ന്യൂഡൽഹി: നോട്ട് നിരോധന വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി ആശങ്കാജനകമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. നോട്ട് നിരോധനം രാജ്യത്തുണ്ടാക്കിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ജനങ്ങൾ അനുഭവിച്ച ദുരിതവും കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ വ്യാജമായ അവകാശവാദങ്ങളും കോടതിയുടെ പരിഗണനയിൽ വന്നിട്ടില്ല.
തീരുമാനം കൈക്കൊണ്ടതിലെ നിയമപ്രശ്നത്തിൽ മാത്രം സ്പർശിക്കുന്നതാണ് കോടതിവിധി. കള്ളപ്പണം നിയന്ത്രിക്കുക, ഡിജിറ്റൽ വിനിമയം പ്രോത്സാഹിപ്പിക്കുക, ഭീകരവാദം ഇല്ലാതാക്കുക തുടങ്ങി മോദി സർക്കാരിന്റെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. നോട്ട് നിരോധന വിഷയത്തിൽ ധവളപത്രം പുറപ്പെടുവിക്കണമെന്നും ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.