ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണമെന്നും നിലവിലുള്ള ഒഴിവുകൾ വ്യവസ്ഥാപിത രീതിയിൽ നികത്തണമെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സൈന്യത്തെ യുവത്വമുള്ളതാക്കുന്നതിനെന്ന പേരിൽ അഗ്നിപഥ് എന്ന പദ്ധതി നടപ്പിലാക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അംഗീകരിക്കാവുന്നതല്ല.
അച്ചടക്കമുൾപ്പെടെയുള്ള സൈന്യത്തിന്റെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ദോഷകരമാകും. സർക്കാർ ചെലവിൽ സമ്പൂർണ പരിശീലനം നൽകിയ ശേഷം കരാർ നിയമനവും കുറച്ചുകാലത്തെ ജോലിയും മാത്രം നൽകുന്നത് സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് മാത്രമല്ല പരിശീലനം നേടിയവർക്ക് ഭാവിയില്‍ അനുയോജ്യമായ ജോലി ലഭിക്കുന്നതിന് പ്രയാസമുണ്ടാക്കുകയും ചെയ്യും.
പ്രതിരോധസേനയിൽ നിലവിലുള്ള നിയമന സംവിധാനം, സ്ഥാനക്കയറ്റം എന്നിവയെ തകിടം മറിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.