തിരുവനന്തപുരം: സിപിഐ യുടെ 97-ാം സ്ഥാപകദിനാചരണം ഇന്ന് നടക്കും. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കും പിന്നീടുള്ള പോരാട്ടങ്ങളുടെയും വളർച്ചയുടെയും പാതയിൽ അനന്യമായ സംഭാവന നൽകിയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ച. മാർക്സിസം ‑ലെനിനിസം പ്രത്യയശാസ്ത്രം തെളിച്ച വഴിത്താരയിലൂടെയാണ് സിപിഐയുടെ മുന്നേറ്റം.
2025ൽ പാർട്ടിയുടെ നൂറാം വാർഷികാഘോഷമാണ്. ഒരുവർഷക്കാലം നീളുന്ന പരിപാടികളോടെ നൂറാംവാർഷികാഘോഷം സംഘടിപ്പിക്കാനാണ് പാർട്ടി കോൺഗ്രസ് തീരുമാനം. ഈ സന്ദേശം വിളിച്ചറിയിക്കുന്ന വിധമാവും ഇനി സ്ഥാപകദിനാചരണങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടും സ്ഥാപകദിന പരിപാടികൾ സംഘടിപ്പിക്കും. ഈ പരിപാടികളിലെല്ലാം പാർട്ടിയുടെ പോരാട്ട ചരിത്രം വിവരിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി പാർട്ടി 97-ാം സ്ഥാപകദിന സമ്മേളനം കോട്ടയം ജില്ലയിൽ ഇന്ന് വിപുലമായി ആചരിക്കും. രാവിലെ 10ന് പാർട്ടി ജില്ലാ ആസ്ഥാനമായ പി പി ജോർജ്ജ് സ്മാരകത്തിൽ പതാക ഉയർത്തും. ഒപ്പം വിവിധ മണ്ഡലം കേന്ദ്രങ്ങളിലും ലോക്കൽ‑ബ്രാഞ്ച് തലത്തിലും സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തും. വൈകുന്നേരം 5 ന് കോട്ടയം തിരുനക്കരയിൽ നടക്കുന്ന സ്ഥാപകദിനാചരണം പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു അദ്ധ്യക്ഷനാവും. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് സ്വാഗതം ആശംസിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ കൃഷ്ണൻ, ആർ സുശീലൻ, അഡ്വ വി കെ സന്തോഷ് കുമാർ, ലീനമ്മ ഉദയകുമാർ, ഒപിഎ സലാം, മണ്ഡലം സെക്രട്ടറി ടി സി ബിനോയ് എന്നിവർ പങ്കെടുക്കും. സ്ഥാപക ദിന സമ്മേളനം വൻ വിജയമാക്കാണമെന്ന് ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു അഭ്യർത്ഥിച്ചു.