ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രകടനപത്രികയും നിയന്ത്രിക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളിലും നിയമസഭാ സംവിധാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നതിനെ അംഗീകരിക്കാനാവില്ല. അനാവശ്യമായ നീക്കമാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ അജണ്ട തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ഇത് ബാധിക്കുക.
രാജ്യത്ത് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ഇന്ത്യന്‍ ഭരണഘടന കമ്മിഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടന നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം നീക്കങ്ങള്‍ ഭരണഘടനാ ലംഘനവും ജനവിധിയെ അവഹേളിക്കുന്നതുമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമപരമായ അവകാശങ്ങള്‍ തടയുന്ന ഇത്തരം നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടുപോകരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഐ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.