കാനം രാജേന്ദ്രന്‍/വീണാ രാജ്
തൃക്കാക്കരയിലെ ജനങ്ങളുടെ മനസ്സ് അറിയുന്ന വ്യക്തിത്വത്തിനു ഉടമയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനു പുറത്തുള്ള നിഷ്പക്ഷരായ ആളുകളുടെ വോട്ട് സ്വന്തമാക്കാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. അതുകൊണ്ട് തൃക്കാക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. യങ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
തൃക്കാക്കര നിയോജക മണ്ഡലം ഇത്തവണ എല്‍ഡിഎഫിനൊപ്പം പോരുമോ?
തൃക്കാക്കര നിയോജക മണ്ഡലം കേരളത്തിന്റെ പൊതു രാഷ്ട്രീയത്തിനു ഒപ്പം നില്‍ക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ തൃക്കാക്കര എല്‍ഡിഎഫിനൊപ്പം നില്‍ക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 99 സീറ്റുകളില്‍ വിജയം സമ്മാനിച്ച് ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നപ്പോഴും യുഡിഎഫിന്റെ വിജയമുറപ്പാക്കിയ ഒരു നിയോജക മണ്ഡലമാണ് തൃക്കാക്കര. പക്ഷേ, കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍, കഴിഞ്ഞ കാലങ്ങളിലെല്ലാം എല്‍ഡിഎഫിനു അനുകൂലമായ വിധിയെഴുത്താണ് ഭൂരിഭാഗം ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായിട്ടുള്ളത്. വളരെ നല്ല രീതിയില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്ത് എല്‍ഡിഎഫ് മുന്നോട്ട് പോകുന്നുണ്ട്. അതുകൊണ്ട് ഇപ്രാവശ്യം എല്‍ഡിഎഫ് വിജയിക്കും.
കെ വി തോമസ് കൂടെയുള്ളത് മുന്നണിക്ക് ഗുണം ചെയ്യുമോ?
കെ വി തോമസ് കഴിഞ്ഞ കാലത്ത് കോണ്‍ഗ്രസില്‍ സജീവമായിരുന്ന ആളാണ്. അദ്ദേഹം പാര്‍ലമെന്റ് മെമ്പറായും നിയമസഭാംഗമായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ഇത്തവണ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. സ്വാഭാവികമായും അപ്പുറത്ത് നില്‍ക്കുന്ന ഒരാള്‍ എല്‍ഡിഎഫിനോട് ഒപ്പം ചേരുമ്പോള്‍ അത് എല്‍ഡിഎഫിനു അനുകൂലമായിട്ടുള്ള സാഹചര്യമാണ് സൃഷ്ടിക്കുക.
കേരളത്തില്‍ സഹതാപ തരംഗ ട്രെന്‍ഡ് ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കുന്നോ?
എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. അവര്‍ യുഡിഎഫിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായി മത്സരിക്കുന്നു. അവരെ രാഷ്ട്രീയമായി നേരിടാനും പരാജയപ്പെടുത്താനും കരുത്തുള്ള ഒരു മുന്നണിയാണ് എല്‍ഡിഎഫ്. അതുകൊണ്ട് വ്യക്തിപരമായ പരാമര്‍ശനങ്ങള്‍ക്ക് ഒരു വലിയ അടിസ്ഥാനമുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.
തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെ സില്‍വര്‍ ലൈനിന് എതിരായ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എല്‍ഡിഎഫിനാവുമോ?
സില്‍വര്‍ ലൈന്‍ തൃക്കാക്കരയില്‍ മാത്രം ബാധകമായിട്ടുള്ള ഒരു കാര്യമല്ല. കേരളത്തിന്റെ ഒരു വികസന സ്വപ്നമാണ് സില്‍വര്‍ ലൈന്‍. അത് പ്രാവര്‍ത്തികമാക്കാനും പ്രായോഗികമാക്കാനുമുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനു എല്‍ഡിഎഫ് ഒറ്റക്കെട്ടായി പിന്തുണ നല്‍കിക്കൊണ്ട് സര്‍ക്കാരിനൊപ്പമുണ്ട്.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായമുണ്ടോ? സില്‍വര്‍ ലൈന്‍ കുറ്റി പിഴുതെടുക്കാന്‍ സിപിഐക്കാരും ഉണ്ടെന്നാണ് വി ഡി സതീശന്‍ പറയുന്നത്…
അല്ല, അങ്ങനൊരു പ്രശ്നമില്ല. പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ രണ്ട് പ്രാവശ്യം യോഗം ചേര്‍ന്ന് ഈ വികസന പദ്ധതി നടപ്പിലാക്കേണ്ടതാണ് എന്ന് തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗികമായി സിപിഐ ആ നടപടിയുമായി മുന്നോട്ട് പോവുകയാണ്. എല്‍ഡിഎഫ് ഒറ്റക്കെട്ടായി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. പിന്നെ വി ഡി സതീശനോടൊപ്പം ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഈ പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഉണ്ടാകുകയില്ല.
ട്വന്റി 20-എഎപി സഖ്യത്തിനെ സിപിഐ എങ്ങനെ നോക്കിക്കാണുന്നു?
