കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ലോകത്ത് കമ്മ്യൂണിസം അവസാനിക്കുകയാണെന്ന് പറഞ്ഞിരുന്നു. ലാറ്റിൻ അമേരിക്കയിലും മറ്റും നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ ഒന്നും അറിയാത്ത, ലോകം കാണാത്ത ഒരു സംഘ്പരിവാറുകാരന്റെ നടക്കാത്ത മനോഹര സ്വപ്നമാണ് മൈക്ക് കെട്ടി അമിത് ഷാ പ്രസംഗിച്ചത്. ആഭ്യന്തര മന്ത്രി ഈ പ്രസംഗം നടത്തുമ്പോൾ അദ്ദേഹത്തിന്റെ തട്ടകമായ ഗുജറാത്തിൽ വരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരങ്ങളെ അണി നിരത്തി വൻ സമ്മേളനങ്ങൾ നടത്തുകയായിരുന്നു. ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി, 29 സംസ്ഥാനങ്ങളിലും വേരോട്ടമുള്ള സിപിഐ, അതിന്റെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു.
പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള കേരളത്തിൽ വൻ ജന പങ്കാളിത്തമാണ് ജില്ലാ സമ്മേളനങ്ങളിൽ ഉണ്ടായത്.
പഞ്ചാബിനെയും തെലുങ്കാനെയും കർണാടകയെയും ഇളക്കി മറിച്ചാണ് സമ്മേളനങ്ങൾ അവസാനിച്ചത്. ഒരുകാലത്തു ബാലികേറാമലയായിരുന്ന നാഗാലാൻഡിൽ പാർട്ടി സംസ്ഥാന ഘടകം രൂപീകരിച്ചു.
യോഗിയുടെ രാജ്യമെന്നു സംഘ്പരിവാർ വാഴ്ത്തി നടക്കുന്ന യുപിയിൽ സിപിഐ തിരിച്ചു വരവിന്റെ പാതയിലാണ്.
രാജ്യത്തൊട്ടാകെ ചെങ്കൊടി പ്രകടനങ്ങൾ നടക്കുന്ന ഈ സമയത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും വേരോട്ടമുള്ള മണ്ണിൽവന്നു നിന്ന് പച്ചക്കള്ളം വിളിച്ചു പറയാൻ അല്ലറ ചില്ലറ തൊലിക്കട്ടി പോരാ!