കോഴിക്കോട്: പ്രമുഖ സിപിഐ നേതാവ് വി ആർ വിജയരാഘവൻ മാസ്റ്റർ (87) അന്തരിച്ചു. തച്ചൻ കുന്നിലെ സ്വവസതിയിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സിപിഐ സംസ്ഥാന കൗൺസിൽ, ജില്ലാ എക്സിക്യുട്ടീവ് മുൻ അംഗം, കിസാൻ സഭാ ജില്ലാ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കെഎസ്‌പിടിഎ സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ദീർഘകാലം അധ്യാപകനായിരുന്ന വി ആർ കിഴൂർ എയുപി സ്കൂൾ, തൃക്കോട്ടൂർ എയുപി സ്കൂൾ, പയ്യോളി ഹൈസ്കൂൾ, പേരാമ്പ്ര ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. വില്യാപ്പള്ളി എംജെ ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപകനായാണ് അദ്ദേഹത്തിന്റെ ഒദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്. മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്വന്തമാക്കിയ വ്യക്തികൂടിയാണ് വിജയരാഘവൻ മാസ്റ്റർ.
പാർട്ടി സംസ്ഥാന വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിൽ അധ്യാപകനായി പ്രവർത്തിച്ചു. സംസ്ഥാനത്തുടനീളം നിരവധി പാർട്ടി ക്ലാസുകൾ കൈകാര്യം ചെയ്തു. സോവിയറ്റ് യൂണിയൻ, കിഴക്കൻ ജർമ്മനി എന്നി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഭാര്യ: എം കെ വത്സല.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ കെ വിജയൻ എം എൽ എ, എം നാരായണൻ, ആർ ശശി തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. രാത്രി ഏഴു മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.