Thursday, November 21, 2024
spot_imgspot_img
HomeKeralaസിപിഐ നേതാവ് ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

സിപിഐ നേതാവ് ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

കൊച്ചി: മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സിപിഐ മുൻ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, കരുനാ​ഗപ്പള്ളി മുൻ എംഎൽഎ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രാവിലെ 11.00 മണിയ്ക്ക് പാർട്ടി ജില്ലാ കൗൺസിൽ ഓഫീസിൽ രാമചന്ദ്രന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.

സിപഐയുടെ വിദ്യാര്‍ത്ഥി പ്രസ്താനമായ എഐഎസ്എഫിലൂടെയാണ് രാമചന്ദ്രൻ പൊതുപ്രവര്‍ത്തനം തുടങ്ങിയത്. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും, താലൂക്ക് കമ്മിറ്റി വിഭജിച്ചപ്പോള്‍ ചവറ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു. 2012 -ല്‍ ജില്ലാ സെക്രട്ടറിയായി. അതോടൊപ്പം സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതുവരെ ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചു. 2006 -11 കാലയളവില്‍ സിഡ്‌കോ ചെയര്‍മാനായിരുന്നു. 1991-ല്‍ ജില്ലാ കൗണ്‍സിലിലേക്ക് പന്മന ഡിവിഷനില്‍നിന്ന് വിജയിച്ചു. 2000-ല്‍ തൊടിയൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലെത്തി. 2004-ല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി.

ഭാര്യ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് അക്കൗണ്ടന്റായി വിരമിച്ച പ്രിയദര്‍ശിനി. മകള്‍: ദീപാചന്ദ്രന്‍. മരുമകന്‍: അനില്‍ കുമാര്‍.സംസ്‌കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares