തൃശൂർ: വിജയവാഡയിൽ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തിൽ ഉയർത്തുന്നതിനായുള്ള രക്തപതാക എറണാകുളത്ത് നിന്നും തൃശൂരിലെത്തി. പാർട്ടി പ്രവർത്തകരുടെ ആവേശ്വജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടാണ് പതാക ജാഥ ഓരോ പ്രദേശത്തുകൂടിയും കടന്നു പോകുന്നത്. ഇരുചക്ര വാഹനത്തിന്റെ അകമ്പടിയോടെയാണ് ജാഥ തൃശൂർ തേക്കിൻ കാട് മൈതാനത്തേക്കെത്തുന്നത്. അവിടെ നിന്നും വാണിയം പാറ വഴി വൈകിട്ട് നാലിന് പാലക്കാട് എത്തും. 5.30ന് കേരള തമിഴ്നാട് അതിർത്തി പ്രദേശമായ കോയമ്പത്തൂരിൽ പതാക ജാഥ എത്തിച്ചേരും.
24-ാം പാർട്ടി കോൺഗ്രസിൽ ഉയർത്തുന്നതിനുള്ള രക്തപതാക ജാഥ ഇന്നലെ ആലപ്പുഴ ജില്ലയിൽ നിന്നും എറണാകുളത്തേക്കെത്തി. ജാഥക്ക് ജില്ലാ അതിർത്തിയായ അരൂരിൽവച്ച് സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വൈറ്റിലയിലെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്തു. കെ കെ അഷറഫ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, ബാബു പോൾ, ശാരദാ മോഹൻ, കമലാ സദാനന്ദൻ പി കെ രാജേഷ്, ഇ കെ ശിവൻ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, കൗൺസിലർ സി എ ഷക്കീർ, എറണാകുളം മണ്ഡലം സെക്രട്ടറി പി എ ജിറാർ മറ്റ് വിവിധ വർഗ ബഹുജന സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.