ന്യൂഡൽഹി: ജഹാംഗിർപുരിയിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ സിപിഐ അപലപിച്ചു. പ്രദേശത്ത് വർഗീയകലാപങ്ങൾ സൃഷ്ടിക്കാൻ മുസ്ലീങ്ങളെ മാത്രം ലക്ഷ്യംവച്ച് അവരുടെ സ്വത്തുവകകൾ പൊളിച്ചടക്കുന്ന നടപടിയിലേക്ക് ബിജെപി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. മുസ്ലീം സമുദായത്തിൽപ്പെട്ട നിർദ്ധനരായവരുടെ വീടുകളും അവരുടെ ജീവനോപാധികളും തകർക്കുന്നതിനോടൊപ്പം പള്ളികളും ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുകയാണ്.
കെട്ടിച്ചമച്ച കാരണങ്ങളുടെ അടിസ്ഥാനത്തിൽ പാവപ്പെട്ടവരുടെ വീടുകളും കടകളും തകർത്ത ബിജെപി ഭരണസമിതിയുടെ നടപടിയെ സിപിഐ ഡൽഹി ഘടകം ശക്തമായി അപലപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിർദ്ദേശ പ്രകാരമാണ് ജഹാംഗീർപുരിയിലേക്ക് ബുൾഡോസറുകൾ നീങ്ങിയത്. ഒഴിപ്പിക്കുന്നതിനുള്ള നോട്ടീസ് പോലും നൽകാതെയാണ് നിർദ്ധനരായ ജനങ്ങളെ ബിജെപി തെരുവിലിറക്കാൻ എത്തിയത്. ഇത് പൗരന്റെ ഭരണഘടനാപരമായ അവകാശത്തിന് മേലുള്ള ബിജെപിയുടെ ബുൾഡോസർ ഓപ്പറേഷനാണെന്നത് സിപിഐ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇതു ചോദ്യം ചെയ്ത് രംഗത്തെത്തിയ ഡൽഹിയിലെ സിപിഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. കെട്ടിടങ്ങൾ പൊളിക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവു പോലും ഇവർ ചെവിക്കൊണ്ടിരുന്നില്ല. സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം ഏകദേശം രണ്ട് മണിക്കൂറിലധികം ഈ പ്രദേശത്ത് ബുൾഡോസറുകൾ കെട്ടിടങ്ങൾ പൊളിക്കുന്ന നടപടി തുടർന്നു. വിലക്കയറ്റം ഉൾപ്പെടെയുള്ള സാധാരണക്കാരന്റെ വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ രാജ്യത്തുടനീളം വർഗീയ കലാപങ്ങളും അക്രമങ്ങളും അഴിച്ചുവിടാനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമാണിതെന്ന് സിപിഐ ഡൽഹി ഘടകം കുറ്റപ്പെടുത്തി.