സിപിഐ പ്രൗഢഗംഭീരമായ മറ്റൊരു സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുകയാണ്. ശക്തമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച കരുത്തുറ്റ നേതാക്കള്‍ കൈപിടിച്ച് വളര്‍ത്തിയതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ. ജനങ്ങളുമായി അടുത്തുനില്‍ക്കുന്ന, അവരുടെ ജീവിത സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്ന, മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള നേതാക്കളാല്‍ സമൃദ്ധ
മാണ് തുടക്ക കാലം മുതല്‍ സിപിഐ. സഖാക്കളുടെ സഖാവ് പി കൃഷ്ണപിള്ള മുതല്‍ കാനം രാജേന്ദ്രന്‍ വരെയെത്തി നില്‍ക്കുന്ന സിപിഐയുടെ കരുത്തരായ സംസ്ഥാന സെക്രട്ടറിമാരുടെ ജീവിതത്തിലൂടെ ഒന്നു കടന്നുപോകാം.
പി കൃഷ്ണപിള്ള (1939-1948)
കേരളത്തില്‍ സിപിഐയുടെ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു പി കൃഷ്ണപിള്ള. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ ‘സഖാവ്’ എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി കൃഷ്ണപിള്ള കേരളത്തിലെ ‘ആദ്യത്തെ കമ്മ്യൂണിസ്റ്റ്’ എന്നു വിശേഷിപ്പിക്കപ്പെടുന്നു. ദീര്‍ഘകാലം പ്രസ്ഥാനത്തിനു വേണ്ടി ഒളിവിലും, ജയിലിലും കഴിച്ചുകൂട്ടി. ജനകീയ യുദ്ധകാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിച്ചു. 1906ല്‍ കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലാണ് പി കൃഷ്ണപിള്ളയുടെ ജനനം. ഇടതുപക്ഷ നിലപാടുള്ളവരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ)യുടെ കേരളഘടകത്തിന് രൂപം നല്‍കുകയും നേതൃനിരയിലെത്തുകയും ചെയ്തു. 42 -ാം വയസ്സില്‍ അന്തരിച്ച അദ്ദേഹം കേരളം കണ്ട മികച്ച സംഘാടകരില്‍ ഒരാളായിരുന്നു.
1948 മാര്‍ച്ച് മാസം കോഴിക്കോട് നടന്ന സിപിഐയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലാണ് പി കൃഷ്ണപിള്ളയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആലപ്പുഴയിലെ മുഹമ്മയ്ക്ക് സമീപമുള്ള കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് എന്ന പ്രദേശത്തെ ഒരു കയര്‍ത്തൊഴിലാളിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്ന സമയത്ത് 1948 ആഗസ്റ്റ് 19ന് പാമ്പു കടിയേറ്റാണ് പി കൃഷ്ണപിള്ള അന്തരിച്ചത്. മരണസമയത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു.
സി അച്യുതമേനോന്‍ (1949-1956) (1962-1968)
കേരള ചരിത്രം എന്നും ഓര്‍മ്മിക്കുന്ന കരുത്തുറ്റ മുഖ്യമന്ത്രിയാണ് സി അച്യുതമേനോന്‍. അദ്ദേഹത്തിന്റെ ഭരണകാലം കേരളത്തിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പൊതുജീവിതത്തില്‍ മൂല്യബോധത്തിന്റെയും സൗമ്യതയുടേയും മുഖമുദ്രയായിരുന്ന ജീവിതമായിരുന്നു സി അച്യുതമേനോന്റെത്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി അദ്ദേഹമാണ്,2364 ദിവസം. കേരള നിയമസഭയുടെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും വേറെ ആരുമല്ല. കേരളത്തിലെ ആദ്യ ധനകാര്യവകുപ്പ് മന്ത്രിയും അച്യുതമേനോന്‍ തന്നെ.
