ചേർത്തല: ആലപ്പുഴ ചാരമൂട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ ഗുണ്ടായിസത്തെ തുടർന്ന് അടിച്ചു തകർത്ത ഭക്ഷണ അലമാര പുനസ്ഥാപിച്ച് സിപിഐ. 180 ദിവസമായി പതിനായിരത്തിലധികം ജനങ്ങളുടെ വിശപ്പ് അകറ്റിയ ഭക്ഷണ അലമാരയാണ് കോൺഗ്രസ് പ്രവർത്തകർ തല്ലി തകർത്തത്. ചാരുമൂട്ടിൽ ഭക്ഷണ അലമാര സ്ഥാപിച്ചിട്ട് ആറുമാസത്തോളമായി. ഇതുവരെ ഒരു ദിവസവും മുടങ്ങാതെ ഭക്ഷണമെത്തിക്കാൻ പ്രദേശത്തെ സിപിഐ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.
ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് സിപിഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിനു ഖാനാണ്. ചാരുമ്മൂട്ടിലെത്തുന്ന ആർക്കും തുറന്നെടുക്കാനാവും വിധത്തിലാണ് ഈ ഭക്ഷണ അലമാര സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലത്രയും മുടങ്ങാതെ ഭക്ഷണം സൂക്ഷിച്ചിരുന്ന അലമാരയാണ് കോൺഗ്രസുകാരുടെ ഗുണ്ടായിസത്തിൽ തകർത്തെറിഞ്ഞത്.
ഒരു ദിവസം മാത്രമാണെങ്കിലും ഭക്ഷണ അലമാരയെ ആശ്രയിച്ചിരുന്നവരെ പട്ടിണിക്കിടാൻ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർക്കായി. സിപിഐ കൊടിമരം നശിപ്പിക്കാനും അക്രമം ആരംഭിക്കാനും നേതൃത്വം കൊടുത്ത കോൺഗ്രസ് പ്രവർത്തകരെ സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ സന്ദർശിച്ച് മണിക്കൂറുകൾക്കകമാണ് പ്രദേശത്ത് അക്രമണം നടക്കുന്നതും ഭക്ഷണ അലമാര തല്ലിത്തകർക്കുന്നതും. അതിന്റെ അടുത്ത ദിവസം തന്നെ നാട്ടിലുള്ളവരുടെ വിശപ്പടക്കിയിരുന്ന ഭക്ഷണ അലമാര അവിടെ തന്നെ പുനസ്ഥാപിച്ചിരിക്കുകയാണ് ചാരുമൂട്ടിലെ സിപിഐ പ്രവർത്തകർ.