റാഞ്ചി: ഛത്തിസ്ഗഢിലെ പൊലീസ് അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ആദിവാസി സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ നടത്തുന്ന പദയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോൺഗ്രസ് സർക്കാർ. സിപിഐ നേതാവും മുൻ എംഎൽഎയുമായ മനീഷ് കുഞ്ചത്തിന്റെ നേതൃത്വത്തിൽ സിൽഗർ മുതൽ സുക്മ വരെയുള്ള 108 കിലോമീറ്റർ ദൂരം പദയാത്ര സർക്കാരിന്റെ എതിർപ്പിനെ അവഗണിച്ചും ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ചാണ് ജാഥ സഞ്ചരിക്കുന്നത്. പദയാത്രയ്ക്ക് അനുമതി നിഷേധിച്ചതിന് ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായ പ്രതിഷേധമാണുയർത്തിയത്.
കോൺഗ്രസ് സർക്കാരിന്റെ ഈ നടപടി അത്യന്തം ജനാധിപത്യവിരുദ്ധമെന്ന് സിപിഐ പറഞ്ഞു. ഇടതുപാർട്ടികൾ ഭരിക്കുന്ന കേരളത്തിലൂടെ കോൺഗ്രസിന്റെ സ്വന്തം ഭാരത് ജോഡോ യാത്ര ഒരു വിലക്കും നേരിടാതെ യഥേഷ്ടം കടന്നുപോകുന്നതന്ന് ഛത്തീസ്ഗഢ് കോൺഗ്രസ് മനസിലാക്കണം. എന്നാൽ പഥയാത്രക്കെതിരെ ഛത്തീസ്ഗഢ് സർക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും സിപിഐ കൂട്ടിച്ചേർത്തു. ജനാധിപത്യ പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതാണ് ജനങ്ങൾ ജനാധിപത്യേതര പ്രതിരോധ രീതികൾ സ്വീകരിക്കാൻ കാരണം. അത് പുരോഗതിയുടെയും വികസനത്തിന്റെയും താൽപ്പര്യങ്ങൾക്ക് നിരക്കാത്തതാണ്. ആയതിനാൽ അനുമതി നിഷേധിച്ച
തീരുമാനം പിൻവലിക്കണമെന്ന് ഭൂപേഷ് ബാഗേൽ സർക്കാരിനോട് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മെയ് 17 ന് പുതിയ സുരക്ഷാ ക്യാമ്പിനെതിരെ പ്രതിഷേധിച്ച മൂന്ന് ഗ്രാമീണരെ കൊലപ്പെടുത്തിയ വെടിവയ്പ്പിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സിൽഗറിലെ ആദിവാസി സമൂഹം വളരെക്കാലമായി പ്രതിഷേധം നടത്തിവരികയാണ്. സുരക്ഷാ സേനയുടെ ക്യാമ്പുകൾക്ക് പകരം ബസ്തറിൽ സ്‌കൂളുകളും ആശുപത്രികളും സ്ഥാപിക്കണമെന്ന് സിപിഐ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ സിപിഐ നിരന്തരം ഉന്നയിക്കുന്നു. ജനാധിപത്യപരവും പ്രത്യയശാസ്ത്രപരവുമായ യോജിച്ച നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.
അധികാരികൾ അനുമതി നിഷേധിച്ചിട്ടും, ചൊവ്വാഴ്ച സിൽഗറിൽ നിന്ന് സിപിഐ ആദിവാസി മഹാസഭ മാർച്ച് ആരംഭിച്ചിരുന്നു. ജാഗർഗുണ്ട, ഡോർണാപാൽ വഴി സുക്മ ജില്ലാ ആസ്ഥാനത്തേക്കാണ് മാർച്ച് നടക്കുക. ഛത്തീസ്ഗഡിലെ വിവിധ ആദിവാസി പ്രശ്‌നങ്ങളും ആശങ്കകളും ഉയർത്തിക്കാട്ടുന്നതിനും, ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ സംസ്ഥാന സർക്കാരിനെതിരെയും, സംസ്ഥാനത്തെ ആദിവാസികളുടെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള നടപ്പാക്കാത്ത വാഗ്ദാനങ്ങൾ സർക്കാരിനെ ഓർമ്മിപ്പിക്കുന്നതിനുമാണ് യാത്ര നടത്തുന്നത്.