Thursday, November 21, 2024
spot_imgspot_img
HomeIndiaസമര കാഹളം മുഴക്കി സിപിഐ; ബിജെപിക്ക് എതിരെ ദേശീയ പദയാത്ര

സമര കാഹളം മുഴക്കി സിപിഐ; ബിജെപിക്ക് എതിരെ ദേശീയ പദയാത്ര

ന്യൂഡൽഹി: കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികൾക്ക് വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സിപിഐ ദേശവ്യാപകമായി പദയാത്ര നടത്തും. ‘ബിജെപി ഹഠാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യത്തോടെയുള്ള പ്രചരണത്തിന് പുതുച്ചേരിയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം.

അംബേദ്കർ ജയന്തിദിനമായ ഏപ്രിൽ 14 മുതൽ മേയ് 15 വരെ എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്ന പദയാത്രയിലും പാെതുയോഗങ്ങളിലും രാഷ്ട്രത്തെയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി ബിജെപിയെയും അതിന്റെ ദുർഭരണത്തെയും പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ പ്രചരണമാവും നടത്തുക.
അദാനി ഗ്രൂപ്പ് കമ്പനികളുടെ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ചും അവരെ സഹായിക്കുന്നതിൽ സർക്കാരിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

2024ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയിൽ നിർണായകമാണ്. സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുത്ത റിപ്പബ്ലിക് നിലനിൽക്കണമെങ്കിൽ ആർഎസ്എസ്-ബിജെപി സഖ്യം രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും പരാജയപ്പെടണം. 24-ാം പാർട്ടി കോൺഗ്രസിൽ രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ ഐക്യത്തിനായി പാർട്ടി ആഹ്വാനം നൽകിയിട്ടുണ്ട്. ബിജെപി-ആർഎസ്എസ് ആശയങ്ങളെ എതിർക്കുന്ന കക്ഷികളുമായുള്ള ഐക്യം ശക്തമാക്കേണ്ടത് വളരെ പ്രധാനമാണ്.
മാർച്ച് 20 ന് നടക്കുന്ന സംയുക്ത കിസാൻ മോർച്ചയുടെ പാർലമെന്റ് മാർച്ചിന് ദേശീയ കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു.

മാർക്സിസ്റ്റ് തത്വശാസ്ത്രത്തെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയതിന് തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ ഗവർണർ സ്ഥാനത്തു നിന്ന് നീക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കർഷക വിരുദ്ധമായ പ്രധാൻ മന്ത്രി ഫസൽ ബീമ യോജന പദ്ധതി പൊളിച്ചെഴുതി, സംസ്ഥാനതലത്തിൽ പദ്ധതി പുനഃസംഘടിപ്പിക്കാൻ ഫണ്ട് അനുവദിക്കണം. പല സംസ്ഥാന സർക്കാരുകളും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചെങ്കിലും എൻപിഎസിൽ ജീവനക്കാർ നൽകിയ വിഹിതം തിരികെ നൽകാൻ കേന്ദ്രം തയ്യാറാകാത്തത് അപലപനീയമാണ്. എത്രയും വേഗം തുക തിരികെ നൽകണം. സമ്പന്നർക്കും കോർപ്പറേറ്റുകൾക്കും കൂടുതൽ നികുതി ചുമത്തി പെൻഷനുവേണ്ടിയുള്ള ഫണ്ട് സമാഹരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares