കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് യുവാവിന്റെ മർദ്ദനത്തിനിരയായ കുട്ടിയെ സിപിഐ നേതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സി പി ഷൈജൻ, തലശ്ശേരി മണ്ഡലം സെക്രട്ടറി എം എസ് നിഷാദ്, പൊന്ന്യം കൃഷ്ണൻ, പി കെ മിഥുൻ എന്നിവരാണ് ആശുപത്രിയിൽ എത്തി കുട്ടിയെ സന്ദർശിച്ചത്.
തലശ്ശേരി ആറു വയസുള്ള ഒരു കുട്ടിക്ക് നേരെ അക്രമം നടത്തിയ ആൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു ബാലാവകാശ നിയമപ്രകാരം പ്രതിക്കെതിരെ കേസ് എടുക്കണമെന്നും എ ഐ വൈ എഫ് കണ്ണൂർ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. മർദ്ദനത്തിനിരയായ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് എ ഐ വൈ എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ വി രജീഷ് പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് പ്രസ്താവന ഇറക്കിയത്. കുട്ടികൾക്കെതിരെ അക്രമങ്ങൾ തുടർകഥ ആവുന്ന പശ്ചാതലത്തിൽ കുട്ടികളെ ആക്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് സമൂഹത്തെ ബോധിപ്പിക്കുന്ന നിലയ്ക്ക് പ്രതിക്ക് ഉചിതമായ ശിക്ഷ ഉറപ്പു വരുത്തുന്നതിന് സാധിക്കണമെന്നു അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടിയെ മർദ്ദിച്ച പ്രതിക്കെതിരെ ജുവൈനൽ ജസ്റ്റിസ് നിയമ പ്രകാരം കർശനമായ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്കും നിസ്സഹായർക്കും നേരെ ഇനി കാലുകൾ ഉയരാത്ത സാഹചര്യമാണ് ഉണ്ടാവേണ്ടതെന്ന് എൻ അരുൺ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന്റെ പേരിൽ പിഞ്ചുബാലന് ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നത്. കുട്ടിയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗണേഷ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് കുട്ടിക്ക് നേരെ ക്രൂരത കാട്ടിയത്. കേരത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാൾ ഉന്നയിച്ചത്.
പ്രതി മുഹമ്മദ് ശിഹ്ഷാദ് നിലവിൽ റിമാൻഡിലാണുള്ളത്. ഇയൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവാഹത്തിന് വസ്ത്രമെടുക്കാനാണ് ഇവർ നഗരത്തിൽ എത്തിയത്. കാറിൽ കുട്ടി ചാരിയത് ഇയാൾക്ക് ഇഷ്ടപ്പെടാത്തതാണ് മർദ്ദനത്തിന് കാരണം.