തിരുവനന്തപുരം: ബിജെപിക്ക് ഒരിക്കലും ഭരണഘടനയുടെ ഭാഷ മനസ്സിലാകില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സിപിഐ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫെഡറലിസവും സംസ്ഥാന ബന്ധങ്ങളും എന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിഫോമിറ്റി എന്നാൽ യൂണിറ്റി എന്നല്ല അർത്ഥം. ബിജെപിക്ക് ഭരണഘടനയും മനുഷ്യത്വവും മനസ്സിലാകില്ല എന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയപതാകയെ കാവിക്കൊടിയാക്കാൻ ശ്രമിക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. കൺകറന്റ് ലിസ്റ്റുകൾ എല്ലാം കേന്ദ്ര ലിസ്റ്റുകളാക്കുന്നു. ഗവർണർമാരെ കൊണ്ടുവന്ന് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. ഡിഎംകെയും ഇടതുപക്ഷവും ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമല്ല നമ്മൾ സംസാരിക്കുന്നത്. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ അപകടത്തിലാണ്. ഒരു തെരഞ്ഞെടുപ്പ്, ഒരു പരീക്ഷ, ഒരു ദേശം എന്നിങ്ങനെ പോയാൽ ഒരു പാർട്ടി മാത്രമാകും. അത് പിന്നീട് ഒരാൾ എന്നാകും. അത് അപകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സ്വാതന്ത്രമായാൽ അധികകാലം മുന്നോട്ടുപോകില്ല എന്നു അന്ന വലതുപക്ഷ ചിന്തകർ കൊട്ടിഘോഷിച്ചു. എന്നാൽ വൈവിധ്യങ്ങൾ ഒരുപാടുള്ള നമ്മുടെ രാജ്യം ഇപ്പോഴും മുന്നോട്ടുപോകുന്നു. പക്ഷേ അത് തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നമുക്കിടയിൽ സംസ്ഥാന അതിർത്തികളിൽ ഉണ്ട്. എന്നാൽ, ഫെഡറലിസം ശക്തിപ്പെടുത്താൻ നമ്മൾ ഒന്നുചേരുന്നു. കേരളത്തിൽ നടക്കുന്ന പരിപാടികളിലേക്ക് എന്നെ വിളിക്കുന്നു. തമിഴ്‌നാട്ടിൽ നടക്കുന്ന ഏതൊരു പരിപാടിയെയും പോലെയാണ് താൻ കേരളത്തിലും വരുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
എന്റെ പേരിനോട് നിങ്ങൾക്കുള്ള ഇഷ്ടം ഇവിടെയും എനിക്ക് കാണാം. മറ്റൊരു പാർട്ടിയുടെ പരിപാടിയായി അല്ല സിപിഐയുടെ സമ്മേളനത്തെ കാണുന്നത്. സ്വന്തം പാർട്ടിയുടെ പരിപാടിയായി ആണ് കാണുന്നത്. കമ്മ്യൂണിസ്റ്റ്-ദ്രാവിഡ മുന്നേറ്റങ്ങളുടെ ഒരുമ, രണ്ടു പ്രസ്ഥാനങ്ങളുടേയും തുടക്കം മുതലുള്ളതാണ്. പെരിയാർ സോവിയറ്റ് യൂണിയനിൽ പോയതിന് ശേഷമാണ് ആശയ പ്രചാരണം ആരംഭിച്ചത്.
ദ്രാവിഡ മുന്നേറ്റം ഇല്ലെങ്കിൽ ഞാൻ കമ്മ്യൂണിസ്റ്റുകാരനായി ഇരുന്നേനെയെന്ന് കരുണാനിധി പറഞ്ഞിട്ടുണ്ട്. അദ്ദേഹം എനിക്ക് സ്റ്റാലിൻ എന്നു പേരുവച്ചു. ഡിഎംകെയുടെ കൊടിയിൽ പകുതി ചുവപ്പുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഉയരുന്ന ഈ ഒരുമയ്ക്ക് വേണ്ടിയുള്ള ശബ്ദം രാജ്യം മൊത്തം വ്യാപിക്കും. അതിന് വേണ്ടിയുളള അടിത്തറ സിപിഐ ഊട്ടിയുറപ്പിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. മലയാളത്തിലായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പകുതി പ്രസംഗവും.