1942 ല്‍ അദ്ദേഹം സിപിഐയില്‍ അംഗമായി. മധുരയില്‍ നടന്ന മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു. 1943ല്‍ പാര്‍ട്ടി നിരോധിച്ചപ്പോള്‍ നാലുവര്‍ഷക്കാലത്തിലേറെ ഒളിവില്‍ കഴിയേണ്ടി വന്നു. ഒളിവിലിരിക്കേ തന്നെ തൃശ്ശൂര്‍ മുനിസിപ്പില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുകയും വിജയിക്കുകയും ചെയ്തു. 1951 ല്‍ ആലപ്പുഴയില്‍ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തത് അച്യുത മേനോനെയായിരുന്നു.
എം എന്‍ ഗോവിന്ദന്‍ നായര്‍ (1956-1959) (1970-1971)
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുള്ള വ്യക്തി. ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാര്‍ട്ടി സെക്രട്ടറി. സിപിഐയുടെ ആദ്യ സര്‍ക്കാറിനെ അധികാരത്തിലെത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. ഗാന്ധിയനാകാന്‍ കേരളം വിട്ടുപോയ അദ്ദേഹം തിരിച്ചെത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിട്ടാണ്.
കേരള ക്രുഷ്‌ചേവ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നേതാവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒളിവില്‍ പോയ അദ്ദേഹം പോലീസിന്റെ കണ്ണ് വെട്ടിച്ചു രക്ഷപ്പെടുന്നതില്‍ അതീവ സമര്‍ത്ഥനായിരുന്നതിനാല്‍ അദ്ദേഹത്തിന് പറക്കാന്‍ കഴിയും എന്ന് പോലും സാധാരണ ജനങ്ങള്‍ വിശ്വസിച്ചിരുന്നതായി ആദ്യകാല സഖാക്കള്‍ എഴുതിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനു ശേഷവും സിപിഐയെ കരുത്തോടെ സംരക്ഷിക്കാന്‍ എംഎന്‍ നിര്‍വഹിച്ച പങ്ക് ഒട്ടും ചെറുതല്ല.
ഇഎം ശങ്കരന്‍ നമ്പൂതിരപ്പാട് (1959-1962)
ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി. 1936ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പി കൃഷ്ണപിള്ള, കെ ദാമോദരന്‍, എന്‍ കെ ശേഖര്‍ എന്നിവര്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പില്‍ അംഗമായിരുന്നു.
എസ് കുമാരന്‍ (1968-1970)
പുന്നപ്രവയലാര്‍ സ്വതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ എംപിയും മാരാരിക്കുളം മുന്‍ എംഎല്‍എയുമായിരുന്നു എസ് കുമാരന്‍. കയര്‍ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 1968 ല്‍ കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ എസ് കുമാരനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.
എന്‍ ഇ ബാലറാം (1971-1984)
അധ്യാപക ജോലിയിലിരിക്കെ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച വ്യക്തിയാണ് എന്‍ ഇ ബാലറാം. 1957ലെ പൊതു തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ജയിച്ച് ഒന്നാം കേരള നിയമസഭയിലെത്തി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തു. രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. പാര്‍ട്ടി രണ്ടായപ്പോള്‍ സിപിഐയില്‍ ഉറച്ചു നിന്നു. തുടര്‍ച്ചയായി പതിനൊന്ന് വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായി സേവനമനുഷ്ടിച്ച വ്യക്തിയാണ് ബാലറാം. 1971 മുതല്‍ 1984 വരെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
സിപിഐയിലെ ബൗധിക മുഖങ്ങളില്‍ പ്രധാനിയായ ബാലറാം, പാര്‍ട്ടി പിളര്‍ത്തിയവര്‍ക്ക് നല്‍കിയ മറുപടികള്‍ പ്രസിദ്ധമാണ്. മികച്ച ഗ്രന്ഥകാരന്‍. ശാസ്ത്ര, തത്വ ചിന്തകളില്‍ അഗ്രഗണ്യന്‍.
