ന്യൂഡൽഹി: രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡിസംബർ 29ന് ഫെഡറലിസം സംരക്ഷണ ദിനമായി ആചരിക്കാൻ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ ഫെഡറൽ ഘടന വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ മുഴുവൻ ജനാധിപത്യ ശക്തികളും ഒരുമിച്ച് രംഗത്തിറങ്ങണമെന്ന് എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. മൂന്ന്, നാല് തീയതികളിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ബിനോയ് വിശ്വം എംപി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡി രാജ റിപ്പോർട്ട് അവതരിപ്പിച്ചു.
ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്റെ ഭരണഘടനാ അടിത്തറ തന്നെ തകർക്കുന്നതിനാണ് ശ്രമിക്കുന്നത്. കേന്ദ്രീകരണമെന്ന ആർഎസ്എസ് ആശയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗവർണർമാരുടെ ഓഫീസുകളെ ഇതിനായി ദുരുപയോഗം ചെയ്യുകയാണ്. കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾ ബിജെപി ക്യാമ്പ് ഓഫീസുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ഗവർണർമാരുടെ ഓഫീസുകൾതന്നെ ആവശ്യമില്ലെന്നാണ് സിപിഐ കരുതുന്നതെന്ന് എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.