ണിൽ ഇത് മൂന്നാം തവണയാണ് പാർട്ടി കോൺഗ്രസിനു പതാക ഉയരുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രത്യേക വാഹനങ്ങളിലും കാൽനടയുമായി ലക്ഷക്കണക്കിനു പ്രവർത്തകരാണ് സമ്മേളന നഗരിയിലെത്തിച്ചേരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 900ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന സമ്മേളനങ്ങൾ തെരഞ്ഞെടുത്തവരും പ്രത്യേക ക്ഷണിതാക്കളുമുൾപ്പെടെയാണ് പാർട്ടി കോൺഗ്രസ് പ്രതിനിധികൾ.
മൂന്ന് മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് പാർട്ടി കോൺഗ്രസിന് തുടക്കമാകുക. സിങ് നഗറിലെ എം പി സ്റ്റേഡിയത്തിൽ തയാറാക്കിയ സി രാജേശ്വർ റാവു നഗറിലാണ് പൊതുസമ്മേളനം.15 ന് രാവിലെ കട്ര ഗഡ്ഡ പിച്ചയ്യ തെരുവിലെ ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. മുതിർന്ന നേതാവ് ആർ നല്ലകണ്ണ് ദേശീയ പതാകയും മുൻ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി പാർട്ടി പതാകയും ഉയർത്തും. പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട്, പ്രവർത്തന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും.
സിപിഐ 24-ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളന നഗറിൽ ഉയർത്തുന്നതിനുവേണ്ടി കൊല്ലത്തുനിന്നും അഞ്ചാം തീയതി പുറപ്പെട്ട പതാകജാഥയ്ക്ക് ഇന്നലെ വിജയവാഡ നഗരത്തിൽ ഉജ്ജ്വല പരിസമാപ്തി. 23ാം പാർട്ടി കോൺഗ്രസ് നടന്ന കൊല്ലത്തുവച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പതാകജാഥ ഉദ്ഘാടനം ചെയ്തത്.ഗുണ്ടൂർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് വൈകുന്നേരം ജാഥ നഗരാതിർത്തിയിലേക്ക് കടന്നത്. ഉണ്ടവല്ലി കേവിൽ സിപിഐ ആന്ധ്രാ സംസ്ഥാന സെക്രട്ടറി രാമകൃഷ്ണയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ജാഥയെ വരവേറ്റു. തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നഗരം നിറഞ്ഞൊഴുകിയ പതാകജാഥ വീരോചിതമായ അനുഭവമാണ് നഗരത്തിന് പകർന്നത്.