സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ അതുൽ കുമാർ അഞ്ജാൻ (68) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.45ന് ലഖ്നൗവിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
1956 ജനുവരി 15 ന് ഉത്തർപ്രദേശിലെ ലക്നൗവിലാണ് അതുൽ കുമാർ ജനിച്ചത്. 1970കളുടെ ആദ്യം സ്കൂൾ വിദ്യാർത്ഥിയായിരിക്കെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. എഴുപതുകളുടെ പകുതികളിൽ ഉത്തർപ്രദേശിനെ ഇളക്കിമറിച്ച ബഹുജന പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായിരുന്നു.
1976ൽ നാഷണൽ കോളജ് വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റും തുടർന്ന് ലക്നൗ സർവകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർമാനുമായി. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മൈതിലി തുടങ്ങി ആറ് ഇന്ത്യൻ ഭാഷകളിൽ പ്രസംഗിക്കാനും എഴുതാനുമുള്ള അതുലിന്റെ പ്രാഗൽഭ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയ അതുൽ, 1978 ൽ എഐഎസ്എസ് ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റായി. 1979 മുതൽ 1985 വരെ ദേശീയ പ്രസിഡന്റായിരുന്നു. നിലവിൽ എഐടിയുസി ജനറൽ സെക്രട്ടറിയും സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ അമർജിത് കൗർ ആയിരുന്നു അന്ന് എഐഎസ്എഫ് ജനറൽ സെക്രട്ടറി.
വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് നിന്നും അതുൽ കുമാർ അഞ്ജാൻ, കർഷക പ്രസ്ഥാനത്തിലേയ്ക്കാണ് എത്തിയത്. 1997 മുതൽ അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയാണ്. 1989 ൽ കൽകട്ടയിൽ നടന്ന സിപിഐ 14-ാം പാർട്ടി കോൺഗ്രസിലാണ് ദേശീയ എക്സിക്യൂട്ടീവ് അംഗമാകുന്നത്. 1992ൽ ഹൈദരാബാദിൽ 15ാം പാർട്ടി കോൺഗ്രസ്സിൽ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ അദ്ദേഹം മൂന്ന് പതിറ്റാണ്ടിലെറെയായി ആ സ്ഥാനത്ത് തുടരുന്നു. മൂന്ന് തവണ യുപിയിലെ ഗോസി മണ്ഡലത്തിൽ നിന്നും ലോക് സഭയിലേയ്ക്ക് മത്സരിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിൽ മുൻനിര പോരാളിയും സംയുക്ത കർഷക സമിതി നടത്തിയ ഐതിഹാസിക പ്രക്ഷോഭത്തിന്റെ ദേശീയ സംഘാടകരിൽ പ്രമുഖനുമായിരുന്നു.