തിരുവനന്തപുരം: കാട്ടാക്കടയിൽ കൺസഷൻ നിഷേധിച്ചത് ചോദ്യംചെയ്ത അച്ഛനെയും മകളേയും കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐ. മലയിൻകീഴ് ഗവ.കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ മകൾക്കും മകളുടെ കൂട്ടുകാരിക്കും കൺസഷൻ കാർഡ് പുതുക്കാനായി കെഎസ്ആർടിസി ഡിപ്പോയിലെത്തിയ അച്ഛനുണ്ടായ അനുഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി ആരോപിച്ചു. അച്ഛനെ കൺസഷൻ കൗണ്ടറിനു സമീപത്തെ “ഇടിമുറി”യിലേക്കു തള്ളിക്കയറ്റി മർദ്ധിക്കുന്നത് തടഞ്ഞ മകളെയും കൂട്ടുകാരിയെയും മുറിയിലേക്ക് തളളിയിട്ട് നടത്തിയ ക്രൂരതക്ക് സസ്പെൻഷൻ എന്നതുമാത്രമാകരുത് ശിക്ഷയെന്നും മാതൃകാപരമായ നടപടികൾ ഉണ്ടായേ മതിയാകൂവെന്ന് സിപിഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് മണ്ഡലം സെക്രട്ടറി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
മർദ്ധനമേറ്റ പ്രേമനൻ ജോയിൻ്റ് കൗൺസിൽ കാട്ടാക്കട മേഖലാ പ്രസിഡൻ്റും പഞ്ചായത്തു വകുപ്പിലെ ജീവനക്കാരനുമാണ്. വിവിധ സംഘടനകൾ മർദ്ധനത്തിൽ പ്രതിഷേധിച്ച് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലേക്ക് മാർച്ച് നടത്തി.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനന്റെ മറുപടിക്ക് പിന്നാലെ വാക്കേറ്റമായി. പിന്നീട് അത് അക്രമണത്തിലേക്ക് മാറുകയായിരുന്നു.
പ്രേമനൻ കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിനോടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദ്ദേശം നല്‍കിയത്.