ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായ്സ്തയുടെ അറസ്റ്റ് അസാധുവാണെന്ന സുപ്രീം കോടതി പ്രഖ്യാപിക്കുകയും മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തത് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം വ്യക്തമാക്കി.
അറസ്റ്റിന്റെ അടിസ്ഥാനകാരണങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ഡൽഹി പോലീസ് പരാജയപ്പെട്ടുവെന്ന സുപ്രീം കോടതി നിരീക്ഷണം വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ബിജെപിയുടെ ഹീനപദ്ധതിയെ തുറന്നുകാട്ടുന്നു. പ്രബീർ പുരകായസ്തയെ യുഎപിഎ എന്ന കരിനിയമപ്രകാരം അറസ്റ്റ് ചെയ്ത് വിയോജന ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതിലൂടെ ബിജെപിയുടെ സ്വഭാവവും ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള അവരുടെ ഭയവും ഒരിക്കൽ കൂടി തുറന്നുകാട്ടപ്പെടുന്നുവെന്ന് ബിനോയ് വിശ്വം പ്രസ്താവനയിലൂടെ പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങൾ വലതുപക്ഷ ശക്തികൾക്കൊപ്പം നിൽക്കുകയും ജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കുന്ന വിമർശനാത്മകവും സ്വതന്ത്രവുമായ മാധ്യമ സംരംഭങ്ങൾ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് സുപ്രീം കോടതി വിധി മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ വളരെയധികം സഹായകമാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.