തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവൽക്കരണ നീക്കത്തിനെതിരെയുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചിന്റെ ഉദ്ഘാടനം സഖാവ് കാനം രാജേന്ദ്രൻ നിർവഹിച്ചു. തിരുവനന്തപുരം പേരൂർക്കട എച്ച്എൽഎൽ ആസ്ഥാനത്തേക്ക് നടന്ന ബഹുജന മാർച്ചിൽ സി ദിവാകരൻ, എൻ രാജൻ, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ സ്വകാര്യവൽക്കരണ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക, സ്ഥാപനം സംസ്ഥാന സർക്കാരിന് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബഹുജന മാർച്ച് നടന്നത്. രാജ്യത്തെ പല പൊതുമേഖല സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞു. സ്വകാര്യവൽക്കരണ നീക്കങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനിടെ അത് ഏറ്റെടുത്ത് നടത്താൻ സംസ്ഥാന സർക്കാർ തയാറാകുമ്പോൾ അതിനുള്ള അനുമതി പോലും സംസ്ഥാനങ്ങൾക്ക് വിലക്കപ്പെടുകയാണെന്നും കാനം കുറ്റപ്പെടുത്തി.