Thursday, November 21, 2024
spot_imgspot_img
HomeKeralaസിപിഐക്ക് 98 വയസ്; ശതാബ്ദിയിലേക്ക് നീങ്ങുമ്പോൾ

സിപിഐക്ക് 98 വയസ്; ശതാബ്ദിയിലേക്ക് നീങ്ങുമ്പോൾ

ബിനോയ് വിശ്വം

2023 ഡിസംബർ 26ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 98 വയസ് പൂർത്തിയാവുന്നു. ഒരു വർഷം കൂടി കഴിഞ്ഞാൽ പാർട്ടി അതിന്റെ ജന്മശതാബ്ദിയിലേക്ക് കാൽവയ്ക്കും. പെട്ടെന്നൊരുനാൾ ഏതാനും ചെറുപ്പക്കാർക്കുണ്ടായ ഉൾവിളിയുടെ ഫലമായിട്ടല്ല 1925 ഡിസംബർ 26ന് കാൺപൂരിൽ ആരംഭിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ സമ്മേളനം. പ്രക്ഷുബ്ധമായ ലോകസാഹചര്യങ്ങളിൽ ഇന്ത്യയിൽ ആഞ്ഞടിച്ച ജനാധിപത്യ മുന്നേറ്റ കൊടുങ്കാറ്റുകളുടെ ഫലമായിരുന്നു അത്.

സാമ്രാജ്യത്വ വിരുദ്ധ ഉണർവിന്റെ ഒരു സവിശേഷ സന്ദർഭത്തിലാണ് പാർട്ടി പിറക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ തൊഴിലാളികളും കർഷകരും അടക്കമുള്ള അധ്വാനിക്കുന്ന ജനതതി ഇടപെടാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. തൊഴിലാളിവർഗത്തിന്റെ ആദ്യസംഘടനയായ എഐടിയുസി 1920 ഒക്ടോബർ 31ന് തന്നെ രൂപംകൊണ്ടിരുന്നു. അതിനും മുമ്പ് 1908ൽ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ നഗരമായ ബോംബെ അന്നോളം കണ്ടിട്ടില്ലാത്ത ഒരു പണിമുടക്കിന് സാക്ഷ്യംവഹിച്ചു.

സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ ബാലഗംഗാധര തിലകനെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു അത്. സാമ്പത്തിക ആവശ്യങ്ങൾ ഒന്നും ഉന്നയിക്കാതെ രണ്ട് ലക്ഷം തുണിമിൽ തൊഴിലാളികൾ അന്ന് പണിമുടക്കി. ബോംബെയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവർ വിളിച്ച മുദ്രാവാക്യം ‘തിലകനെ വിട്ടയയ്ക്കുക’ എന്നത് മാത്രമായിരുന്നു. അകലെയിരുന്നുകൊണ്ട് ഈ പണിമുടക്കിനെപ്പറ്റി വായിച്ചറിഞ്ഞ ലെനിൻ അന്നെഴുതി: ‘ഇന്ത്യൻ തൊഴിലാളിവർഗത്തിന് പ്രായപൂർത്തിയായിരിക്കുന്നു!’

പിന്നീടാണ് മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയം ലോകത്തെങ്ങുമുള്ള മർദിതരെ വിളിച്ചുണർത്തിയത്. 1917ലെ ആ വിപ്ലവ വിജയം കോളനിവാഴ്ചയ്ക്ക് അന്ത്യം കുറിക്കാനുള്ള എല്ലാ ഭൂഖണ്ഡങ്ങളിലെയും പോരാട്ടങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത ആത്മവിശ്വാസം പകർന്നുകൊടുത്തു. മാർക്സിസത്തിന്റെ ചുവന്ന വെളിച്ചം ചൂഷകവർഗവാഴ്ചയുടെ കരിമ്പടക്കെട്ടുകളിലേക്ക് വജ്രസൂചികളെപ്പോലെ തുളച്ചുകയറി. അതിന്റെ സ്വാധീനത്തിൽ ബോംബെ, കൽക്കത്ത, ലാഹോർ, കാൺപൂർ, മദ്രാസ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ മുളച്ചുപൊന്തി. ഇന്ത്യക്ക് പുറത്ത് താഷ്കന്റിലും അപ്രകാരം ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് സ്ഥാപിതമായി. രാജ്യത്തിന്റെ നാനാഭാഗത്തായി പ്രവർത്തിച്ചുവന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്കിടയിൽ നടന്ന പ്രയാസകരമായ ആശയവിനിമയങ്ങൾക്കൊടുവിലാണ് കാൺപൂരിലെ സമ്മേളനം നടന്നത്.