പികെ വാസുദേവന്‍ നായര്‍ (1984-1998)
തിരുവിതാംകൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെയും അഖില കേരള വിദ്യാര്‍ത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടന (എഐഎസ്എഫ്) യുടെയും സ്ഥാപക നേതാവായാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.കേരളത്തിന്റെ ഒന്‍പതാമത് മുഖ്യമന്ത്രി. ഇടത് മുന്നണി രൂപീകരിക്കാനായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം അക്ഷരംപ്രതി അനുസരിച്ചു.
അധികാരത്തിലും അല്ലാത്തപ്പോഴും ലളിതജീവിതമായിരുന്നു പികെവി നയിച്ചിരുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം നാലു തവണ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1984 മുതല്‍ 1994 വരെ പാര്‍ട്ടി സെക്രട്ടറിയായി പികെവി ചുമതല വഹിച്ചു.
വെളിയം ഭാര്‍ഗവന്‍ (1998-2010)
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ എക്കാലത്തേയും ആവേശവും കരുത്തുമാണ് വെളിയം ഭാര്‍ഗവന്‍. സഖാക്കളുടെ പ്രിയപ്പെട്ട ആശാന്‍. ഇടതുപക്ഷത്തിന്റെ തിരുത്തല്‍ ശക്തിയായി, ജനങ്ങളോടുള്ള പ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു വെളിയം ഭാര്‍ഗവന്റെ രാഷ്ട്രീയ ജീവിതം. 1998 മുതല്‍ 2010 വരെ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിച്ച വ്യക്തി.
സി കെ ചന്ദ്രപ്പന്‍ (2010-2012)
ഹൈസ്‌കൂള്‍ കാലത്തുതന്നെ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായി. തുടര്‍ന്ന് എഐവൈഎഫിന്റെയും അഖിലേന്ത്യാ നേതൃത്വത്തിലേക്ക് അദ്ദേഹം വളര്‍ന്നു. 18 വയസിനു മുമ്പു തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം ലഭിക്കുകയുണ്ടായി. എസ്ഫ്-വൈഎഫ് ദേശീയ നേതൃത്വത്തിന്റെ അമരകാരനായിരുന്നുകൊണ്ട് യുവജനവിദ്യാര്‍ത്ഥി സംഘടനകളെ ശരിയായ ദിശാബോധത്തിലേക്ക് നയിക്കുകയും സമരോത്സുകം ആക്കുകയും ചെയ്തു. അനാരോഗ്യം മൂലം വെളിയം ഭാര്‍ഗവന്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 2010 നവംബര്‍ 14-ന് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് സികെ ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
പന്ന്യന്‍ രവീന്ദ്രന്‍ (2012-2015)
വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. 1979 മുതല്‍ 1982 വരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി. 1982 മുതല്‍ 1986 വരെ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 1986 മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ദേശീയ കൗണ്‍സിലിലും പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം 2005 മുതല്‍ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗമാണ്. പികെ വാസുദേവന്‍നായരും വെളിയം ഭാര്‍ഗവനും സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012 ഏപ്രില്‍ 9ന് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കാനം രാജേന്ദ്രന്‍ (2015-തുടരുന്നു)
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പടിപടിയായുയര്‍ന്ന് തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവായ ആളാണ് കാനം. എഴുപതുകളിലാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി. അവിടെ നിന്ന് സിപിഐയിലേക്കും ദേശീയ നേതൃത്വത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ട്രേഡ് യൂണിയന്‍ രംഗത്തെ സമരങ്ങള്‍ ഏറ്റെടുത്ത് പ്രശസ്തി നേടി.
1978ല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982ലും 87 ലും കോട്ടയം വാഴൂരില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ല്‍ എഐടിയുസി സംസ്ഥാന ജന സെക്രട്ടറിയായി. 2012 ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി.