വിജയവാഡ: സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് വിജയവാഡയില്‍ തുടക്കമായി. അതീവ നിര്‍ണായകമായ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ചരിത്രത്തില്‍ സുപ്രധാനമാകുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സമാനതകളില്ലാത്ത ജനമുന്നേറ്റത്തോടെയാണ് ചെങ്കൊടിയേറിയത്. അക്ഷരാര്‍ത്ഥത്തില്‍ വിജയവാഡ നഗരം ചുവന്നുനിറഞ്ഞു. വാഹനങ്ങളിലും കാല്‍നടയായും ഏഴിടങ്ങളില്‍ നിന്ന് പുറപ്പെട്ട പ്രത്യേക തീവണ്ടികളിലുമായാണ് പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ നഗരത്തില്‍ എത്തിയത്.
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതീകമായി 24 ചെങ്കൊടികളുമേന്തി ചുവപ്പണിഞ്ഞ യുവതികള്‍ സഞ്ചരിച്ചു. പിന്നിലായി വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും നീങ്ങി. പ്രധാന ബാനറിന് പിന്നിലായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം, കെ നാരായണ, പല്ലബ്സെന്‍ ഗുപ്ത, അമര്‍ജിത്ത് കൗര്‍, ബാലചന്ദ്ര കാങ്കോ, പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി സ്വപന്‍ ബാനര്‍ജി, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായി മുന്നോട്ടു നീങ്ങി.
പൊതുസമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റംഗം കെ നാരായണയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് 16 രാജ്യങ്ങളില്‍ നിന്ന് എത്തിയ 17 കമ്മ്യൂണിസ്റ്റ്, വര്‍ക്കേഴ്‌സ് പാര്‍ട്ടികളുടെ പ്രതിനിധികളും പൊതുസമ്മേളന വേദിയില്‍ സന്നിഹിതരായിരുന്നു. ആന്ധ്രാപ്രദേശ് പ്രജാനാട്യ മണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്.