ന്യൂഡൽഹി: ഉയർന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, വ്യാപ്തിയേറുന്ന അസമത്വം, പണപ്പെരുപ്പം, വർധിച്ചുകൊണ്ടിരിക്കുന്ന ബഹുവിധ ഗ്രാമീണ പ്രതിസന്ധികൾ എന്നീ പ്രശ്നങ്ങൾ കാണുന്നതിൽ കേന്ദ്ര ബജറ്റ് പൂർണപരാജയമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് വിലയിരുത്തി.
സമ്പദ്ഘടന നേരിടുന്ന അടിസ്ഥാന യാഥാർത്ഥ്യങ്ങൾ അവഗണിച്ച് എല്ലാം നല്ലതാണെന്ന തോന്നൽ ശക്തിപ്പെടുത്തുന്നതിനാണ് ബജറ്റിലൂടെ ശ്രമിച്ചിരിക്കുന്നത്. ആരോഗ്യ – വിദ്യാഭ്യാസ മേഖല, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സുരക്ഷ, മറ്റ് സാമൂഹ്യ മേഖലകൾ എന്നിവയ്ക്കുള്ള വിഹിതം തീരെ അപര്യാപ്തവും സാധാരണ ജനവിഭാഗങ്ങൾക്കുള്ള കനത്ത ആഘാതവുമാണ്.
കൂടിയ ചെലവുകളുടെ ഫലമായി കർഷകർ വലിയ പ്രയാസങ്ങൾ നേരിടുമ്പോഴും കാർഷിക മേഖലയ്ക്കുള്ള വിഹിതത്തിൽ 8,500 കോടിയുടെ കുറവു വരുത്തി. ഭക്ഷ്യ സബ്സിഡി 2.8 ലക്ഷം കോടിയിൽ നിന്ന് 1.97 ലക്ഷം കോടിയായി കുറച്ചു. സമഗ്ര ശിശുക്ഷേമ പരിപാടിക്കുള്ള വിഹിതം മുൻവർഷത്തേതു തന്നെ നിലനിർത്തിയെങ്കിലും വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ ഇത് കുറവാണ്. തൊഴിലുറപ്പ് പദ്ധതി വിഹിതം നടപ്പുവർഷത്തെ 89,000 കോടിയിൽ നിന്ന് 60,000 കോടി രൂപയായി കുറച്ചു. അതുപോലെ എല്ലാ സാമൂഹ്യ മേഖലാ വിഹിതത്തിലും കുറവ് വരുത്തി.
ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതുസംബന്ധിച്ച യാഥാർത്ഥ്യബോധമി ല്ലാത്ത ബജറ്റ് ജനവിരുദ്ധവും വികസന വിരുദ്ധവുമാണെന്ന് സെക്രട്ടേറിയറ്റ് കുറ്റ പ്പെടുത്തി.