തൃപ്രയാർ: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കെല്ലാം ഇക്കുറി ബാഗുകൾ ഒഴിവാക്കി പകരം വിത്തും കൈക്കോട്ടും വിതരണം ചെയ്തു. കൃഷി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് വി എസ് സുനിൽകുമാർ നടപ്പിലാക്കിയ “എല്ലാവരും കൃഷിയിലേക്ക് എല്ലായിടത്തും കൃഷി ചെയ്യുക” എന്നതിന്റെ ചുവട് പിടിച്ചാണ് ഇത്തരത്തിലൊരു മാറ്റം. എല്ലാവരും കൃഷിയിലേക്ക് എന്ന സംസ്ഥാന ക്യഷി വകുപ്പിന്റെ ആഹ്വാനം ഏറ്റെടുത്ത് മുന്നോട്ട് പോകാൻ പ്രചോദനമാകുന്നതിന് വേണ്ടിയാണ് തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇത്തരം ഒരു തീരുമാനം കൈകൊണ്ടത്.
പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളായിരുന്നു നടത്തിവന്നിരുന്നത്. ഫിലിം ഫെസ്റ്റ്, ചെസ് മത്സരം, വോളിബോൾ ടൂർണമെന്റ്, ബാലവേദി കലോത്സവം മുതലായ കലാകായിക പരിപാടികൾ നടത്തിയിരുന്നു. ഇന്നലെ ആരംഭിച്ച ജില്ലാ സമ്മേളനം നാളെ സമാപിക്കും.