മഞ്ചേരി: സിപിഐ മലപ്പുറം ജില്ലാ സമ്മേളനം ഇന്ന് മുതൽ 19 വരെ മഞ്ചേരിയിൽ നടക്കും. പതാക‑കൊടിമര‑ബാനർ‑സ്മൃതി ജാഥകള്‍ വൈകിട്ട് നാലിന് മഞ്ചേരി പഴയ മുനിസിപ്പൽ ഓഫീസ് പരിസരത്ത് സംഗമിക്കും. തുടര്‍ന്ന് പൊതുസമ്മേളന നഗരിയായ ആളൂർ പ്രഭാകരൻ നഗറില്‍ പതാക സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസും ദീപശിഖ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി പി സുനീറും കൊടിമരം സ്വാഗതസംഘം ചെയർമാൻ പി സുബ്രഹ്മണ്യനും ബാനർ സ്വാഗതസംഘം ജനറൽ കൺവീനർ പി തുളസീദാസ് മേനോനും ഏറ്റുവാങ്ങും. പി സുബ്രഹ്മണ്യൻ പതാക ഉയർത്തും. പൊതുസമ്മേളനവും സാംസ്കാരിക സദസും പാർട്ടി കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ്മ, ചലച്ചിത്ര നടനും സാംസ്കാരിക പ്രവർത്തകനുമായ ജയൻ ചേർത്തല എന്നിവർ സംസാരിക്കും. തുടർന്ന് കനൽ തിരുവാലിയുടെ നാടൻപാട്ട് അരങ്ങേറും. 18ന് രാവിലെ 10ന് പ്രതിനിധി സമ്മേളന വേദിയില്‍ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എൻ ജയദേവൻ, റവന്യൂമന്ത്രി അഡ്വ. കെ രാജൻ, ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി, വി ചാമുണ്ണി, പി പി സുനീർ എന്നിവർ പങ്കെടുക്കും. മണ്ഡലം സമ്മേളനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 220 പ്രതിനിധികള്‍ പങ്കെടുക്കും.