1921ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ‘പൂർണസ്വരാജ്’ എന്ന ആവശ്യം ഉയർത്തി പ്രമേയം അവതരിപ്പിച്ച കവിയും സാഹിത്യകാരനുമായ ഹസ്രത്ത് മുഹാനി ആയിരുന്നു കാൺപൂരിലെ സ്വാഗതസംഘം അധ്യക്ഷൻ. (നിരുത്തരവാദപരവും അപ്രായോഗികവും എന്ന് പറഞ്ഞാണ് മഹാത്മാഗാന്ധി അന്ന് ആ പ്രമേയത്തെ എതിർത്തത്) പിന്നീട് 1922ൽ കോൺഗ്രസിന്റെ ഗയാസമ്മേളനത്തിൽ ശിങ്കാരവേലു ചെട്ടിയാർ ഈ ആവശ്യം ഉന്നയിച്ച് വമ്പിച്ച പിന്തുണ നേടി. ഇതേ ശിങ്കാരവേലു ചെട്ടിയാർ തന്നെയായിരുന്നു 1925ലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണ സമ്മേളനത്തിലെ അധ്യക്ഷൻ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കാര്യപരിപാടിയിൽ പൂർണസ്വരാജ് എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.

അവിടുന്നിങ്ങോട്ട് ഈ മഹത്തായ നാടിന്റെ സാമൂഹിക‑സാമ്പത്തിക‑രാഷ്ട്രീയ ഗതിവിഗതികളിലെല്ലാം കമ്മ്യൂണിസ്റ്റുകാർ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യങ്ങളുടെ കാവൽക്കാരായി നിലകൊണ്ടു. 1936ൽ അഖിലേന്ത്യാ കിസാൻസഭയും അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷനും പ്രോഗസീവ് റെെറ്റേഴ്സ് അസോസിയേഷനും കെട്ടിപ്പടുക്കാൻ മുൻകയ്യെടുത്തത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. പിന്നീട് 1943ൽ ഇപ്റ്റ രൂപീകരിച്ചതും കമ്മ്യൂണിസ്റ്റ് മുൻകയ്യിൽത്തന്നെ. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ എല്ലാ ഘട്ടങ്ങളിലും സാമ്രാജ്യത്വ വിരോധത്തിന്റെ കൊടിക്കൂറയാണ് പാർട്ടി ഉയർത്തിപ്പിടിച്ചത്. ഈ സമരപാരമ്പര്യത്തെ അവഹേളിക്കുവാൻ വേണ്ടിയാണ് കടുത്ത കമ്മ്യൂണിസ്റ്റ് വിരോധികൾ ക്വിറ്റ് ഇന്ത്യ സമരകാലത്തെപ്പറ്റി ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത്. ഐതിഹാസികമായ ആ സമരത്തിന്റെ വീറുറ്റ നേതാക്കളിൽ മിക്കവരും (അരുണ ആസഫലി, സർജു പാണ്ഡെ എന്നിവരടക്കം) അംഗത്വം സ്വീകരിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണ് എന്ന വസ്തുത മാത്രം മതിയാകും കള്ളപ്രചാരവേലയുടെ മുനയൊടിക്കാൻ. ലാഹോർ, പെഷവാർ, കാൺപൂർ,‍ മീററ്റ്, എന്നിങ്ങനെ ഗൂഢാലോചനാ കേസുകൾ നിരന്തരം കെട്ടിച്ചമച്ചുകൊണ്ട് സാമ്രാജ്യത്വ ഭരണകൂടം വേട്ടയാടിയതും കമ്മ്യൂണിസ്റ്റുകാരെ മാത്രമാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണകൂടനയങ്ങൾ ദേശീയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളെ വിസ്മരിച്ചപ്പോൾ പട്ടിണിക്കാർക്കും പാവങ്ങൾക്കും വേണ്ടി പടപൊരുതുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നിൽ നിന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും ചെറുത്തുനില്പുകൾ ശക്തിപ്പെടുത്താൻ പാർട്ടി വഹിച്ച പങ്ക് ചരിത്രത്തിൽ മായാതെ കിടക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം മതേതര ജനാധിപത്യശക്തികളുടെ കെെനിലകൾക്ക് ഊർജം പകരാൻ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്കും മഹത്തരമാണ്. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി അതിന്റെ കെടുതികളുടെ ഭാരം മുഴുവൻ എന്നും അടിച്ചേല്പിക്കുന്നത് പാവങ്ങളുടെ മേലാണ്. അത്തരം ഘട്ടങ്ങളിലെല്ലാം അവയെ ചോദ്യം ചെയ്ത് കമ്മ്യൂണിസ്റ്റ് പാർട്ടി സമരരംഗത്ത് വന്നു.

കൊടുമ്പിരികൊള്ളുന്ന മുതലാളിത്ത പ്രതിസന്ധി, വർഗീയശക്തികൾക്ക് വളരാൻ കളമൊരുക്കിയപ്പോൾ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണെന്ന് രാജ്യത്തിന് ആദ്യം മുന്നറിയിപ്പ് കൊടുത്ത പാർട്ടിയാണ് സിപിഐ. ആദിവാസികളും ദളിതരും അടക്കമുള്ള അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് പാർട്ടി എന്നും അത്താണിയാണ്. ജനാധിപത്യ പോരാട്ടങ്ങളുടെ ഭാഗമായി ന്യൂനപക്ഷശക്തികളെ പാർട്ടി കാണുന്നു. സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രസ്ഥാനം കെട്ടിപ്പടുക്കാനും പ്രക്ഷോഭം ശക്തിപ്പെടുത്താനും പാർട്ടി സവിശേഷമായ താല്പര്യം കാണിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി വർഗ ബഹുജന പ്രസ്ഥാനങ്ങൾ നേടുന്ന വളർച്ചയിൽ കമ്മ്യൂണിസ്റ്റുകാർ സദാ അഭിമാനം കൊള്ളുന്നു. ചെങ്കൊടി പിടിക്കുന്ന തൊഴിലാളി സംഘടനകളിൽ ഒന്നാം സ്ഥാനത്താണ് എഐടിയുസി. മാറിയ ലോകസാഹചര്യത്തിൽ തീവ്ര വലതുപക്ഷം ശക്തിപ്പെടുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യൻ രാഷ്ട്രീയത്തിലും വർഗീയ ഫാസിസ്റ്റുകൾ പിടിമുറുക്കുന്നതിന്റെ ആപത്ത് കമ്മ്യൂണിസ്റ്റുകാർ കാണുന്നുണ്ട്. ഹിറ്റ്ലറുടെ ജർമ്മനിയിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ ആവശ്യപ്പെടുന്ന ആർഎസ്എസ് ആണ് ഇന്ത്യൻ വലതുപക്ഷത്തിന്റെ കുന്തമുന.

അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ബിജെപി ഇന്ത്യയുടെ എല്ലാ ജനാധിപത്യ മൂല്യങ്ങളെയും വെല്ലുവിളിക്കുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ആശയങ്ങളാണ് ഇന്ത്യൻ ഭരണഘടനയ്ക്ക് അടിത്തറ പാകിയത്. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും സോഷ്യലിസ്റ്റ് സ്വപ്നങ്ങളുമാണ് അതിന്റെ കാതൽ. ആ ഭരണഘടനാ മൂല്യങ്ങളെയെല്ലാം ആർഎസ്എസും ബിജെപിയും ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും ഗവർണർ അടക്കമുള്ള ഭരണഘടനാ പദവികളെയും സ്വന്തം കളിപ്പാവകളാക്കാനാണ് അവർ തിടുക്കംകൊള്ളുന്നത്. ജർമ്മൻ പാർലമെന്റ് ആയ റെയ്സ്റ്റാഗിന് തീകൊളുത്തിയ ജർമ്മൻ ഫാസിസ്റ്റുകളെ അനുസ്മരിപ്പിച്ചുകൊണ്ട് അവർ പുകവാതകവുമായി ക്രിമിനലുകളെ പാർലമെന്റിലേക്ക് പറഞ്ഞയക്കുന്നു. ആ നടപടിയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ എംപിമാരെ ഒന്നടങ്കം പുറത്താക്കുന്നു. പാർലമെന്ററി വ്യവസ്ഥ എത്രകാലം നിലനിൽക്കും എന്ന ചോദ്യം ജനാധിപത്യവാദികൾ ഉത്കണ്ഠയോടെ ചോദിക്കുന്നുണ്ട്. ഈ രാഷ്ട്രീയ സാഹചര്യങ്ങളുടെ സങ്കീർണത മനസിലാക്കിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ശതാബ്ദിയിലേക്ക് നീങ്ങുന്നത്.

ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങളെ മനസിലാക്കാനും വ്യാഖ്യാനിക്കാനും മുന്നോട്ട് പോകാനുമുള്ള വെളിച്ചമായാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസത്തെ കാണുന്നത്. പ്രയോഗത്തിന്റെ വഴികാട്ടിയായി ആ സിദ്ധാന്തത്തെ മുറുകെപ്പിടിച്ചുകൊണ്ട് പാർട്ടി മുന്നോട്ടുപോകുന്നു. ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ മുഖ്യശത്രു ഫാസിസ്റ്റ് ആശയങ്ങളാൽ നയിക്കപ്പെടുന്ന ആർഎസ്എസും ബിജെപിയും ആണെന്ന തികഞ്ഞ ബോധ്യം കമ്മ്യൂണിസ്റ്റുകാർക്കുണ്ട്. മുഖ്യശത്രു ആരാണ് എന്ന് തിരിച്ചറിഞ്ഞാൽ അവരെ പരാജയപ്പെടുത്താനുള്ള വിശാലസഖ്യം എന്ന സമരതന്ത്രത്തെപ്പറ്റിയും മാർക്സിസം കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കുന്നുണ്ട്. സമകാലിക ഇന്ത്യയിൽ വിശാലമായ മതേതതര ജനാധിപത്യ ഇടതുപക്ഷ ഐക്യം എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തുവാൻ സിപിഐയെ സഹായിച്ചത് അജയ്യമായ മാർക്സിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ്.

ശരിയായ രാഷ്ട്രീയം പ്രയോഗിക്കുവാനും വിജയിക്കുവാനും കരുത്തുറ്റ സംഘടന കൂടിയേ തീരൂ. ആ തിരിച്ചറിവോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞയോടെയാണ് നാം മുന്നോട്ട് പോകുന്നത്. ശക്തമായ ഇടതുപക്ഷ ജനാധിപത്യ ബദൽ എന്ന ആശയത്തിന്റെ മൂർത്തരൂപമായി ഇന്ന് ഇന്ത്യയിൽ ചൂണ്ടിക്കാണിക്കാനുള്ളത് കേരളത്തിലെ എൽഡിഎഫും അതിന്റെ സർക്കാരുമാണ്. കടുത്ത വെെരാഗ്യബുദ്ധിയോടെ തീവ്ര വലതുപക്ഷം അതിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ആ ശക്തികളെ ചെറുത്ത് തോല്പിക്കേണ്ടതുണ്ട്. നാടിനും ജനതയ്ക്കും വേണ്ടി പൊരുതിമരിച്ച ധീര രക്തസാക്ഷികളുടെ പോരാട്ടസ്മരണകൾ കമ്മ്യൂണിസ്റ്റുകാരെ എന്നും ആവേശംകൊള്ളിക്കും. പുതിയ കാലത്തിന്റെ കർത്തവ്യങ്ങൾ ഏറ്റെടുക്കാനുള്ള പ്രചോദനമായി ആ സ്മരണകൾ മാറും.

ശതാബ്ദി കടമകൾ നിർവചിക്കുമ്പോൾ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും രാജ്യസ്നേഹവും വർഗക്കൂറും കമ്മ്യൂണിസ്റ്റുകാരെ നേർവഴിക്ക് നയിക്കും. കൂടുതൽ കരുത്തുറ്റ കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രഹരശേഷി വർധിച്ച വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനുള്ള അവസരമായി നാം ശതാബ്ദി വേളയെ കാണുന്നു. ജലത്തിലെ മത്സ്യത്തെപ്പോലെ ജനങ്ങൾക്കിടയിൽ ജീവിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവൽക്കാരായി മുന്നോട്ടുപോകും എന്നതായിരിക്കും നമ്മുടെ ശതാബ്ദി പ്രതിജ്ഞ.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares