ഡൽഹി: ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിനൊപ്പം ഉറച്ചു നിൽക്കുന്നതായി സിപിഐ ദേശിയ സെക്രട്ടേറിയറ്റ് പ്രസ്ഥാവനയിൽ അറിയിച്ചു. പാകിസ്ഥാൻ നടത്തുന്ന നടത്തിയ ഷെല്ലാക്രമണം നിരവധി സാധാരണക്കാരുടെ മരണത്തിന് ഇടയാക്കി. ഇവരുടെ മരണത്തിൽ സിപിഐ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ദുരിതബാധിതരുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം തീവ്രവാദത്തിനതിരെ സമവായം ഉണ്ടാക്കുന്നതിനും കൂട്ടായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നതിനുമായി ആദ്യമായി സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത് സിപിഐയാണ്. എന്നാൽ പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിലും, ഒരു ലോക്‌സഭാ എംപി മാത്രമുള്ള പാർട്ടികളെപ്പോലും ക്ഷണിച്ചിട്ടും, സിപിഐ ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ പാർട്ടികളെയും ജമ്മു-കശ്മീർ ആസ്ഥാനമായുള്ള പാർട്ടികളെയും ചില വടക്ക് കിഴക്കൻ പാർട്ടികളെയും അഞ്ച് എംപി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ഇത്തരം സമയങ്ങളിൽ രാജ്യത്തിന്റെ ഐക്യം പ്രതിഫലിപ്പിക്കുന്നതിനായി ദേശീയ സുരക്ഷാ സംവാദങ്ങളിൽ എല്ലാ കോണുകളിൽ നിന്നുമുള്ള ശബ്ദം ഉയരണം. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം നമ്മുടെ ഐക്യവും, മതേതരത്വും ജനാധിപത്യ ബോധവുമാണ്.
സിപിഐ സമാധാനത്തിനും ദേശീയ ഐക്യത്തിനും വേണ്ടി, തീവ്രവാദത്തിനും വിദ്വേഷങ്ങൾക്കുമെതിരെ യോജിച്ച പോരാട്ടത്തിന് സിപിഐ പ്രതിജ്ഞാബദ്ധമാണ്. ദേശീയതയുടെ മറവിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള വർഗീയവൽക്കരണ ശ്രമങ്ങളോട് പാർട്ടി വിയോജിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ തീവ്രവാദികളുടെ വിഭജന അജണ്ടയെ ശക്തിപ്പെടുത്തും.
ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ ജാഗ്രത പുലർത്തുകയും വേണ്ട നടപടി കൈക്കൊള്ളുകയും ചെയ്യുമെന്നാണ് സിപിഐ പ്രതിക്ഷിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കാനും സംഘർഷം ഒഴിവാക്കാൻ നയതന്ത്രമാർഗം പിന്തുടരാനും സിപിഐ ആഹ്വാനം ചെയ്യുന്നു. യുദ്ധം കഷ്ടപ്പാടുകളെ വർധിപ്പിക്കുന്നുവെന്നും അതിന് ശാശ്വത പരിഹാരം കാണാൻ ആർക്കും കഴിയില്ലെന്നും സിപിഐ വ്യക്തമാക്കി.