അതൊന്നും കേരളത്തില്‍ വലിയ പ്രശ്നമാവാന്‍ പോകുന്നില്ല. അവരിപ്പോള്‍ നാലാം മുന്നണിയുണ്ടാക്കി. മൂന്നാം മുന്നണിയുണ്ടാക്കിയിട്ട് എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അപ്പോള്‍, നാലാം മുന്നണിക്ക് ഇതൊക്കെ കഴിയുമെന്ന് വിശ്വസിക്കാന്‍ നമ്മുടെ കേരളത്തിലെ രാഷ്ട്രീയമറിയുന്ന ഒരാള്‍പോലും തയ്യാറാവില്ല.
കോണ്‍ഗ്രസിനെ സെമി കേഡര്‍ ആക്കാന്‍ വന്ന സുധകരന്‍ പരാജയപ്പെട്ടോ?
ആ പാര്‍ട്ടിയുടെ കാര്യത്തെക്കുറിച്ചൊന്നും നമ്മളിപ്പോള്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. അവരിപ്പോള്‍ അവരുടെ മെമ്പര്‍ഷിപ്പ് പോലും പൂര്‍ത്തിയാക്കിയോ എന്ന് നമുക്കറിയില്ല. അവരുടെ ക്യാമ്പുകളിലൊക്കെ അവര്‍ പല ആശയങ്ങളും പറയുന്നുണ്ട്. അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നുള്ളതാണ് അവരുടെ പ്രായോഗിക പ്രശ്നം.
സിപിഐയിലെ പ്രായ പരിധി തീരുമാനത്തെക്കുറിച്ച്?
പാര്‍ട്ടിയില്‍ പ്രായപരിധി തീരുമാനിച്ചുകൊണ്ട് നാഷണല്‍ കൗണ്‍സില്‍ ഒരു ഗൈഡ് ലൈന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് പാര്‍ട്ടിയിലെ ഔദ്യോഗിക ഭാരവാഹികള്‍ എഴുപത്തിയഞ്ച് വയസില്‍ താഴെയുള്ളവരായിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതു മാത്രമല്ല, സംസ്ഥാന കൗണ്‍സിലിലും അതുപോലെ ജില്ല കൗണ്‍സിലിലും അമ്പത് വയസില്‍ താഴെയുള്ള ആളുകള്‍ക്ക് 40 ശതമാനം പ്രതിനിധ്യം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് ഒരു യുവത്വം കൊണ്ടുവരാനും ലീഡര്‍ഷിപ്പില്‍ പുതിയ ആളുകളെ കൊണ്ടുവരാനും വേണ്ടിയുള്ള ബോധപൂര്‍വമായ ഒരു പരിശ്രമത്തിന്റെ ഭാഗമാണ് അത്
പാര്‍ട്ടി കോണ്‍ഗ്രസ് വരാന്‍ പോകുകയാണ്, സംഘടനാ തലത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമോ?
24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നമ്മള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടി ജൂലൈ മാസം 13 മുതല്‍ 17വരെ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അതിനിടയില്‍ ദേശീയ എക്സിക്യൂട്ടീവും സെക്രട്ടേറിയേറ്റുമുണ്ട്. ഈ യോഗങ്ങളിാണ് വരും കാലത്തെ സംബന്ധിച്ച് നമ്മുടെ രാഷ്ട്രീയ നിലപാടുകളെ സൂചിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിനു രൂപം നല്‍കുന്നത്. അത് പൊതു വേദികളില്‍ ചര്‍ച്ചചെയ്യുന്നതിനു വേണ്ടി പാര്‍ട്ടി മെമ്പര്‍മാര്‍ക്കും അതുപോലെ തന്ന പുറത്തുള്ളവര്‍ക്ക് അഭിപ്രായം പറയുന്നതിനു വേണ്ടി രണ്ട് മാസം മുമ്പ് തന്നെ പ്രസിദ്ധീകരിക്കണം. അത് പ്രസിദ്ധീകരിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ആ കരട് രാഷ്ട്രീയ പ്രമേയം വരട്ടെ , അത് വന്നതിനുശേഷം അതിനെക്കുറിച്ച് കൂടതല്‍ വ്യക്തതയോടെ പറയാന്‍ സാധിക്കും.
എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തനങ്ങളെ എങ്ങനെ നോക്കി കാണുന്നു?
പുതിയ തലമുറയെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരുകയെന്നത് ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ട് എഐവൈഎഫിലും പ്രായ പരിധി നടപ്പിലാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു പുതിയ ലീഡര്‍ഷിപ്പ് എഐവൈഎഫിന്റെ നേതൃത്വത്തില്‍ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥി സമ്മേളനം നടന്നപ്പോള്‍,അവിടെ കര്‍ശനമായി തീരുമാനിച്ചത് ക്യാമ്പസുകളില്‍ നിന്നും വരുന്നവര്‍ വിദ്യാര്‍ത്ഥി നേതൃത്വത്തിലേക്ക് വരണമെന്നുള്ളതാണ്. അപ്പോള്‍, ക്യാമ്പസിലേക്ക് തിരിച്ചുപോവുക ,പുതിയ തലമുറയെ ശക്തമായി പാര്‍ട്ടിയോടൊപ്പം അണിനിരത്താനുള്ള പരിശ്രമം നടത്തുക ഈ രണ്ട് ലക്ഷ്യങ്ങള്‍ യുവജന വിദ്യാര്‍ത്ഥി രംഗത്ത് നടപ്പിലാക്കാനാണ് ഇന്ന് പാര്‍ട്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.