ഫാറോക്ക്: കിനാലൂരിൽ എയിംസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാവുന്ന അലംഭാവത്തിനെതിരെ വിമർശനമുയർത്തി സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം. ആരോഗ്യ സംരക്ഷണ മേഖലയിൽ ഉന്നതകേന്ദ്രമായ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് കേരളത്തിന് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ നിരന്തരമായ അവഗണന തുടരുകയാണെന്ന് ജില്ലാ സമ്മേളനം വ്യക്തമാക്കി.
ഇതുസംബന്ധിച്ച് പലകുറി കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ അത്രയും ലംഘിക്കപ്പെടുകയാണുണ്ടായത്. കേരളത്തിൽ എയിംസ് ലഭിച്ചാൽ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ ആരംഭിക്കുമെന്ന് എൽഡിഎഫ് സർക്കർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
വ്യവസായ പാർക്കിനായി റവന്യൂ വകുപ്പ് നേരത്തെ കെഎസ്ഐഡിസി ക്ക് കൈമാറിയ കിനാലൂർ കാന്തലാട് വില്ലേജുകളിലെ 153.46 ഏക്കർ ഭൂമി ആരോഗ്യ വകുപ്പിനു കൈമാറുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. അതുകൂടാതെ ആവശ്യമായ സ്വകാര്യ ഭൂമി ഏറ്റെടുത്ത് നൽകാനും സർക്കാർ തയ്യാറാണെന്ന് അറിയിച്ചിരുന്നതുമാണ്.
എന്നാൽ കേരളത്തിനു ശേഷം ഇതെ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വന്ന സംസ്ഥാനങ്ങൾക്കുൾപ്പെടെ 22 എയിംസ് ആശുപത്രികൾക്കാണ് കേന്ദ്രാനുമതി വേഗത്തിൽ ലഭിച്ചത്. ബിജെപി ഇതര സർക്കാരുകളോട് കേന്ദ്രം കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. രാഷ്ട്രീയത്തിന്റെ പേരിൽ ഒരു നാടിന്റെ പൊതു ആവശ്യത്തെ നിരാകരിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകൾ അങ്ങേയറ്റം അപലപനീയമാണെന്നും സിപിഐ കോഴിക്കോട് ജില്ലാസമ്മേളനം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളായി നടന്നു വരുന്ന സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.